Wednesday , March   27, 2019
Wednesday , March   27, 2019

നാല് പതിറ്റാണ്ട് പ്രവാസം; ഓര്‍മകളുടെ ഇരമ്പവുമായി ഇസ്ഹാഖ് മടങ്ങുന്നു

ജിദ്ദ -  41 വര്‍ഷം മുമ്പ് അക്കാലത്തെ മലപ്പുറത്തെ പല ചെറുപ്പക്കാരെയും പോലെ അടിസ്ഥാന വിദ്യാഭ്യാസവുമായി ബോംബെയിലേക്ക്. രണ്ടു വര്‍ഷത്തിനു ശേഷം ഹജ് കപ്പലില്‍ ബോംബെയില്‍നിന്ന് ജിദ്ദയിലേക്ക്. ഹജ് യാത്രക്ക് ഉപയോഗിച്ചിരുന്ന യാത്രാ കപ്പല്‍ എം.വി അക്ബറില്‍ 15 ദിവസത്തെ കടല്‍വാസത്തിനും യാത്രക്കും ശേഷം ജിദ്ദയില്‍.
39 വര്‍ഷത്തെ ധന്യമായ പ്രവാസത്തിലൂടെ ജീവിത സൗഭാഗ്യങ്ങള്‍ കരഗതമാക്കി മതപ്രബോധന-ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇസ്ഹാഖ് എന്ന പെരിന്തല്‍മണ്ണ തേലക്കാട് സ്വദേശിയായ നാട്ടുകാരുടെ സ്വന്തം 'ചേക്കു ഹാജി' മടങ്ങുന്നു.
കൗമാരത്തില്‍ നാടുവിട്ട തനിക്ക് രണ്ടാം വീടൊരുക്കിയ സൗദി അറേബ്യയോടും അതിന്റെ എക്കാലത്തെയും ഭരണകര്‍ത്താക്കളോടുമുള്ള കൃതജ്ഞത മനസില്‍ സൂക്ഷിച്ചാണ് ജീവിത സായാഹ്നത്തില്‍ ഇസ്ഹാഖ് തിരിച്ചുപറക്കുന്നത്. അത്യാവശ്യം ജീവിക്കാന്‍ മാര്‍ഗമുള്ള കുടുംബത്തില്‍ നിന്നുള്ള യുവാക്കള്‍ നാടുവിടുക എന്നത് വലിയ അപരാധം പോലെ കണ്ടിരുന്ന കാലത്താണ് കൂട്ടുകാരോടൊപ്പം ബോംബെയിലേക്ക് വണ്ടികയറിയതെന്ന് ഇസ്ഹാഖ് പറയുന്നു. നാട്ടുപ്രമാണിയായിരുന്ന താമരത്ത് കുഞ്ഞാലന്‍ ഹാജിയുടെ മകന് ജീവിക്കാന്‍ നാടുവിടേണ്ടതില്ലായിരുന്നു. ജീവിതം മുഴുവന്‍ ഈ ഗ്രാമത്തില്‍ കഴിച്ചുകൂട്ടുക എന്നതിനപ്പുറം പലതും ചെയ്യാനും നേടാനുമുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു ഈ പലായനം.
രണ്ടു വര്‍ഷത്തെ മുംബൈ ജീവിതം ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ പ്രാപ്തനാക്കി. ഹജിനു പോയാല്‍ ജിദ്ദയിലും പരിസരത്തും ജോലി കിട്ടുമെന്ന വാര്‍ത്ത ഇസ്ഹാഖിന്റെ ചെവിയിലുമെത്തി. ഹജിനു പണംകെട്ടി. അക്കാലത്ത് ഹജിനു പോകാന്‍ ഇപ്പോഴത്തെ അത്ര കടമ്പകളില്ലായിരുന്നു. ആ വര്‍ഷത്തെ എം വി അക്ബറില്‍ കയറി. കപ്പല്‍ യാത്രാനുഭവങ്ങള്‍ ഇന്നും മനസ്സില്‍ പായല്‍ പിടിക്കാതെ കിടപ്പുണ്ട്. ഹജ് കഴിഞ്ഞ ഉടന്‍ എല്ലാവരെയും പോലെ ഇസ്ഹാഖും ഒരു ചെറിയ ജോലി നേടി. ചിയോഡ എന്ന് പേരുള്ള അന്നത്തെ മോശമല്ലാത്ത പേരുള്ള ഒരു കമ്പനി. നിരവധി ജോലിക്കാര്‍. ഇന്നത്തെ ജിദ്ദയിലെ വമ്പന്‍മാരും വ്യാപാര രംഗത്തെ അതികായന്മാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഇസ്ഹാഖ് ഓര്‍ക്കുന്നു.
