ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അമരത്ത് എത്തിയതോടെ രണ്ടു പതിറ്റാണ്ടോളം കോണ്‍ഗ്രസിനെ നയിച്ച പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ റോള്‍ ഇനി എന്താകുമെന്ന് ഏവരും ഉറ്റു നോക്കുന്നു. പാര്‍ട്ടിയുടെ ഉപദേശകയായി പാര്‍ട്ടിക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പിന്നണിയില്‍ സജീവമായി സോണിയ ഉണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. രക്ഷാധികാരി എന്ന പുതിയ പദവി സൃഷ്ടിച്ച് സോണിയയെ ഉപദേശക റോളില്‍ നിര്‍ത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന സുപ്രധാന പദവി സോണിയ ഉപേക്ഷിക്കുമോ എന്നുറപ്പായിട്ടില്ല. പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവിന് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലും അംഗത്വമുണ്ടാകും. പാര്‍ലമെന്റില്‍ പാര്‍ട്ടിയെ സോണിയ തുടര്‍ന്നും നയിക്കുകയാണെങ്കില്‍ ഈ സമിതിയിലും സോണിയ ഉണ്ടാകും. അതേസമയം, അവര്‍ ഈ പദവിയും ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് സോണിയ. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടേയും ഇഷ്ട നേതാവാണ് സോണിയ. രാഹുലിനേക്കാള്‍ സോണിയയെ ആണ് അവര്‍ പിന്തുണയ്ക്കുന്നത്. 2009-ല്‍ പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഏവരേയും ഞെട്ടിച്ച സോണിയ തന്റെ എല്ലാ പാര്‍ട്ടി പദവികളും ഉപേക്ഷിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.