Monday , December   10, 2018
Monday , December   10, 2018

പനി പിടിച്ചപ്പോൾ കമ്പി കയറ്റി; കപ്പലിൽ ജിദ്ദയണഞ്ഞവർക്ക് കടലോളം അനുഭവങ്ങൾ 

ജിദ്ദ- നാലു പതിറ്റാണ്ടിന്റെ ജിദ്ദ പ്രവാസത്തിനിടെ മനസ്സിൽനിന്ന് മായാത്ത ഒരൊറ്റ അനുഭവം പറയാമോ?
1977 ൽ കപ്പൽ മാർഗം ജിദ്ദയിലെത്തിയ കണ്ണൂർ പഴയങ്ങാടി സ്വദേശി കുഞ്ഞിക്കോയ തങ്ങളോട് ഫോക്കസ് ജിദ്ദ ഒരുക്കിയ ചടങ്ങിൽ മോഡറേറ്റർ ബഷീർ വള്ളിക്കുന്ന് തൊടുത്ത ചോദ്യം:
- കപ്പലിറങ്ങി നാലാം നാൾ കടുത്ത പനി പിടിച്ചു. പരിചയക്കാർ ആരുമില്ല. ബാബ്‌ഷെരീഫിലെ ചെറിയൊരു ക്ലിനിക്കിൽ ചെന്നു. അവർ എന്നെ ബെഞ്ചിൽ മലർത്തിക്കിടത്തി. ഒരു വലിയ പാത്രം നിറയെ തണുത്ത വെള്ളം ദേഹത്ത് കോരിയൊഴിച്ചു. ചുട്ട് പൊള്ളുന്ന എന്റെ ദേഹം വിറച്ചു. മൂത്രം പരിശോധനക്ക് കൊടുത്തു. പിന്നെ ഒരു നീളൻ കമ്പിയെടുത്ത് കാലുകൾ അകത്തി രണ്ടുപേർ മുറുകെപ്പിടിച്ച് ഒരാൾ എന്റെ മലദ്വാരത്തിലേക്ക് കമ്പി ശക്തിയോടെ കടത്തി.. അരിച്ചാക്ക് തുരന്നെടുക്കുന്നത് പോലെ. 
വേദനകൊണ്ട് പുളഞ്ഞ് അവിടെ നിന്ന് ഞാൻ എഴുന്നേറ്റോടി.. പിന്നെ അന്നത്തെ ഇന്ത്യൻ അംബാസഡർ വളപട്ടണത്തുകാരൻ ടി.ടി.പി അബ്ദുല്ലയുടെ ഒരു ബന്ധുവിന്റെ സഹായത്തോടെ വേറെയൊരാശുപത്രിയിൽ പോയി ചികിൽസിച്ചു..
കുഞ്ഞിക്കോയയെപ്പോലെ മറ്റ് 19 പേരും അവരുടെ നാൽപത് വർഷത്തെ പ്രവാസാനുഭവങ്ങളുടെ കയ്പും മധുരവും പങ്ക് വെച്ചു. 36 വർഷം സൗദി എയർലൈൻസിൽ സേവനമനുഷ്ഠിച്ചാണ് തങ്ങൾ റിട്ടയർ ചെയ്തത്. 
പ്രവാസ ജീവിതത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടവരെ  ആദരിക്കുന്നതിനായി  ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച 'പ്രവാസം@40', ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 1976 ൽ ഇവിടെയെത്തി നിരവധി പ്രതിസന്ധികളോട് പോരാടി ഉയരങ്ങളിലെത്തിയ ആവേശകരമായ കഥയാണ് മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശിയായ മുഹമ്മദലിക്ക് പറയാനുള്ളത്.
ഏത് പ്രതിസന്ധിയിലും ക്ഷമ കൈവെടിയാതെ കഠിനാധ്വാനം ചെയ്യുകയും ഇവിടത്തെ നിയമങ്ങൾക്ക്   അനുസൃതമായി സ്വന്തം നിക്ഷേപങ്ങൾ  പരിവർത്തിക്കപ്പെടുകയും ചെയ്താൽ പുതിയ തലമുറക്ക് പ്രതീക്ഷയോടെ മുന്നേറാം എന്നും ആത്മവിശ്വാസമാണ് തന്റെ കൈമുതലെന്ന് കരുതുന്ന അദ്ദേഹം പറഞ്ഞു. 