പഴയ മക്കാറോഡിലെ കിലോ ഖംസ എന്ന അന്നത്തെ 'ഷറഫിയ്യ'യിലായിരുന്നു താമസം. കമ്പനിയുടെ വലിയ ബസ്സില്‍ യാത്ര. കുറെയേറെ ആളുകളും സംഘങ്ങളുമായുള്ള നിരന്തര ബന്ധം ഇസ്ഹാഖിനെ നല്ല പൊതുപ്രവര്‍ത്തകനാക്കി. 1980 ല്‍ ലോകത്തെ വലിയ ഓയില്‍ വിപണന കമ്പനികളിലൊന്നായ ഗള്‍ഫ് ഓയില്‍ കമ്പനിയില്‍ ജോലി ലഭിച്ചു. സൗദിയിലെ ഗള്‍ഫ് ഓയിലിന്റെ വിപണനക്കാര്‍ ജര്‍മ്മനിയിലെ ഫൂക്‌സ് കമ്പനി ഏറ്റെടുക്കുകയും ഫൂക്‌സ് കമ്പനിയുടെ ഉടമകളില്‍ പല തവണയായി മാറ്റങ്ങളുണ്ടാവുകയും ചെയ്‌തെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന ഇസ്ഹാഖ് അവിടെ തുടര്‍ന്നു.
പലവിധ പ്രാദേശിക സംഘടനകളിലും പ്രവര്‍ത്തിച്ചുവന്ന ഇസ്ഹാഖ് ഷറഫിയ്യ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് അംഗമായി വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഐആര്‍എഫ്, ഇസ്പാഫ്, എംഎസ്എസ് തുടങ്ങിയ സംഘടനകളിലും ഇസ്ഹാഖിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സഹജീവികളെ സഹായിക്കാനുള്ള ഒരു മനസ്സും ഏറ്റെടുത്ത കാര്യങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ക്കാനുള്ള വ്യഗ്രതയുമാണ് ഇസ്ഹാഖിന്റെ കൈമുതല്‍. ഏതു മനഃപ്രയാസം നേരിടുന്നവര്‍ക്കും പൊതുപ്രവര്‍ത്തനം നല്ല ഒരു മരുന്നാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലും ആരോഗ്യമുള്ള കാലത്തോളം പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കാനാണ് ആഗ്രഹം.
ജിദ്ദയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ ഇഎഫ്എസ് ലോജിസ്റ്റിക്‌സിന്റെ എംഡി നജീബ് കളപ്പാടന്റെ സഹോദരി റസിയ കളപ്പാടന്‍ ആണ് ഇസ്ഹാഖിന്റെ സഹധര്‍മിണി. അമേരിക്കയില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍ ഷിബിന്‍, പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ എംഡി ചെയ്യുന്ന ഡോ. ഷിറിന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ ഷര്‍മിന്‍, സ്‌കൂള്‍ വിദ്യാര്‍ഥികളായ ഷാദിയ, ഷസ എന്നിവര്‍ മക്കളാണ്. ജിദ്ദയില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍ സിയാദ് എം.പി, ദല്‍ഹിയില്‍ ജോലി ചെയ്യുന്ന ഡോ. അര്‍ഷദ് എരഞ്ഞിക്കല്‍, അമേരിക്കയിലുള്ള ഡോ. മാജിദ  എന്നിവര്‍ മരുമക്കള്‍.