കോഴിക്കോട്- അറുനൂറ്റി ഇരുപത് വർഷങ്ങൾക്കു മുമ്പ് കോഴിക്കോട്ട് വരികയും ഇവിടെ മരണപ്പെടുകയും ചെയ്ത പൂർവ പിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികൾ നഗരത്തിൽ. ചൈനയിൽ നിന്നുള്ള മാമിൻയോങ് ഇസ്മായിലാണ് കോഴിക്കോട് നഗരത്തിലെ ചീനേടത്ത് മഖാമിൽ അടക്കം ചെയ്ത ചൈനീസ് സൂഫിയുടെ ചരിത്രം തേടിയെത്തിയത്. മർകസ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയതാണിദ്ദേഹം.
എ.ഡി 1433ൽ ഇവിടെ ഖബറടക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ സൂഫി ആരാണ് എന്ന് ചരിത്ര രേഖകളിൽ കൃത്യമായ വിവരങ്ങളില്ല. എന്നാൽ മിങ് രാജവംശത്തിന്റെ സമകാലികനായ സെൻഹേ ആണ് ഇതെന്ന് ഇവർ പറയുന്നു. ഹാജി മഹ്്മൂദ് ശംസുദ്ദീൻ എന്നാണ് സെൻഹേ എന്നറിയപ്പെടുന്ന ഇവരുടെ പേര്. നയതന്ത്രജ്ഞനും കടൽ സഞ്ചാരിയുമായിരുന്ന സെൻഹേ 1433ൽ യാത്രാമധ്യേ അറബിക്കടലിൽ വെച്ച് മരിക്കുകയും കോഴിക്കോട്ട് മറവു ചെയ്യുകയും ചെയ്തുവെന്നാണ് ഇവർ പറയുന്നത്.
1371ൽ ചൈനയിലെ യൂനാൻ പ്രവിശ്യയിൽ ജനിച്ച മാഹേ ആണ് പിൽക്കാലത്ത് സെൻഹേ(ചെൻഹേ) എന്നറിയപ്പെട്ടത്. പൂർവ മിങ് രാജവംശത്തിലെ യൂങ്‌ലി ചക്രവർത്തിയാണ് സെൻഹേ എന്ന സ്ഥാനപ്പേര് നൽകിയത്. മാഹേക്ക് പത്ത് വയസ്സുള്ളപ്പോൾ മിങ് സൈനികർ തടവിൽ പിടിക്കുകയും യാൻസൂദി രാജകുമാരന്റെ സേവകനായി നിയമിക്കുകയും ചെയ്തു എന്നാണ് ചരിത്രം. വളരെ വേഗത്തിൽ തന്നെ അവർക്കിടയിൽ നല്ല സൗഹൃദം സ്ഥാപിതമായി. യാൻസൂദി പിന്നീട് മിങ് രാജവംശത്തിന്റെ യൂങ്‌ലി ചക്രവർത്തിയായി. യൂങ്‌ലിയുടെ കൂടെ മംഗോളിയക്കാർക്കെതിരെ പട നയിച്ച മാഹേ ചക്രവർത്തിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി. യൂനാൻ പ്രവിശ്യ വടക്കൻ യുവാൻ രാജവംശത്തിന്റെ ഭാഗമായിരുന്ന മംഗോളിയക്കാരിൽ നിന്നു മോചിപ്പിക്കാൻ സാധിച്ചത് മാഹേയുടെ സാന്നിധ്യം കാരണമാണെന്ന് ചക്രവർത്തി വിശ്വസിച്ചു.
നാവികനും പടത്തലവനും ആയിരുന്ന ഇദ്ദേഹത്തിന് കപ്പൽ സാങ്കേതിക വിദ്യയിൽ ഉണ്ടായിരുന്ന മികവ് മിങ് രാജവംശത്തിന് വലിയ മുതൽക്കൂട്ടായി. സൈനികാവശ്യങ്ങളേക്കാൾ കൂടുതൽ വ്യാപാരനയതന്ത്രത്തിനാണ് ഉപയോഗിച്ചത്. 1403 ലാണ് സെൻഹേയുടെ ആദ്യ സഞ്ചാരം. ജാപ്പനീസ് ദ്വീപുകൾ ചുറ്റി ആ യാത്രയിൽ തന്നെ സെൻഹേ കേരളത്തിലെത്തിയിട്ടുണ്ട്. ബുഖാറയിൽ നിന്ന് യൂനാൻ പ്രവിശ്യയിലെത്തിയ സയ്യിദ് ശംസുദ്ദീൻ അൽ ബുഖാരിയുടെ രണ്ടാം തലമുറയിലാണ് സെൻഹേയുടെ ജനനം. പ്രവാചക കുടുംബ പരമ്പര പ്രകാരം മുപ്പത്തിയൊന്നാമത്തെ പുത്രനാണ് സെൻഹേ. മരണശേഷം കോഴിക്കോട് ഖബറടക്കപ്പെട്ടെങ്കിലും വസ്ത്രങ്ങളും മറ്റും ചൈനയിലെത്തിക്കുകയും അവിടെ ഒരു സ്മാരകം പണി കഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം ഇസ്‌ലാമിക വാസ്തുവിദ്യാ രീതി പ്രകാരം പുതുക്കിപ്പണിതു. ആ സ്മാരകം സെൻഹേയുടെ ഖബറിടമായി അറിയപ്പെട്ടുവെങ്കിലും കുടുംബ രേഖകൾ പറയുന്നത് സെൻഹേ കോഴിക്കോട് അന്ത്യവിശ്രമം കൊള്ളുന്നു എന്നാണ്. ചീലിക്കോ എന്ന് രേഖകളിൽ കാണുന്ന നാട് കേരളമാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. മാമിൻ യോങിനൊപ്പം മലേഷ്യ അന്താരാഷ്ട്ര ഇസ്‌ലാമിക സർവകലാശാലയിൽ ഗവേഷക വിദ്യാർഥികളായ ലിയൂ ചുവാങ് യൂസുഫ്, ഹൗവെൻ ഹൂയ് ബദറുദ്ദീൻ എന്നിവരും അതിഥികളായി എത്തിയിട്ടുണ്ട്. ഈ ചരിത്രം കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്ന് ലിയൂ ചുവാങ് ആവശ്യപ്പെടുന്നു. കേരളവും ചൈനയും തമ്മിലുണ്ടായിരുന്ന വ്യാപാര നയതന്ത്ര ബന്ധങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാകും ഇതെന്ന് ഹൗവെൻ ഹൂയ് പ്രത്യാശിക്കുന്നു. സെൻഹേയുടെ പേര് അറബി, ചൈനീസ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി രേഖപ്പെടുത്തിയ ഫലകം മഖാമിൽ സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.