കൊല്‍ക്കത്ത- ഹിന്ദുത്വ പ്രചാരണത്തിലൂടെ ബംഗാളില്‍ സ്വാധീനം നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി തന്ത്രം മാറ്റുന്നതായി സൂചന. ന്യൂനപക്ഷ അനുകൂലിയാണെന്ന മുദ്ര നല്‍കിയാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും മമതക്കെതിരെ പ്രചാരണം നടത്തുന്നത്.
സഹിഷ്ണുതയുള്ള ഹിന്ദുവാണ് താനെന്ന് വ്യക്തമാക്കി ഇതിനെ മറികടക്കാനാണ് അവരുടെ ശ്രമം.
ബംഗാളിലെ കപില്‍മുനി ആശ്രമം സന്ദര്‍ശിച്ച മമത അവിടെ ഒരു മണിക്കൂറോളം ചെലവിട്ടു. മകര സംക്രാന്തിയോട് അനുബന്ധിച്ച് ജനുവരി 14 ന് ലക്ഷക്കണക്കിന് പേരാണ് ഗംഗാ നദിയില്‍ മുങ്ങി മോക്ഷപ്രാപ്തി നേടാന്‍ ഇവിടെ എത്തുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് മമത എത്തിയത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരിക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിട്ട അവര്‍ താന്‍ വീണ്ടും വരുമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്.
ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നവെന്ന വിശേഷണം നിലനിറുത്തുന്നതോടൊപ്പം താന്‍ ഹിന്ദുക്കളേയും പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ സന്ദര്‍ശനത്തിലൂടെ മമത ലക്ഷ്യമിട്ടത്.
സമീപകാലത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വോട്ട് കൂടിയതാണ് മാറിച്ചിന്തിക്കാന്‍ മമതയെ പ്രേരിപ്പിച്ചത്. ബി.ജെ.പിക്ക് സംഘടനാ പ്രവര്‍ത്തനം പോലുമില്ലാത്ത സബാംഗ്, ദക്ഷിണ കാന്തി എന്നിവിടങ്ങളില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റമാണ് മമതയെ മൃദുഹിന്ദുത്വം കൂടി ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നത്.
സംബാംഗ് നിയമസഭാ മണ്ഡലത്തില്‍ 2016ല്‍ 5610 വോട്ട് കിട്ടിയ ബി.ജെ.പിക്ക് ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ 37,746 വോട്ടാണ് കിട്ടിയത്. തൃണമൂലിന് 1.06 ലക്ഷം വോട്ടുകളും ലഭിച്ചു.
ബ്രാഹ്മണരുടേയും ഉയര്‍ന്ന ഹിന്ദുക്കളുടേയും കുത്തകയെ മറികടന്ന് ഒ.ബി.സി, പട്ടികജാതി - പട്ടിക വര്‍ഗക്കാരേയും ഹിന്ദു ക്യാമ്പില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോഡിക്ക് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലും തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ നവീകരണത്തിനായി മമത ബോര്‍ഡ് രൂപീകരിച്ചിരിക്കയാണ്.താരകേശ്വര്‍, താരാപീഠ്, കലിഘട്ട് എന്നിവയുടെ നവീകരണത്തിനാണ് മുന്‍ഗണന. ഗോത്രവര്‍ഗക്കാരുടെ ശ്മശാനങ്ങള്‍ നിലവാരമുള്ളതാക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ വികസന പദ്ധതികളുമായി ചേര്‍ത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മമത ആലോചിക്കുന്നു. ഇതിലൂടെ മദ്ധ്യവര്‍ഗ സമൂഹത്തെ കൂടെ നിറുത്താനാകുമെന്നാണ് മമതയുടെ പ്രതീക്ഷ.