Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പരക്കെ റെയ്ഡ്; ആദ്യദിവസം പിടിയിലായത് 7547 വിദേശികള്‍

  • ഏഴര ലക്ഷം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി
  • 75,000 ഇന്ത്യക്കാർ രാജ്യം വിട്ടു 

റിയാദ് - സൗദിയിൽ ഏഴര മാസം നീണ്ട പൊതുമാപ്പ് അവസാനിച്ചശേഷം ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായി ആദ്യ ദിവസം നടത്തിയ പരിശോധനകളിൽ പിടിയിലായത് 7,547 പേർ. പൊതുസുരക്ഷാ വകുപ്പിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി സാമി അൽശുവൈരിഖാണ് ഇക്കാര്യം അറിയിച്ചത്. വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ വ്യാപക പരിശോധന തുടരുകയാണ്. 
ഏഴര ലക്ഷത്തിലധികം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. മാർച്ച് 29 ന് നിലവിൽവന്ന പൊതുമാപ്പ് നവംബർ 14 നാണ് അവസാനിച്ചത്. 
90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഏതാനും രാജ്യങ്ങളുടെ എംബസികൾ അഭ്യർഥിച്ചതിനെ തുടർന്നാണ് പലതവണ നീട്ടിയത്. ഈജിപ്തുകാരായ നിയമലംഘകർക്ക് ആറു മാസം കൂടി പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയും. ആകെ 7,58,570 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 
പൊതുമാപ്പിൽ 37 ശതമാനം പേർ എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. ഇവരിൽ ഭൂരിഭാഗവും ഹജ്, ഉംറ, വിസിറ്റ്, ട്രാൻസിറ്റ് വിസകളിൽ സൗദിയിൽ എത്തിയവരായിരുന്നു. 60 ശതമാനം പേർ ജവാസാത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പുകളിൽനിന്ന് എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കിയാണ് രാജ്യം വിട്ടത്. വർഷങ്ങളായി ഇഖാമ പുതുക്കാത്തവരും ഹുറൂബുകാരും തിരിച്ചറിയൽ രേഖകളില്ലാത്തവരും നുഴഞ്ഞുകയറ്റക്കാരുമാണ് ഇങ്ങനെ വിദേശി നിരീക്ഷണ വകുപ്പുകൾ വഴി ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഫൈനൽ എക്‌സിറ്റ് നേടിയവരിൽ മൂന്നു ശതമാനം പേർ ഇനിയും രാജ്യം വിട്ടിട്ടില്ല. എക്‌സിറ്റ് വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി ഇവർ രാജ്യം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ 140 രാജ്യക്കാരിൽ 20 ശതമാനം  പാക്കിസ്ഥാനികളാണ്. 12 ശതമാനം ഈജിപ്തുകാരും 10 ശതമാനം (മുക്കാൽ ലക്ഷത്തോളം പേർ) ഇന്ത്യക്കാരുമാണ്.
പത്തു ശതമാനം എത്യോപ്യക്കാരും എട്ടു ശതമാനം മൊറോക്കൊക്കാരും ഏഴു ശതമാനം പേർ ബംഗ്ലാദേശുകാരുമാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരിൽ ആറു ശതമാനം പേർ വീതം സുഡാൻ, യെമൻ എന്നീ രാജ്യക്കാരും നാലു ശതമാനം പേർ വീതം തുർക്കി, അൾജീരിയ എന്നീ രാജ്യക്കാരും രണ്ടു ശതമാനം പേർ വീതം ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഇറാഖ് എന്നീ രാജ്യക്കാരുമാണ്. 
തുർക്കി, മൊറോക്കൊ, അൾജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള നിയമ ലംഘകരിൽ ഭൂരിഭാഗവും അതിർത്തി പ്രവേശന കവാടങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇവരിൽ വളരെ കുറച്ചു പേർക്കു മാത്രമേ ജവാസാത്തിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പിനെ സമീപിക്കേണ്ട ആവശ്യമുണ്ടായിരുന്നുള്ളൂവെന്നും മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. 


 


 

Latest News