വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സ്വന്തം ചുമലിലേറ്റുകയാണ് രാഹുല്‍ ഗാന്ധി.
പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരുടെ എതിര്‍പ്പുകള്‍ ഒടുങ്ങിയതോടെ തെരഞ്ഞെടുപ്പു പ്രക്രിയ പോലും പേരിനു മാത്രമാക്കിയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഇനിയൊരു അജ്ഞാതവാസത്തിനും ഇടംകിട്ടാത്ത വിധം തിരക്കുകളിലേക്കാണ് അടുത്ത ശനിയാഴ്ച മുതല്‍ രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുവടുവെക്കുന്നത്.
പാര്‍ട്ടി അണികള്‍ക്കും രാഷ്ട്രീയ പ്രതിയോഗികള്‍ക്കുമപ്പുറം രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെ ഒരു ചെറുപ്പക്കാരന്‍ നയിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങളോടാണ് രാഹുലിന് ഉത്തരവാദിത്തം. രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസിനുള്ളിലെ വൃദ്ധ സിംഹങ്ങള്‍ ഒതുക്കപ്പെടുമെന്നും കഴിവും മിടുക്കുമുള്ള യുവനിരയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.
രാജ്യത്തിന്റെ പൊതുവികാരത്തെ പരമാവധി മുതലെടുക്കാനും സംസ്ഥാനങ്ങളുടെ പിന്തുണ ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താനും കഴിയാവുന്ന സാഹചര്യത്തിലാണ് രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രത്തില്‍ ബിജെപിയും നരേന്ദ്ര മോഡിയും അധികാരത്തില്‍ ഇരിക്കുന്നു എന്നതു തന്നെയായിരിക്കും രാഹുലിന്റെ രാഷ്ട്രീയ ചുവടുകളും അടവുകളും ആകാംക്ഷയോടെ വീക്ഷിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
മോഡിയുടെ മഹാറാലികള്‍ക്ക് ഒരു ട്വീറ്റ് കൊണ്ട് മറുപടി കൊടുക്കുന്ന രാഹുലിന്റെ മിടുക്കും ആക്രമണത്തിന്റെ മുനയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ മൂര്‍ച്ചയേറുമോ എന്നു കണ്ടറിയണം. ജിഎസ്ടിക്കു രാഹുല്‍ നല്‍കിയ ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന നിര്‍വചനം പോലെ പല ചോദ്യങ്ങളും മറുപടി നല്‍കാന്‍ കഴിയാത്ത വിധത്തില്‍ ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചിരുന്നു. ഒറ്റ വാചകത്തില്‍ രാഹുല്‍ ട്വിറ്ററില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് എന്‍ഡിഎയുടെ ഒരു സംഘം മന്ത്രിമാര്‍ക്കു പലയിടങ്ങളിലിരുന്നു മറുപടി പറഞ്ഞു വിയര്‍ക്കേണ്ടിവന്നു.
കുടുംബ പാരമ്പര്യത്തിനപ്പുറം പ്രവര്‍ത്തന പാരമ്പര്യത്തിന്റെ കരുത്തു കൂടിയുണ്ട് അധ്യക്ഷ സ്ഥാനത്തേക്കു വരുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക്. സാധാരണ പ്രവര്‍ത്തകനായും ജനറല്‍ സെക്രട്ടറിയായും എം.പിയായും ഉപാധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അധ്യക്ഷ പദവിയിലെത്തുന്നത്. അതുതന്നെ 13 വര്‍ഷക്കാലത്തെ പാര്‍ട്ടിയുടെ കാത്തിരിപ്പിന് ശേഷം. ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ചുമതലകള്‍ വഹിച്ചു. ഇരു സംഘടനകളിലും പുതിയ തെരഞ്ഞെടുപ്പു രീതികള്‍ പരീക്ഷിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ നേതൃനിരയെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തിനും തുടക്കം കുറിച്ചു. എംപി ആയിട്ടും പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കാതെ വിട്ടു നിന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഹുലിനു വേണ്ടിയല്ലാതെ ഒറ്റ നാമിനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കപ്പെട്ടില്ല എന്നതു തന്നെയാണ് പാര്‍ട്ടിയെ അടിമുടി നവീകരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയുടെ ചുമലില്‍ മാത്രമാക്കുന്നത്.
