Saturday , December   15, 2018
Saturday , December   15, 2018

പരിസ്ഥിതി മലിനീകരണം: നിയമ ലംഘകർക്ക് പിഴ

ദമാം- കടലോരത്ത് പച്ചപ്പുല്ല് നട്ടുവളർത്തിയ പ്രദേശങ്ങളിൽ പരിസ്ഥിതി മലിനീകരണം നടത്തിയ സന്ദർശകർക്ക് പിഴ ചുമത്തിയതായി അശ്ശർഖിയ നഗരസഭ അറിയിച്ചു. ആകെ 38,000 റിയാലാണ് പിഴ ചുമത്തിയത്. ഭക്ഷണം പാകം ചെയ്യുന്നതിന് തീ കത്തിക്കുകയും ഹുക്ക ഉപയോഗിക്കുകയും മാലിന്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തവരാണ് കുടുങ്ങിയത്.  
കേസ് രജിസ്റ്റർ ചെയ്ത് രണ്ടു ദിവസത്തിനകം നിയമ ലംഘകർ നഗരസഭയെ സമീപിച്ച് പിഴകൾ ഒടുക്കണമെന്നാണ് വ്യവസ്ഥ. അല്ലാത്തവർക്ക് സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ വിലക്കുമെന്ന് അശ്ശർഖിയ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ സ്വാലിഹ് അൽമുൽഹിം പറഞ്ഞു. നഗരസഭാ സംഘങ്ങൾ കടലോരത്ത് നടത്തിയ ഫീൽഡ് പരിശോധനകളിൽ 24 ഹുക്കകളും ആറു സിലിണ്ടറുകളും 80 കളിക്കോപ്പുകളും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. 
ജിദ്ദ കോർണിഷിൽ പരിസ്ഥിതി നിയമ ലംഘനങ്ങൾ തടയുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും നീക്കമുണ്ട്. ഉത്തര കോർണിഷ് വികസന പദ്ധതി നാലും അഞ്ചും ഘട്ടങ്ങളുടെ പരിധിയിൽ കാവൽ ഏർപ്പെടുത്തുന്നതിന് സെക്യൂരിറ്റി കമ്പനികളിൽനിന്ന് നഗരസഭ ടെണ്ടറുകൾ ക്ഷണിച്ചു. മൂന്നാഴ്ചക്കകം ടെണ്ടറുകൾ തുറന്ന് ഏറ്റവും മികച്ച ടെണ്ടർ സമർപ്പിച്ച കമ്പനിക്ക് കരാർ നൽകും. ഒരു മാസം മുമ്പാണ് മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ കോർണിഷ് വികസന (ജിദ്ദ വാട്ടർഫ്രന്റ്) പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട 170 ലേറെ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 

Tags

Latest News