Tuesday , May   21, 2019
Tuesday , May   21, 2019

ദേശം കടന്നുപോയവന്റെ ഓണം

പ്രവാസ നാട്ടിലെ ഒരു ഓണാഘോഷം

കുരുമുളകും ഇഞ്ചിയും ഏലവും മണക്കുന്ന പാണ്ടികശാലകളും  ഗുദാമുകളും, ആളും ബഹളവും നിറഞ്ഞ തെരുവുകളും, ഹുക്ക വലിച്ചിരിക്കുന്ന വർത്തക പ്രമാണിമാരായ അറബികളും, ചരക്ക് വാങ്ങാൻ വന്ന ചീനക്കാരും യൂറോപ്യന്മാരുമടങ്ങുന്ന പല ദേശക്കാരും ചുമടെടുത്തു നീങ്ങുന്ന നീഗ്രോ അടിമകളും... ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന  മനുഷ്യർ, ഒരു നാടിന്റെ  ആഘോഷം കൗതുകത്തോടെ കണ്ടു നിൽക്കുന്നു. ഇതിനെല്ലാം സാക്ഷിയായി പുറംകടലിൽ നങ്കൂരമിട്ട കപ്പലുകളും, കടപ്പുറത്തെ പാറക്കെട്ടിനു മേലെ   ചിങ്ങവെയിലിൽ വെട്ടിത്തിളങ്ങുന്ന ചെമ്പോടുകളുടെ  തലയെടുപ്പോടെ പാറപ്പള്ളിയും.
ഓണത്തോടനുബന്ധിച്ച് ദേവാലയങ്ങളെല്ലാം  അലങ്കരിക്കപ്പെടുകയും കോഴിക്കോട്ടെയും പരിസരങ്ങളിലെയും നാനാ ജാതി മതസ്ഥരും  ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന, പഴയകാല തുറമുഖവും കച്ചവട കേന്ദ്രവും, കേരളത്തിൽ ആദ്യമായി പണി കഴിപ്പിച്ച മുസ്‌ലിം പള്ളികളിൽ ഒന്നായ പാറപ്പള്ളിയുടെ ദേശവുമായ കൊയിലാണ്ടിക്കടുത്ത പന്തലായനി കൊല്ലത്തെ പത്തു നൂറ്റാണ്ട് മുമ്പുള്ള  ഓണാഘോഷത്തെ കുറിച്ച് പ്രശസ്ത സഞ്ചാരിയും പണ്ഡിതനുമായ അൽ ബിറൂനി രേഖപ്പെടുത്തിയത്  ഒരു സിനിമയിൽ എന്നപോലെ മനസ്സിൽ ചിത്രപ്പെടുത്തുമ്പോൾ, എത്ര മനോഹരമാണ് ആ കാലവും കാഴ്ചയും.
കാലങ്ങൾ പിന്നിട്ടപ്പോൾ മലയാള ദേശത്തിന്റെ പിന്മുറക്കാർ ജീവിതം തേടി സഹ്യനപ്പുറവും, കടൽ കടന്ന് അറബി നാട്ടിലും യൂറോപ്പിലുമൊക്കെ പ്രവാസികളായി എത്തുകയും, കത്തുന്ന മരുഭൂമിയിലും  മഞ്ഞു പെയ്യുന്ന ഇംഗ്ലീഷ് നാടുകളിലും അടക്കം,  ചെന്നെത്തിയ സകല  ദേശങ്ങളിലും, 
'കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ
ന്നന്യമാം രാജ്യങ്ങളിൽ'
എന്ന മഹാകവി പാലാ നാരായണൻ നായരുടെ വരികളെ  ശരിവെച്ചുകൊണ്ട്, പൂക്കളമൊരുക്കിയും ഓണസദ്യ നടത്തിയും കൊമ്പൻ മീശയും കുടവയറും ഓലക്കുടയുമായി മാവേലിയായി അവതരിച്ചും സ്‌റ്റേജിൽ വള്ളം കളി നടത്തിയും  നാട്ടിലേക്കാളും കേമമായി ഓണം കൊണ്ടാടി  നാട്ടോർമ്മകളെ അടയാളപ്പെടുത്തുന്നു.

