റാഖൈനിലടക്കം കിരാതവാഴ്ച ശരിവെക്കുന്ന തീരുമാനം ആംനസ്റ്റിയും അപലപിച്ചു
ജനീവ- മ്യാന്മർ സന്ദർശിക്കുന്നതിൽനിന്ന് സർക്കാർ തന്നെ തടഞ്ഞിരിക്കയാണെന്നും റാഖൈനിലെ നടുക്കുന്ന സംഭവങ്ങളാണ് ഇതിനു കാരണമെന്നും മ്യാന്മറിലേക്കുള്ള യു.എൻ മനുഷ്യാവകാശ പ്രതിനിധി യാംഗീ ലീ പറഞ്ഞു. ആയിരക്കണക്കിനു റോഹിംഗ്യ മുസ്‌ലിംകൾ പലായനം ചെയ്യാൻ നിർബന്ധിതരാക്കപ്പെട്ട റാഖൈനിലടക്കം നടമാടുന്ന പൗരാവകാശ ലംഘനങ്ങൾ വിലയിരുത്തുന്നതിന് യു.എൻ സ്‌പെഷ്യൽ റിപ്പോർട്ടറായ യാംഗീ ലീ ജനുവരിയിൽ മ്യാന്മർ സന്ദർശിക്കാൻ തീരുമാനിച്ചതായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം മ്യാന്മർ സേന നടത്തിയ സൈനിക നടപടിയാണ് റാഖൈനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയത്. ബലാത്സംഗവും കൊള്ളയും കൊള്ളിവെപ്പും അരങ്ങേറിയ ഇവിടെ അതിക്രമങ്ങൾക്ക് സൈന്യവും ബുദ്ധമതക്കാരുടെ സായുധ സംഘങ്ങളുമാണ് നേതൃത്വം നൽകിയത്.
ആറര ലക്ഷത്തിലേറെ പേരാണ് മ്യാന്മർ സേന ആരംഭിച്ച ഉന്മൂലനം ഭയന്ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്.
മ്യാന്മർ സർക്കാർ ആവർത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും സൈന്യവും ബുദ്ധമതക്കാരുടെ രക്ഷാ സംഘങ്ങളും വംശീയ ഉന്മൂലനമാണ് നടത്തിയതെന്ന് യു.എൻ ആരോപിക്കുന്നു.
പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് മ്യാന്മർ സർക്കാരിന്റെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് യു.എൻ റിപ്പോർട്ടർ ലീ പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിക്കും മനുഷ്യാവകാശ കൗൺസിലിനും റിപ്പോർട്ട് സമർപ്പിക്കുന്നതിന് വർഷം രണ്ടുതവണയാണ് ലീ മ്യാന്മർ സന്ദർശിക്കേണ്ടത്. രാജ്യത്തെ മനുഷ്യാവകാശ സ്ഥിതിഗതികൾ വിലയരുത്തി റിപ്പോർട്ട് തയാറാക്കുകയാണ് ജോലി.
തന്റെ സന്ദർശനത്തോട് സഹകരിക്കേണ്ടതില്ലെന്ന മ്യാന്മർ സർക്കാരിന്റെ തീരുമാനം റാഖൈനിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഭയാനക സംഭവങ്ങൾ നടക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് അവർ പറഞ്ഞു. ജൂലൈയിൽ നടത്തിയ സന്ദർശനത്തിനുശേഷം താൻ നടത്തിയ പ്രസ്താവനയാകാം മ്യാന്മർ തീരുമാനമെന്ന് തെക്കൻ കൊറിയൻ വിദ്യാഭ്യാസ പ്രവർത്തക കൂടിയായ ലീ പറഞ്ഞു. സർക്കാർ റോഹിംഗ്യകളോട് കാണിക്കുന്ന അതിക്രമങ്ങളെ അന്ന് അവർ നിശിതമായി വിമർശിച്ചിരുന്നു. പ്രസ്താവന നീതിപൂർവകമല്ലെന്നും പക്ഷപാതപരമാണെന്നുമാണ് അന്ന് സർക്കാർ പ്രതിരോധിച്ചിരുന്നത്. യാംഗീ ലീയോട് മ്യാന്മർ സഹകരിക്കുന്നില്ലെന്ന് യു.എൻ സ്ഥരീകരിക്കുകയും ചെയ്തിരുന്നു. നിഷ്പക്ഷ ഉദ്യോഗസ്ഥയല്ലാത്തതുകൊണ്ടാണ് ലീയെ തടയുന്നതെന്നും അവരിൽ വിശ്വാസമില്ലെന്നും മ്യാന്മർ സർക്കാർ വക്താവ് സോ ഹിതായ പറഞ്ഞു. മ്യാന്മർ സർക്കാരിന്റെ തീരുമാനം തീർത്തും അന്യായമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ പ്രതികരിച്ചു. മനുഷ്യാവകാശ റെക്കോർഡ് രാജ്യാന്തര തലത്തിൽ പരിശോധിക്കപ്പെടുന്നത് തടയാൻ മ്യാന്മർ സർക്കാർ എന്തു നടപടിയും സ്വീകരിക്കുമെന്നതിന്റെ തെളിവാണിതെന്ന് ആംനസ്റ്റി ദക്ഷിണേഷ്യ, പസഫിക് ഡയരക്ടർ ജെയിംസ് ഗോമസ് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ തങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മ്യാന്മർ സർക്കാർ അവകാശപ്പെടുന്നത്. പിന്നെ എന്താണ് ഒളിച്ചുവെക്കാനുള്ളതെന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
2014 നു ശേഷം ലീ ആറു തവണയാണ് മ്യാന്മർ സന്ദർശിച്ചത്. എല്ലാ സന്ദർശനത്തിനുശേഷവും അവർ മ്യാന്മറിലെ പീഡനങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഉണർത്തിയിരുന്നു. റാഖൈൻ മേഖല സന്ദർശിക്കാൻ മാധ്യമ പ്രവർത്തകരും യു.എൻ വസ്തുതാന്വേഷണ സംഘവും നടത്തിയ ശ്രമങ്ങൾ നേരത്തെ മ്യാന്മർ തടഞ്ഞിരുന്നു. റാഖൈനിലെ സുരക്ഷാ സൈനികരുടെ രേഖകൾ കൈവശം വെച്ചുവെന്നാരോപിച്ച് റോയിട്ടേഴ്‌സിന്റെ രണ്ട് റിപ്പോർട്ടർമാരെ മ്യാന്മർ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അവിടെ ഹനിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം പൂർണമായും ഇല്ലാതാകുകയാണെന്ന ആശങ്കയാണ് ഉയരുന്നത്. അറസ്റ്റിലായ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടാൻ ആരേയും അനുവദിച്ചിട്ടില്ല. കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇവർ എവിടെയാണെന്ന് അറിയില്ല. കോളനിവാഴ്ചക്കാലം മുതൽ നിലവിലുള്ള ഔദ്യോഗിക രഹസ്യ നിയമപ്രകാരം മാധ്യമ പ്രവർത്തകരെ വേണമെങ്കിൽ 14 വർഷം വരെ ജയിലിലിടാം.