Wednesday , March   27, 2019
Wednesday , March   27, 2019

പ്രവാസാനുഭവത്തിന്റെ നാല് പതിറ്റാണ്ട്; സയ്യിദ് അലി എന്ന മണിക്ക മടങ്ങുന്നു 

റിയാദ് -  നാല് പതിറ്റാണ്ടോളം നീളുന്ന പ്രവാസാനുഭവത്തിന്റെ നിറമുള്ള സ്മരണകളുമായി പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി സയ്യിദ് അലി എന്ന മണിക്ക റിയാദിനോട് വിട പറയുന്നു. 1978 ൽ റിയാദ് ബാങ്കിൽ ടൈപ്പിസ്റ്റായി സേവനം തുടങ്ങിയ മണിക്ക പിന്നീട് ട്രഷറി ഡിപ്പാർട്ട്‌മെന്റിൽ ഡീലിംഗ് റൂമിലെ ഫിനാൻഷ്യൽ കൺട്രോളറായി. വൈസ് പ്രസിഡന്റ് തസ്തികയിലിരുന്നാണ് വിരമിച്ചത് എന്നത് മലയാളി സമൂഹത്തിന് എന്നും അഭിമാനിക്കാൻ ഉതകുന്ന നേട്ടം.   
വറുതിയുടെയും ഇല്ലായ്മകളുടെയും 70 കളിൽ ഏതൊരു സാധാരണക്കാരന്റെയും ഗൾഫ് സ്വപ്‌നങ്ങളിൽ നിന്ന് തന്നെയാണ് മണിക്കയും ഇവിടെയെത്തിയത്. 1975ൽ ഫാറൂഖ് കോളേജിൽനിന്ന് ബിരുദം കഴിഞ്ഞിറങ്ങിയ സയ്യിദ് അലി രണ്ട് വർഷം പിന്നിട്ടപ്പോഴേക്കും സൗദിയിലെത്തി. ജിദ്ദയിൽ റിയാദ് ബാങ്കിലേക്ക് ടൈപ്പിസ്റ്റുകളെ ആവശ്യമുണ്ടെന്നറിഞ്ഞ ഇന്റർവ്യൂവിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.  അടുത്ത വർഷം തന്നെ അവരുടെ വിസയിൽ ജിദ്ദയിലെത്തി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് റിയാദ് ബാങ്കിൽ വളരെ കുറച്ചു പേർ മാത്രമാണ് മലയാളി ജീവനക്കാരായുണ്ടായിരുന്നത്.  കോട്ടക്കൽ സ്വദേശി പി.കെ. ഇബ്രാഹിം, മഞ്ചേരി സ്വദേശി അബൂട്ടി, മലപ്പുറം സ്വദേശി അമീറുദ്ദീൻ കൊന്നോല എന്നിവരായിരുന്നു റിയാദ് ബാങ്കിലെ ആദ്യകാല മലയാളികൾ. ഇവരൊക്കെ  ഏതാനും വർഷങ്ങൾക്കു മുമ്പ് റിയാദ് ബാങ്കിൽനിന്ന് വിരമിച്ചു.
1000 ഇന്ത്യൻ രൂപക്ക് 456 റിയാൽ എന്ന നിരക്കിൽ  ആദ്യ ശമ്പളത്തിൽ നിന്നും നാട്ടിലേക്ക് അയച്ച ഡ്രാഫ്റ്റിന്റെ കോപ്പി ഇന്നും സൂക്ഷിക്കുന്ന മണിക്ക 1978 ൽ തുടക്കമിട്ട തന്റെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തു. 40 വർഷത്തോളം നീണ്ട കാലയളവിലുള്ള ബാങ്ക് അക്കൗണ്ട് പ്രവാസികൾക്കിടയിൽ അപൂർവമായിരിക്കും. 
മത,രാഷ്ട്രീയ സംഘടനകളിലൊന്നും സജീവമല്ലായിരുന്ന മണിക്കക്ക് എല്ലാവരോടും ഒരു സമദൂര സിദ്ധാന്തമാണ്. പ്രവാസം അവസാനിപ്പിക്കുമ്പോഴുള്ള വലിയ വേദന ഈ സൗഹൃദങ്ങൾ നഷ്ടപ്പെടുമോ എന്നത് മാത്രമാണ് -മണിക്ക പറയുന്നു. 
നാട്ടിൽ തുടങ്ങിവെച്ച ബിസിനസുകളിൽ സജീവമായി മുന്നോട്ട് പോവാനാണ് മണിക്കയുടെ ഇനിയുള്ള ആഗ്രഹം.  സ്വന്തമായൊരു പാർപ്പിടം എന്നതിലുപരി ആദ്യം നമുക്കും കുടുംബത്തിനും ഒരു സ്ഥിരം വരുമാനം ഉണ്ടാകാനാവണം പ്രവാസിയുടെ ആദ്യ ലക്ഷ്യമെന്നും അതിനു ശേഷം പുരയിടം എന്നാതായിരിക്കുന്നതാവും അഭികാമ്യവുമെന്നാണ് അനുഭവ സമ്പത്തുള്ള പ്രവാസിയെന്ന നിലയിൽ മണിക്കയുടെ അഭിപ്രായം. വലിയ വീടുണ്ടാക്കി അത് കൊണ്ടുനടക്കാൻ പാടുപെടുന്ന എത്രയോ പ്രവാസികളെ  അറിയാവുന്നതുകൊണ്ടാണ് താനിത് പറയുന്നതെന്നും മണിക്ക പറഞ്ഞു    റിയാദിലെ യാരാ ഇന്റർനാഷണൽ സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗം, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി ഭാരവാഹിത്വം, ഫാറൂഖ് കോളേജ് അലുംനി (ഫോസ, റിയാദ്) ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച മണിക്ക റിയാദിൽ ആദ്യമായി ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു. 
അക്കാലത്തെ റിയാദിലെ പ്രവാസികളിൽ പ്രമുഖനായിരുന്ന മുഹമ്മദ് അലി പൂനൂർ, ഗോപാൽ തുടങ്ങിയവരുടെ കൂടെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുന്നതിൽ ഇദ്ദേഹം നേതൃത്വം നൽകി. മലപ്പുറത്തെ കെ.പി. അബ്ദുറഹ്മാന്റെ മകൾ റംലയാണ് മണിക്കയുടെ ഭാര്യ. 
യു.എസിൽ മൈക്രോസോഫ്റ്റിൽ എൻജിനീയറായ മാസിൻ, റിയാദിൽ തന്നെയുള്ള സിവിൽ എൻജിനീയർ കൂടിയായ റസിയ, നാട്ടിൽ സി.എക്ക് പഠിക്കുന്ന മുബീൻ, നാട്ടിൽ പ്ലസ് വൺ വിദ്യാർഥിനികളായ വഫ, സഫ എന്നിവരാണ് മക്കൾ.