Wednesday , March   27, 2019
Wednesday , March   27, 2019

സൗദിയിൽ മാതൃകാ വാറ്റ് ബില്‍ പുറത്തിറക്കി; റെമിറ്റന്‍സ് കമ്മീഷന് നികുതി

സകാത്ത്, ടാക്‌സ് അതോറിറ്റി പുറത്തിറക്കിയ ഒന്നാമത്തെ വാറ്റ് ബില്ലിന്റെ മാതൃക. 

റിയാദ് - അടുത്ത മാസം ഒന്നു മുതൽ നടപ്പാക്കുന്ന മൂല്യവർധിത നികുതി അനുസരിച്ച് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ വാറ്റ് ബാധകമാകുമോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് വരുന്നത്. എന്നാൽ, നാട്ടിലേക്ക് അയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല. അതേസമയം, അയക്കുന്ന പണത്തിന്റെ കമ്മീഷന് വാറ്റ് ബാധകമായിരിക്കും. അതായത്, നാട്ടിലേക്ക് നിയമാനുസൃത മാർഗങ്ങളിലൂടെ അയക്കുന്ന പണത്തിന്റെ കമ്മീഷന്(ഈ തുക ബാങ്കുകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സാധാരണഗതിയിൽ ആയിരം റിയാലിന് പതിനഞ്ച് മുതൽ ഇരുപത് റിയാൽ വരെയാണ് ഈടാക്കുക) മാത്രമേ വാറ്റ് ബാധകമാകൂ. അഞ്ചു ശതമാനാണ് ഇത്തരത്തിൽ ഈടാക്കുക. 
സൗദിയിൽ വാറ്റ് ബാധകമാകാത്ത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലിസ്റ്റ് സക്കാത്ത്, നികുതി അതോറിറ്റി നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ നടപ്പിലാകുന്ന വാറ്റിൽ ഏതാണ്ട് എല്ലാ വിൽപന ചരക്കുകൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതി നൽകേണ്ടിവരുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

വാറ്റ് ബാധകമല്ലാത്ത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പട്ടിക 

    ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്ര സർവീസ്
    ജി.സി.സി രാജ്യങ്ങൾക്ക് പുറത്തേക്കുള്ള കയറ്റുമതി
    ജി.സി.സിയിൽ  സ്ഥിര താമസിക്കാരല്ലാത്തവർക്ക് നൽകുന്ന സേവനങ്ങൾ 
    സൗദിയിൽ നിന്നുള്ള ചരക്ക്, ഗതാഗത, അനുബന്ധ സേവനങ്ങൾ
    അന്താരാഷ്ട്ര യാത്രക്കുള്ള വാഹനം, കപ്പൽ, വിമാനം എന്നിവ
    സ്‌പെയർ പാർട്‌സുകൾ, ഉപാധികളോടെയുള്ള സ്വകാര്യ വാഹനങ്ങളുടെ മെയിന്റനൻസ്, റിപ്പയറിംഗ് സേവനങ്ങൾ. 
    ആരോഗ്യ മന്ത്രാലയത്തിന്റെയും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും അംഗീകാരമുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും. 
    പാർപ്പിട ആവശ്യങ്ങൾക്കുള്ള വീടുകളുടെ വിൽപനയും വാടകക്ക് നൽകലും 
    പൊതു ആരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള ചികിത്സ.
    പാസ്‌പോർട്ട് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇഷ്യൂ ചെയ്യൽ തുടങ്ങി വാണിജ്യ താൽപര്യമില്ലാതെ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ
    തൊഴിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് തൊഴിലുടമ നൽകുന്ന സൗകര്യങ്ങൾ
    ഒറ്റ നികുതി അടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പർച്ചേയ്‌സ് ചരക്കുകൾ.
    ഗ്ലോബൽ ബുള്ളിയൻ മാർക്കറ്റിൽ സ്വീകാര്യമായ 99 ശതമാനം പരിശുദ്ധമായ സ്വർണം, പ്ലാറ്റിനം, വെള്ളി എന്നിവയുടെ നിക്ഷേപം.
    ലാഭകരമായ സാമ്പത്തിക ഉത്പന്നങ്ങൾ. 
ആരോഗ്യ,ഇൻഷുറൻസ് സേവനങ്ങൾ.
    ക്രെഡിറ്റ് കാർഡുകൾക്ക് ഏർപ്പെടുത്തിയ സേവന നിരക്ക്, 
    കടപത്രം പോലെയുള്ള സാമ്പത്തിക രേഖ ഇഷ്യൂ ചെയ്യുന്നതിനുള്ള സേവനം.
വാറ്റ് നൽകിയ വ്യക്തിയിൽനിന്ന് വാങ്ങിയ വസ്തുക്കൾ (ഉപയോഗിച്ച വാഹനം വാങ്ങൽ).

വാറ്റിന്റെ മാതൃകാ ബില്ലുകൾ സകാത്ത്, ഇൻകം ടാക്‌സ് അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
1000 റിയാൽ വരെ മൂല്യമുള്ള ചരക്ക് വിൽപനക്കും സേവനങ്ങൾക്കും ബാധകമായ ഒന്നാം വാറ്റ് ബിൽ മാതൃകയിൽ ഇഷ്യു ചെയ്ത തീയതി, സപ്ലെയറുടെ വിലാസം, വാറ്റ് ഐഡന്റിറ്റി നമ്പർ, ചരക്ക് അല്ലെങ്കിൽ സേവനത്തിന്റെ വിവരം, ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ വില, അഞ്ച് ശതമാനം വാറ്റ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. 
1000 റിയാലിനെക്കാൾ അധികം മൂല്യമുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നൽകേണ്ട ബില്ലിന്റെ മാതൃകയാണ് രണ്ടാമത്തേത്. ഈ ബില്ലിൽ അറബി ഭാഷയോടൊപ്പം മറ്റു ഭാഷകളും ഉപയോഗിക്കാം. ബില്ല് തയാറാക്കുന്ന തീയതി, സീരിയൽ നമ്പർ, സപ്ലെയറുടെ വാറ്റ് ഐഡിന്റിറ്റി നമ്പർ, ഉപഭോക്താവിന്റെ വാറ്റ് ഐഡിന്റിറ്റി നമ്പർ, വിൽപന നടക്കുന്ന തീയതി, സപ്ലെയറുടെയും കൺസ്യൂമറുടെയും വിലാസം, ചരക്കിന്റെ ഇനവും തൂക്കവും, വാറ്റ് സംഖ്യ, വാറ്റ് കൂടാതെയുള്ള ചരക്കിന്റെ യൂണിറ്റ് നിരക്ക്, യൂണിറ്റ് വിലയിൽ ഉൾപ്പെടാത്ത ഡിസ്‌കൗണ്ട്, ബാധകമായ നികുതി നിരക്ക്, നൽകേണ്ട വാറ്റ് തുക തുടങ്ങിയ വിവരങ്ങൾ ഈ ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.
പ്രതിവർഷ വരുമാനം പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് സകാത്ത്, നികുതി വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ 20 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല.