Thursday , April   25, 2019
Thursday , April   25, 2019

സൗദി അനുമതിയായി; ഇന്ത്യന്‍ ഹാജിമാര്‍ക്കായി കപ്പല്‍ സര്‍വീസ് വീണ്ടും

ജിദ്ദ - ഇന്ത്യയില്‍നിന്നുള്ള ഹജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സൗദിയുടെ അനുമതിയായി. ഇതോടെ മുംബൈ-ജിദ്ദ ഹജ് കപ്പല്‍ സര്‍വീസിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി.
ഹാജിമാരുടെ കപ്പല്‍ യാത്ര പുതിയ ഹജ് നയത്തില്‍ ഉള്‍പ്പെടുത്തിടിയിട്ടുണ്ട്. വിമാന കമ്പനികള്‍ക്ക് നല്‍കിവരുന്ന വന്‍ സബ്‌സിഡി ഒഴിവാക്കാന്‍ കപ്പല്‍ യാത്ര പുനരാരംഭിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 20 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കപ്പല്‍ യാത്രയിലേക്ക് മടങ്ങുന്നത്.
2022 ഓടെ ഹജ് സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹജ് തീര്‍ഥാടകരുടെ യാത്രാ ചെലവ് കുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു തുടങ്ങിയത്. ഇതില്‍ സുപ്രധാനമായിരുന്നു സമുദ്ര യാത്ര.
കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് ഏതാനും മാസങ്ങളായി സൗദി അധികൃതരുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയായിരുന്നു. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് ഹജ് മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്്‌വി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ് കരാര്‍ ഒപ്പുവച്ച ശേഷം ജിദ്ദ കോണ്‍സുലേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

http://malayalamnewsdaily.com/sites/default/files/filefield_paths/p1_hajj.jpg
ഇന്ത്യയുടെ ഹജ് ക്വാട്ട ഉയര്‍ത്തണമെന്ന് സൗദി ഹജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബെന്‍തനുമായി നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഹജ് മന്ത്രി ഉറപ്പുനല്‍കി. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ് ക്വാട്ടയില്‍ മാറ്റമില്ല. 1,70,025 പേരാണ് ഇന്ത്യയില്‍നിന്ന് ഹജിനെത്തുക. ഇതില്‍ 1,25,025 പേര്‍ കേന്ദ്ര ഹജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനെയും പുണ്യഭൂമിയിലെത്തും. ഹജുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/filefield_paths/hajj_1.jpg
കരിപ്പൂരില്‍നിന്ന് ഈ വര്‍ഷവും ഹജ് വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും കരിപ്പൂരുമായി തനിക്ക് വൈകാരിക ബന്ധമാണുള്ളതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്.

http://malayalamnewsdaily.com/sites/default/files/filefield_paths/hajj_2.jpg
ഹാജിമാര്‍ക്ക്് ഇന്ത്യയിലെ ഹജ് എംബാര്‍ക്കേഷനുകളില്‍ നിന്ന് താല്‍പര്യമുള്ളവ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അതത് സംസ്ഥാനങ്ങളില്‍നിന്നു തന്നെ യാത്ര പുറപ്പെടേണ്ടതില്ല. ചിലവ് കുറഞ്ഞ വിമാനത്താവളങ്ങള്‍ തെരഞ്ഞെടുക്കാം. ഈ വര്‍ഷത്തെ ഹജിന് 3,60,000 അപേക്ഷയാണ് ലഭിച്ചത്. നടപടിക്രമങ്ങളെല്ലാം ഇത്തവണ നൂറ് ശതമാനം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

http://malayalamnewsdaily.com/sites/default/files/filefield_paths/hajj.jpg
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ലമെന്റ് അംഗവും കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാനുമായ ചൗധരി മെഹബൂബ് അലി കൗസര്‍, ഹജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹ്മദ് ഖാന്‍, അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ന്യൂനപക്ഷ ക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജാന്‍ഇ ആലം, ഹജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം, മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍ ഗൗതം, ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലെ ഹജ് വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി നിജാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.