റിയാദ് - ടൂറിസ്റ്റ് വിസ അടുത്ത വർഷം മുതൽ അനുവദിച്ചു തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷൻ പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിസാ നടപടികൾ എളുപ്പമാക്കി സൗദിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് നീക്കം. എംബസികളെ നേരിട്ട് സമീപിക്കുന്നതിനു പകരം ഓൺലൈൻ വഴി വിസ അനുവദിക്കുന്ന രീതി നടപ്പാക്കും.
ടൂറിസം, ദേശീയ പൈതൃക കമ്മീഷന്റെ 90 ശതമാനം പ്രവർത്തനങ്ങൾക്കും ഇപ്പോൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. നിലവിൽ ആഭ്യന്തര ടൂറിസ്റ്റുകൾക്കാണ് കമ്മീഷൻ ഊന്നൽ നൽകുന്നത്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനു പകരം സൗദിയിൽ തന്നെ അവധിക്കാലം ചെലവഴിക്കുന്നതിനും സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും സ്വദേശികളെ പ്രോത്സാഹിപ്പിച്ചു വരികയാണ്.
വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചക്കുള്ള തീരുമാനങ്ങൾ സൗദി അറേബ്യ വൈകിയാണ് കൈക്കൊണ്ടത്. ടൂറിസം പദ്ധതികൾക്കുള്ള തുകകൾ നീക്കിവെച്ചതും വൈകിയാണ്. മറ്റു ഗൾഫ് രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയി. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ആവശ്യമായ ഹോട്ടലുകളും ഗതാഗത സൗകര്യങ്ങളും അടക്കം ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങൾ സൗദിയിലുണ്ട്. മേഖലയിലെ ഏറ്റവും വലിയ എയർപോർട്ട് ശൃംഖലയും സൗദിയിലാണെന്ന് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.