Friday , February   22, 2019
Friday , February   22, 2019

മർകസിന്റെ സേവനങ്ങൾ നിസ്തുലം  -കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി 

കോഴിക്കോട്- വിദ്യാഭ്യാസ രംഗത്ത് മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ വിപ്ലവാത്മകവും മാതൃകാപരവുമാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പ്രസ്താവിച്ചു.  മർകസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വനിതകൾക്കുള്ള വിദ്യാഭ്യാസ സംരംഭമായ ക്യൂൻസ് ലാൻഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പലയിടങ്ങളിലും ധൈഷണികമായ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടി ക്യൂൻസ് ലാൻഡ് എന്ന ഉജ്ജ്വലമായ സ്ഥാപന സംരംഭം തുടങ്ങി നവീനമായ മാർഗങ്ങളിലൂടെ വനിതാ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ മർകസിനുള്ള പങ്ക് പ്രശംസനീയമാണ്. 
വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമൂഹിക ശാക്തീകരണം എന്നിവയിലൂടെയാണ് ശക്തമായൊരു സമൂഹം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
മർകസ് നോളേജ് സിറ്റിയിൽ പത്തേക്കറിൽ നാല് സമുച്ചയങ്ങളിലായി 1,25,000 സക്വയർ ഫീറ്റിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരുങ്ങുന്ന മൾട്ടി ഡിസിപ്ലിനറി കാമ്പസാണ് ക്വീൻസ് ലാന്റെന്ന് കാന്തപുരം പറഞ്ഞു. അന്തർദേശീയ സർവ്വകലാശാലകളുടെ അക്കാദമിക സഹകരണത്തോടെ ആരംഭിക്കുന്ന ക്വീൻസ് ലാന്റിൽ സ്‌കൂൾ ഓഫ് ഫാമിലി മാനേജ്മെന്റ് ആന്റ് പാരന്റിംഗ്, റിസർച്ച് സെന്റർ, സ്റ്റുഡന്റ്സ് വില്ലേജ്, മൾട്ടി ലിംഗ്വസ്റ്റിക് സ്റ്റഡി സെന്റർ, ഡിജിറ്റൽ ലൈബ്രറി, സ്‌കിൽ ഡെവലപ്മെന്റ് അക്കാദമി, സയൻസ് തീയേറ്റർ, ഹെൽത്ത് ക്ലിനിക്ക്, ഷോപ്പിംഗ് ഹബ്ബ്, ഫിഖ്ഹുൽ മർഅഃ, ഖുർആനിക് പ്ലാനറ്റ് എന്നിവ നിർമിക്കും. 
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സി.മുഹമ്മദ് ഫൈസി മന്ത്രിക്കുള്ള ഉപഹാരം നൽകി. മർകസ് നോളേജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസലാം ക്യൂൻസ് ലാൻഡ് പ്രൊജക്ട് അവതരിപ്പിച്ച് സംസാരിച്ചു. സയ്യിദ് സൈനുൽ ആബിദീൻ മലേഷ്യ,  സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പി.ടി.എ റഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ കുഞ്ഞി മുഹമ്മദ് മൗലവി, ചാലിയം എ.പി അബ്ദുൽ കരീം ഹാജി, ടി.പി ജയചന്ദ്രൻ, അഡ്വ. പി.എസ് ശ്രീധരൻ പിള്ള, അഡ്വ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.