നാട്ടിലെ ഓണം കാർഷികോത്സവം എന്നതിൽ നിന്നു മാറി കച്ചവടോത്സവം ആയി മാറിയിട്ട് കൊല്ലം കുറെയായി. ഓഫറുകളുടെ പെരുമഴക്കാലമാണ് ഓണക്കാലം. മുമ്പൊക്കെ ഓണം ബമ്പർ എന്ന കേരളാ ലോട്ടറിയുടെ വലിയ സമ്മാനത്തുക മാത്രമായിരുന്നു ഓണക്കാലത്തെ പ്രലോഭനമെങ്കിൽ ഇന്ന് പാർപ്പിടവും വാഹനവും വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും അടക്കം കേരളത്തിന്റെ ഷോപ്പിംഗ് ഫെസ്റ്റിവൽ കാലമായി ഓണം മാറി. മാവേലി പ്രജകളെ കാണാൻ വരുന്ന നേരത്ത് തന്നെ  വിദേശങ്ങളിലേക്ക് വിനോദയാത്ര നടത്താൻ ഗംഭീര അവധിക്കാല  പാക്കേജുമായി ട്രാവൽസുകാരൻ  മാവേലിയുടെ ചിത്രവുമായി മാടി വിളിക്കുന്നത് വലിയ തമാശയല്ലേ? 
എന്നാൽ പ്രവാസ നാട്ടിലെ  മലയാളി ഇപ്പോഴും ഒടുങ്ങാത്ത ഗൃഹാതുര സ്മരണകളുമായി ഓണം കാത്തിരിക്കുന്നു. ഫഌറ്റിന്റെ ഇത്തിരി മൂലയിലൊരു പൂക്കളം, സദ്യ, വാഴയില, അടപ്രഥമൻ....
ഓണം അടുക്കുന്നതോടെ  സദ്യയൊരുക്കുന്നതിൽ പേരുകേട്ട, നാട്ടിലെ പാചകരംഗത്തെ കേമന്മാരൊക്കെയും ഗൾഫിലെ മലയാളി റെസ്‌റ്റോറന്റുകൾക്ക് വേണ്ടി ഓണസദ്യ ഒരുക്കാൻ വിസിറ്റ് വിസയിൽ മരുഭൂമിയിൽ  വിമാനമിറങ്ങും. പാചക വിദഗ്ധന്റെ പേരും സദ്യവട്ടങ്ങളുടെ എണ്ണവും മികവും വെച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ പത്രത്തിൽ പരസ്യം വരും. മുണ്ടും ജൂബ്ബയും കേരളീയ സാരിയും മുല്ലപ്പൂവും ഒക്കെയായി ആണും പെണ്ണുമായ മലയാളികൾ ഓണനാളിൽ/തൊട്ടടുത്ത ഒഴിവുദിനമായ വെള്ളിയാഴ്ച ഓണസദ്യ കഴിക്കാൻ നേരത്തെ ബുക്ക് ചെയ്തും അല്ലാതെയും ഒഴുകിയെത്തുന്നു. പലപ്പോഴും തിരക്കും ബഹളവുമായി കൈയാങ്കളിയിൽ എത്തുന്നതും ഏറെനേരം കാത്തിരുന്നു സദ്യ കിട്ടാതെ മടങ്ങേണ്ടി വരുന്നതും സാധാരണം. എങ്കിലും അന്യായ വിലയിട്ട് ഓണസദ്യയൊരുക്കുന്ന, നാട്ടിലെ ചില മുന്തിയ ഹോട്ടലുകളിൽ സദ്യ വിളമ്പേണ്ടതിന്റെ രീതി അറിയാത്ത, ഓലനും പച്ചടിയും അവിയലും ഒക്കെ ചോദിച്ചാൽ അന്തംവിടുന്ന പാവം  ബംഗാളിയുടെ മുന്നിൽ കഥകളി കളിക്കേണ്ടി വരുന്ന ഗതികേടില്ല. 
