Thursday , October   18, 2018
Thursday , October   18, 2018

കൃത്രിമ ഹൃദയവും ശ്വാസകോശവും  വിജയകരമായി പരീക്ഷിച്ചു

റിയാദ് - കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടുപേർക്ക് കൃത്രിമ ഹൃദയവും ശ്വാസ കോശവും വിജയകരമായി ഘടിപ്പിച്ചു വിജയിച്ചതായി ദമാം ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സൗദ് അൽബാബതൈൻ മെഡിക്കൽ സെന്റർ അറിയിച്ചു. അഞ്ചുമാസം ഗർഭിണിയായ സൗദി വനിതക്കും സിസേറിയന് വിധേയയായ മറ്റൊരു വനിതക്കുമാണ് ഹൃദയവും ശ്വാസകോശവും വെച്ചുപിടിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
40  വയസ്സുള്ള, അഞ്ചു മാസം ഗർഭിണിയായ വനിതയെ മിലീജ ആശുപത്രിയിൽ നിന്ന് ശ്വാസ തടസ്സം നേരിട്ട് ഗുരുതരാവസ്ഥയിൽ എത്തിച്ചതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൃത്രിമ ഹൃദയം വെച്ചുപിടിച്ചാൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഉപകരണം ഘടിപ്പിച്ചു. ശേഷം ഗർഭസ്ഥ കുട്ടിയുടെ ആരോഗ്യാവസ്ഥ ഡോക്ടർമാർ നിരീക്ഷിച്ചു. ശ്വാസ കോശം സാധാരണ നില പ്രാപിച്ചപ്പോൾ ഉപകരണം അഴിച്ചുമാറ്റി. യുവതിയിപ്പോൾ പൂർണ ആരോഗ്യവതിയാണ്.
ദമാമിലെ കുട്ടികളുടെ ആശുപത്രിയിൽ സിസേറിയന് വിധേയയായ 30 വയസ്സുളള മറ്റൊരു യുവതിക്കാണ് ഹൃദയം വെച്ചുപിടിപ്പിച്ചത്. സിസേറിയന് വിധേയയായ ശേഷം രക്ത സമ്മർദ്ദം താഴുകയും ഹൃദയ പേശികളുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്തു. തുടർന്ന് അവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നൽകി.
പിന്നീട് ഡോക്ടർമാർ അൽബാബതൈൻ ആശുപത്രിയുമായി ബന്ധപ്പെടുകയും രോഗിയെ പെട്ടെന്ന് അവിടെ എത്തിക്കുകയുമായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് അവർക്ക് കൃത്രിമ ഹൃദയം ഘടിപ്പിച്ചു. ആറു ദിവസത്തിന് ശേഷം രോഗിയുടെ ഹൃദയം 60 ശതമാനത്തോളം പ്രവർത്തനക്ഷമമായി. വീണ്ടും നിരീക്ഷണത്തിന് ശേഷം ഘട്ടം ഘട്ടമായി ഉപകരണം ഒഴിവാക്കുകയായിരുന്നു. 
 

Latest News