Thursday , May   23, 2019
Thursday , May   23, 2019

രാജിവെച്ച ബ്രിട്ടീഷ് മന്ത്രി മോഡിയുടെ ഉറ്റമിത്രം

 
ലണ്ടന്‍- ഇസ്രായിലുമായുള്ള രഹസ്യ ബിസിനസ് ഇടപാടുകളുടെ പേരില്‍ ബ്രിട്ടനില്‍ മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്ന പ്രീതി സുശീല്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ മിത്രം. ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ബിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഉപയോഗപ്പെടുത്തിയിരുന്നത് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രീതിയെ ആയിരുന്നു. മോഡിയുടെ പ്രീതി സമ്പാദിക്കാന്‍ പ്രധാനമന്ത്രി തെരേസ മേക്കും മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിനും വലിയ സഹായമാണ് ഈ ഗുജറാത്തുകാരി ചെയ്തിരുന്നത്.

ബ്രിട്ടനിലെ 15 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയായി അറിയപ്പെട്ട പ്രീതി പട്ടേലിനെ കാബിനറ്റില്‍നിന്ന് പുറത്താക്കാന്‍ പ്രധാനമന്ത്രി തെരേസ മേ തീരുമാനമെടക്കുമ്പോള്‍ അവര്‍ ആഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ എത്താന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രീതി പട്ടേല്‍ രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ തുടര്‍ച്ചായി ഇസ്രായില്‍ അധികൃതരുമായും ബിസിനസ് പ്രമുഖരുമായും ചര്‍ച്ച നടത്തിയതാണ് പ്രീതിക്ക് വിനയായത്. ഇസ്രായിലുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി മോഡി നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രീതി പട്ടേലിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നോ എന്നു വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വന്‍ നയതന്ത്ര വിജയമാക്കി തീര്‍ക്കുന്നതില്‍ പ്രീതി വഹിച്ച പങ്ക് വലുതായിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആരോയും വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു പ്രീതി പട്ടേലെന്ന യുവ രാഷ്ട്രീയക്കാരിയുടെ വളര്‍ച്ച. 45 വയസിനുള്ളില്‍ രണ്ട് പ്രധാനമന്ത്രിമാരോടൊപ്പം മൂന്നുവട്ടം മന്ത്രിയായ  പ്രീതി സര്‍വകലാശാല വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍തന്നെ രാഷ്ട്രീയത്തില്‍ തല്‍പരയായിരുന്നു. ജോണ്‍ മേജര്‍ പാര്‍ട്ടി നേതാവായിരിക്കെയാണ് കണ്‍സര്‍വേറ്റീവില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുപോന്ന അവര്‍ പാര്‍ട്ടി വക്താവായി നിയോഗിക്കപ്പെട്ടതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

2010ല്‍ ഡേവിഡ് കാമറണ്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ടിക്കറ്റു നല്‍കി. 2014ലെ പുനഃസംഘടനയില്‍ മന്ത്രി പദവിയും നല്‍കി.  ട്രഷറി മന്ത്രാലയത്തിനുകീഴിലെ എക്‌സ്‌ചെക്കര്‍ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. 2015ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുടെ വോട്ടുലക്ഷ്യമിട്ടുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കഴിവ് തെളിയിച്ച പ്രീതിയെ 2015ല്‍ തൊഴില്‍ മന്ത്രിയാക്കി. 
അതേസമയം, ബ്രെക്‌സിറ്റ് പ്രഖ്യാപിച്ചതോടെ കാമറണിനെ തള്ളിപ്പറഞ്ഞ പ്രീതി ബ്രെക്‌സിറ്റ് കാമ്പയിനില്‍ ബോറിസ് ജോണ്‍സണൊപ്പം ലീവ് പക്ഷത്തായിരുന്നു. കാമറണിനുശേഷം അധികാരത്തില്‍ വന്ന  തെരേസ മേയുടെ പുതിയ സര്‍ക്കാരിലും സ്ഥാനമുറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
പതിറ്റാണ്ടുകള്‍ക്കുമുന്‍പു ഗുജറാത്തില്‍നിന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക് കുടിയേറിയവരാണ് പ്രീതിയുടെ അമ്മ അഞ്ജനയുടെ കുടുംബം. അച്ഛന്‍ സുശീല്‍ പട്ടേല്‍ ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍നിന്നുള്ളയാളാണ്. കാപ്പി, തേയില തോട്ടങ്ങളും തുണി വ്യവസായവുമായി ഉഗാണ്ടയില്‍ കഴിഞ്ഞിരുന്ന കുടുംബം അവിടെ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ്  ബ്രിട്ടനിലേക്ക് കുടിയേറിയത്. 
ബ്രിട്ടനിലെത്തിയ സുശീല്‍ പട്ടേല്‍ ആദ്യം പത്ര ഏജന്റായിരുന്നു. മകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയായിരിക്കെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലോക്കല്‍ കൗണ്‍സിലറും അമേരിക്കന്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റുമായ അലക്്‌സ്് സോയറാണ് പ്രീതിയുടെ ഭര്‍ത്താവ്. ഏകമകന്‍ ഫ്രെഡി. വേറെ ജോലിയുള്ള ഭര്‍ത്താവിനെ സ്വന്തം ഓഫിസിന്റെ നടത്തിപ്പുകാരനായി പ്രതിവര്‍ഷം 25,000 പൗണ്ട് ശമ്പളത്തില്‍ പ്രീതി നിയമിച്ചത് ഈയിടെ വിവാദമായിരുന്നു.
 
 
 

Latest News