ഓണം കഴിഞ്ഞാലും മാസങ്ങളോളം നീളുന്നതാണ് ഗൾഫിലെ ഓണാഘോഷം.   കുടവയറന്മാർക്ക് ഡിമാൻഡ് ഉള്ള കാലം കൂടിയാണിത്. ഓലക്കുട ചൂടി കൊമ്പൻമീശയും കിരീടവും  വെച്ച കുടവയറനായ മാവേലി ഇല്ലാതെ എന്ത് ഓണാഘോഷം. പാട്ടും നൃത്തവും വള്ളംകളിയും മത്സരങ്ങളുമായി മരുഭൂമിയിലും മലയാളിയുടെ ഓണാഘോഷം കെങ്കേമമാക്കുന്നു. ആകെയുള്ള അവധി ദിവസമായ വെള്ളിയാഴ്ചകളിൽ ഓരോ സംഘടനകളും കൂട്ടായ്മകളും ഒരുക്കുന്ന  ഓണാഘോഷങ്ങളുടെ വാർത്തകൾ  മാസങ്ങളോളം ഉണ്ടാകും പത്രങ്ങളിലും ചാനലുകളിലും.
ഗൾഫിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഒക്കെ മലയാളി കൂട്ടായ്മകൾ ഓണാഘോഷങ്ങളിലൂടെ സമാനമായി നാടോർമ്മകളെ  തിരിച്ചു പിടിക്കുന്നുണ്ട്. കേരളം കാണാത്ത പുതിയ തലമുറയ്ക്ക് പോലും നാടിന്റെ പേരിലുള്ള ഈ ഒരു ആഘോഷം ആഹ്ലാദകരമാണ്. 
ഗൾഫിനും യൂറോപ്പിനും ഒക്കെ മുമ്പുതന്നെ ചെന്നൈയിലും ബംഗളൂരുവിലും മുംബൈയിലും കൊൽക്കത്തയിലും ദൽഹിയിലും ഒക്കെയായി ജീവിതം തേടിപ്പോയ മലയാളി അന്നുമിന്നും ഓണം അതിഗംഭീരമായി ആഘോഷിക്കുന്നുണ്ട്.  നാട്ടിലെപ്പോലെ ഗംഭീരമായി തന്നെ പൂക്കളം ഒരുക്കാനും സദ്യയുണ്ടാക്കാനും ബന്ധുക്കളെയും നാട്ടുകാരെയും ഒക്കെ ക്ഷണിക്കാനും ഓണം കെങ്കേമമായി കൊണ്ടാടാനും ഇന്ത്യക്ക് പുറത്തുള്ള പ്രവാസിയേക്കാളും കേരളത്തിന് വെളിയിൽ കഴിയുന്ന നാടൻ പ്രവാസിക്ക് സാധിക്കുന്നുണ്ട്. സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളും കൂടിയാവുമ്പോൾ പൊലിമയോടെ കൊണ്ടാടപ്പെടുന്ന ഓണം കേരളം കടന്നന്യമാം ദേശങ്ങളിൽ തന്നെയാവുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൊക്കെ മികച്ച കഥകൾ എഴുതിയത് ദൽഹിയിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ പ്രവാസികളായി കഴിഞ്ഞ കാലങ്ങളിൽ ആയിരുന്നു. മാധവിക്കുട്ടി, ഒ.വി വിജയൻ, എം. മുകുന്ദൻ, എം.പി നാരായണ പിള്ള, സേതു,
കാക്കനാടൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്.....ഇവരുടെയൊക്കെ ഏറ്റവും മികച്ച കഥകൾ കൊണ്ട് സമ്പന്നമായ ഓണപ്പതിപ്പുകൾക്ക് വേണ്ടി കാത്തിരുന്ന നല്ല വായനക്കാരും  ഏറെയും പ്രവാസ ലോകത്തുതന്നെ ആയിരുന്നു. ഓണസദ്യ പോലെ ആസ്വദിച്ചു വായിച്ച കഥകളുടെ പൂക്കാലം കൂടിയായിരുന്ന ഓണക്കാലം കഥാ പ്രിയരുടെ ഹൃദ്യമായ ഗൃഹാതുരതയുടെ  ഓർമക്കാലം കൂടിയാണ്.  