ജിദ്ദയിലെ ആദ്യകാല സാംസ്‌കാരിക പ്രവർത്തനങ്ങളുടേയും കൂട്ടായ്മകളുടേയും അനുഭവങ്ങളാണ് മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഖാലിദ് (സ്‌കൈവേ കാർഗോ) അയവിറക്കിയത്. 1977 ൽ പശ്ചിമബംഗാൾ ക്വാട്ടയിൽ ബംഗാളി ഹാജിയായി ഇവിടെയെത്തിയ ചരിത്രമാണ് ഖാലിദിനുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ താരമായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. ഹൈദർ 17 വർഷം അത്താർ ട്രാവൽസിലും 23 വർഷം കുവൈത്ത് എയർവെയ്‌സിലുമായി ജിദ്ദ എയർപോർട്ടിൽ ജോലി ചെയ്ത് വരുന്നു. സ്വയം പിരിയണമെന്നാവശ്യപ്പെട്ടിട്ടും കുവൈത്ത് എയർവേയ്‌സ് ഹൈദറിന്റെ സേവനം നീട്ടിക്കൊടുക്കുകയാണ്. മക്കയിലെ കഠിനമായ ജോലിയുടെ പഴയ കഥകളാണ് അഹമ്മദ് കുട്ടി വാഴക്കാട് ഓർത്തെടുത്തത്. മലയാളം ന്യൂസിൽ സ്ഥിരമായി കത്തെഴുതാറുള്ള ടി.കെ. മൊയ്തീൻ മുത്തനൂരിനും അനുഭവങ്ങളുടെ കലവറ തന്നെയുണ്ട്, ജിദ്ദ, യാമ്പു ജീവിതത്തിൽ.   
ഷറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് നാൽപ്പത് വർഷം പിന്നിട്ട ഇരുപത് പ്രവാസികളെ ഫോക്കസ് ജിദ്ദ ആദരിച്ചത്. ഇവരെക്കൂടാതെ, എം.ഇ.എസ് സാരഥിയും ഫുട്‌ബോൾ കളിക്കാരനുമായ അബ്ദുൽ അക്ബർ കരുമാര വണ്ടൂർ, എഞ്ചിനീയർ അബ്ദുൽ അസീസ് തൃശൂർ, 
പി. അബ്ദുൽ മജീദ് മഞ്ചേരി, അബ്ദുൽ നാസർ തിരുവണ്ണൂർ, ഐ.എം.സി.സി നേതാവ് കൂടിയായ കെ.പി. അബൂബക്കർ തിരൂരങ്ങാടി, പ്രമുഖ വ്യവസായി സീക്കോ ഹംസ അഞ്ചച്ചവിടി, നാൽപത് വർഷം തുടർച്ചയായി അൽബൈക്ക് ബ്രോസ്റ്റ് കമ്പനിയുടെ അമരത്തുള്ള മലപ്പുറം നെടിയിരുപ്പ് സ്വദേശി മുഹമ്മദ് ഹനീഫ,  മുഹമ്മദ് യൂസഫ് വലിയോറ, എയർപോർട്ടിൽ ഉദ്യോഗസ്ഥനായ കെ.പി. ഹംസ പെരിന്തൽമണ്ണ, ബിൻലാദിൻ കമ്പനിയിലെ ആദ്യകാല മലയാളി മൊയ്തീൻ കുട്ടി മഠത്തിൽ എടപ്പാൾ, മൂസ ഹാജി കോട്ടക്കൽ,  ഒ.ഐ.സി.സി നേതാവ് കൂടിയായ ഷറഫുദ്ദീൻ കായംകുളം,  ശ്രുതസേനൻ കളരിക്കൽ തൃശൂർ,
ടി.പി അബ്ദുൽ കബീർ മോങ്ങം തുടങ്ങിയവരാണ് ആദരം ഏറ്റുവാങ്ങിയത്. 
സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരായ മുസാഫിർ,  ജലീൽ കണ്ണമംഗലം, അബ്ദുറഹ്മാൻ വണ്ടൂർ, സലാഹ് കാരാടൻ, സീക്കോ ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു. ടോക്ക് ഷോയിൽ  പ്രിൻസാദ് പാറായി, ബാസിൽ അബ്ദുൽ ഗനി, ഷഫീഖ് പട്ടാമ്പി,  ഷമീം വെള്ളാടത്ത്, സഫ്‌വാൻ, അഷ്‌റഫ് (ജെ.എൻ.എച്ച്) തുടങ്ങിയവർ പങ്കെടുത്തു.
മുഹമ്മദലി ചുണ്ടക്കാടൻ, അബ്ദൽ ഗഫൂർ വളപ്പൻ, മൊയ്തു വെള്ളിയഞ്ചേരി, ബഷീർ (ഷിഫ ജിദ്ദ),  ഷക്കീൽ ബാബു, ഡോ. ഇസ്മയിൽ മരിതേരി തുടങ്ങിയവർ ഉപഹാരം വിതരണം ചെയ്തു. ഷറഫുദ്ദീൻ മേപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഷാദ് അലി സ്വാഗതവും റഊഫ്  വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Latest News