അമ്മ സോണിയ ഗാന്ധിയും കുടുംബത്തിലെ തന്നെ തലമുതിര്‍ന്നവരും പാര്‍ട്ടിയെ നയിച്ചതിന്റെ പാരമ്പര്യം മാത്രം പോരാതെ വരും മോഡിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും കോണ്‍ഗ്രസിനെ നയിച്ചു കൊണ്ടുപോകാനുമുള്ള രാഹുലിന്റെ പുതിയ ദൗത്യത്തില്‍.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവെന്ന സ്ഥാനം പോലും ലഭിക്കാന്‍ ഭാഗ്യം ലഭിക്കാത്ത കോണ്‍ഗ്രസിനെയാണ് ഇനി രാഹുലിനു മുന്നോട്ടു നയിക്കേണ്ടത്. അതോടൊപ്പം തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു കഴിയുന്ന ബിജെപിക്കും നരേന്ദ്ര മോഡിക്കും ഭീഷണിയായി മാറുവാനും കഴിയണം.
താന്‍ ഒരു ഭൂകമ്പം ഉണ്ടാക്കും എന്നു പാര്‍ലമെന്റില്‍ പറഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതുപോലെയുള്ള ആവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് പ്രസിഡന്റിന് ആരോഗ്യകരമാകില്ല. ശക്തമായൊരു പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയുമാണ് കോണ്‍ഗ്രസുകാെരല്ലാവരും യുവാക്കളും രാഹുലില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
ഒന്നര വര്‍ഷം മാത്രം അകലെ നില്‍ക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു തന്നെയാണ് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുലിനെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനിടെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസിനു ഒരു വീണ്ടെടുപ്പും മുന്നേറ്റവും ഉണ്ടായാല്‍ അതു കൂടുതല്‍ കരുത്തു പകരും. ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ഏതു ചെറിയ മുന്നേറ്റവും രാഹുല്‍ ഗാന്ധിക്ക് അവകാശപ്പെട്ടതാണെന്ന് നിസംശയം പറയാം.
ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം സിപിഎം ഉള്‍പ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കുന്ന സാഹര്യവും രാജ്യത്ത് രാഹുലിന് അനുകൂല സാധ്യതകള്‍ ഉണ്ടാക്കുന്നുണ്ട്. ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപി പക്ഷത്തേക്കു ചാഞ്ഞതോടെ ഇടഞ്ഞു നില്‍ക്കുന്ന ശരദ് യാദവും സിപിഎമ്മും പശ്ചിമ ബംഗാളില്‍നിന്നു മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരു മോഡി വിരുദ്ധ തരംഗം രാജ്യവ്യാപകമായി നിര്‍മിച്ചെടുക്കാന്‍ രാഹുലിന്റെ ഒപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തെ അസാധാരണ അവസരമായി കണ്ട് രാഹുലും കോണ്‍ഗ്രസും എത്രത്തോളം പ്രായോഗികമായി വിനിയോഗിക്കുന്നു എന്നതും ശ്രദ്ധേയമാകും.
ബിജെപിയേയും മോഡിയേയും മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ യുദ്ധത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ വളരെ സജീവമായിട്ടുണ്ട്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും നല്‍കി പുതുതലമുറ യുഗത്തില്‍ രാഹുല്‍ വളരെ മുന്നേറുകയും ചെയ്തു. നിലവില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതില്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പു സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നേരിട്ട് ഏറ്റുമുട്ടി രാഹുല്‍ ഗാന്ധി ഏറെ സജീവമായി നില്‍ക്കുന്ന സമയത്താണു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവും സീതാറാം കേസരിയും പാര്‍ട്ടി പ്രസിഡന്റുമാരായെങ്കിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ആവശ്യം ശക്തമായതോടെയാണ് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്. ഏറ്റവും കൂടുതല്‍ കാലം ആ പദയിവിലിരുന്ന വ്യക്തിത്വം എന്ന ബഹുമതിയോടൊണ് 72-ാം വയസിലേക്കു കടന്ന സോണിയ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ 47കാരനായ രാഹുലിനു കൈമാറുന്നത്.
ബിജെപി ഉള്‍പ്പടെ വിമര്‍ശകരും എതിരാളികളും ആരോപിക്കുന്നതിനപ്പുറം കുട്ടിത്തം പാടേ മാറിയ രാഹുലിനെയാണ് ഏറ്റവും അടുത്ത കാലത്ത് രാജ്യം കണ്ടും കേട്ടുകൊണ്ടുമിരിക്കുന്നത്. രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ടവന്‍ എന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകളും കുട്ടിത്തത്തോടുള്ള വാത്സ്യലമായല്ല, മറിച്ചു പക്വതയാര്‍ന്ന ഒരാള്‍ തങ്ങളെ നയിക്കുന്ന എന്ന തിരിച്ചറിവായാണു ഇപ്പോള്‍ വായിച്ചെടുക്കേണ്ടത്.