ഓണാഘോഷത്തിന്റെ  ഐതിഹ്യം ഹിന്ദുക്കളുടെ  ആരാധനാ മൂർത്തിയായ   മഹാവിഷ്ണുവിന്റെ  അവതാരമായ വാമനനുമായി ബന്ധപ്പെട്ടായതിനാൽ ഓണം ഒരു ഹൈന്ദവ ആഘോഷമായി തന്നെയാണ് ഇതര മതസ്ഥർ ഗണിക്കുന്നത്. പക്ഷെ വിളവെടുപ്പുത്സവം എന്ന നിലയിൽ നാനാ മതസ്ഥരും ഇടകലർന്ന് കഴിയുന്ന മലയാളികളിൽ ഓണാഘോഷത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ആചാരങ്ങളിൽ ഇടപെടാതിരിക്കുകയും, ആഘോഷങ്ങൾ പരസ്പര സ്‌നേഹത്തിന്റെ കൊള്ളക്കൊടുക്കലുകൾക്കുള്ള അവസരമാക്കി മാറ്റുകയും ചെയ്യുക എന്ന മാനവികതയുടെ അന്തസ്സാർന്ന കാഴ്ചയായി ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാവണം അൽബിറൂനിയെ പോലെ ഒരു പണ്ഡിതൻ  പന്തലായനി കൊല്ലത്തെ ഓണാഘോഷത്തെ കുറിച്ച് പ്രത്യേകം എഴുതിയത്. ആ ആഘോഷത്തിന്റെ മുറുക്കം ഇന്നും നാട്ടിലേക്കാളും ഇഴയടുപ്പത്തോടെ പ്രവാസമണ്ണിലും തുടരുന്നുണ്ട് മലയാളി.
ദേശം വിട്ടുപോയവന്റെ ഏറ്റവും വലിയ പാഠപുസ്തകം അതിജീവനത്തിന്റെ ഇടങ്ങളിൽ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുമാണ്.  ആത്യന്തികമായി മനുഷ്യൻ ഒന്നാണ് എന്ന തിരിച്ചറിവ്. അവന്റെ വേദനകളും സങ്കടങ്ങളും മതദേശഭാഷാ വ്യത്യാസമില്ലാതെ ഒരേപോലെയാണ്  എന്ന തിരിച്ചറിവ്. അതുകൊണ്ടാണ് പ്രവാസിയുടെ മനസ്സിൽ വറ്റാത്ത കനിവിന്റെ ഉറവകൾ ഉണ്ടാകുന്നത്. ആരിലേക്കും സഹായമായി അത് നീളുന്നത്. അവനവനും ചുറ്റുപാടുമായി ഒരേ ഇടത്തിൽ  കഴിയുന്നവന്റെ മനസ്സ് കെട്ടി നിൽക്കുന്ന വെള്ളം പോലെ ദുഷിക്കും എന്നതിനാലവണം മത ഗ്രന്ഥങ്ങൾ മനുഷ്യനോട്  ഭൂമിയിലൂടെ സഞ്ചരിക്കാൻ ഉണർത്തിയത്.
പ്രവാസത്തിന്റെ ഒറ്റപ്പെടലും മടുപ്പും നാട്ടോർമ്മകളുടെ ഭാരവും ഗൃഹാതുരമായ ഓർമ്മകൾ കൊണ്ട് മറികടക്കാൻ കുതിക്കുന്ന പ്രവാസിക്ക് ഓണാഘോഷം നൽകുന്ന ആഹ്ലാദം ചെറുതല്ല. ഒന്നിച്ചിരുന്ന് നാടിന്റെ രുചിയുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടും, പാട്ടും കളിയും ആഘോഷവും ഒരുക്കിയും അവനവനെ തിരിച്ചു പിടിക്കുന്ന സന്തോഷ മുഹൂർത്തങ്ങൾ. അതുകൊണ്ടു തന്നെ കച്ചവടക്കാർക്കും ചാനലുകാർക്കും തീറെഴുതി കൊടുത്ത, നാട്ടിലെ ഓണമല്ല പ്രവാസത്തിന്റെ ദേശത്തെ മലയാളിക്ക്. ഏതു മണ്ണിൽ എത്ര ആഴത്തിൽ വേരിറങ്ങിയാലും സഹ്യനപ്പുറത്തുദിക്കുന്ന സൂര്യപ്രകാശത്തിലേക്ക് മാത്രമാണവന്റെ  കൊമ്പും ചില്ലകളും നീളുന്നത്. ഇന്നല്ലെങ്കിൽ നാളെ തിരിച്ചു പോകേണ്ട പിറന്ന നാടിനെ   കുറിച്ച് അവന്റെയുള്ളിൽ പതിഞ്ഞു പോയൊരു പാട്ടുണ്ട്. പൊള്ളയാണ് എന്നറിയാമെങ്കിലും അതവന്റെ സ്വപ്‌നം കൂടിയാണ്.

'നാരിമാർ, ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ' 

Latest News