ന്യൂഡല്‍ഹി- ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ആണവ മിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2005-ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) മുന്‍ ജീവനക്കാരായ സ്‌നോഡന്‍ പുറത്തു കൊണ്ടു വന്ന രേഖകളിലാണ് ഇക്കാര്യമുള്ളത്. അമേരിക്കന്‍ വാര്‍ത്ത വെബ്‌സൈറ്റ് ദി ഇന്റര്‍സെപ്റ്റ് ഈ രേഖകള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. 2005-ല്‍ ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മറ്റു ബോംബുകളെകുറിച്ചും സുപ്രധാന വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്ന് ഈ രേഖകളില്‍ പറയുന്നു.
റെയിന്‍ഫോള്‍ എന്ന പേരില്‍ ഓസ്ട്രലിയയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് എ രഹസ്യ യൂണിറ്റാണ് ഇന്ത്യയില്‍ നിന്നെന്ന് കരുതപ്പെടുന്ന ആണവായുധ ശേഖരത്തില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്തത്. ഇതിനു ശേഷം തായ്‌ലാന്‍ഡില്‍ ലെമന്‍വൂഡ് എന്ന പേരിലുള്ള എന്‍ എസ് എയുടെ വിദേശ സാറ്റലൈറ്റ് വിവരശേഖര സംവിധാനത്തിന്റെയും സിഗ്നല്‍ വിശകലന വിഭാഗത്തിന്റേയും സഹായത്തോടെ ഈ സിഗ്നലുകള്‍ വിശദമായി പരിശോധിച്ച് ഇതിന് ഇന്ത്യയുടെ ആണവായുധങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെമന്‍വൂഡ് അധികമായി കൂടുതല്‍ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ രഹസ്യവിവരങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഈ ഉപകരണം സ്ഥാപിച്ചതോടെ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും മേഖലയില്‍ സജീവമായ ആണവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കണ്ടെത്തി. പിന്നീട് തായ്‌ലാന്‍ഡിലെ ഇന്ദ്ര എന്ന പേരിലുള്ള മറ്റൊരു എന്‍ എസ് എ രഹസ്യയൂണിറ്റു കൂടി ചേര്‍ന്ന് വിശദമായി നടത്തിയ വിവരശേഖരണത്തിലാണ് സാഗരിക, ധനുഷ് എന്നീ ആണവ മിസൈലുകളേയും ആളില്ലാ വിമാന വികസന പദ്ധതിയേയും കുറിച്ചുള്ള വിവരങ്ങള്‍ യുഎസിന് ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2008-ലാണ് സാഗരിക ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 700 കിലോമീറ്ററിലേറെ ദൂര പരിധിയുള്ള ഈ മിസൈല്‍ 1990കളിലാണ് വികസിപ്പിച്ചു തുടങ്ങിയത്. പരീക്ഷിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് തന്നെ സാഗരികയുടെ രഹസ്യവിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച ധനുഷ് മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ 11 വര്‍ഷം മുമ്പ് യുഎസ് രഹസ്യമായി കൈവശപ്പെടുത്തിയിരുന്നു. ഇവ കൂടാതെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധ രഹസ്യങ്ങള്‍ ചോര്‍ത്തിയ യുഎസ് കൂടുകല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നതിനായി കൂടുതല്‍ സംവിധാനങ്ങളൊരുക്കിയെന്നും ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.