Thursday , May   23, 2019
Thursday , May   23, 2019

സിക്ക എന്നാൽ നാണയം

 

സിക്ക എന്ന ഹിന്ദി വാക്കിനർഥം നാണയം.  അങ്ങനെയൊരു വാക്ക് പേരായിക്കിട്ടിയത് വിശാൽ സിക്കയുടെ ഭാഗ്യമോ നിർഭാഗ്യമോ? ഏതായാലും അതൊരു ആകസ്മികതയായിരുന്നു.  പാരമ്പര്യത്തിന്റെ ആകസ്മികത.  മകനു കിട്ടിയ തുട്ടിന്റെ പേർ ഇത്ര അന്വർഥമാകുമെന്ന് വിശാൽ സിക്കയുടെ അച്ഛനമ്മമാർ കരുതിയിരിക്കില്ല.  
ഗുജറാത്തിൽ ജനിച്ചു വളർന്ന് അമേരിക്കയിൽ പഠിച്ചു വന്ന ഈ പഞ്ചാബിക്ക് വയസ്സ് അമ്പത്.  അതിനിടെ അദ്ദേഹം വാങ്ങിക്കൂട്ടാൻ തുടങ്ങിയ വാർഷിക വേതനം അറുപതു ലക്ഷം ഡോളർ.  വേറെയൊരു അറുപതു ലക്ഷം ഡോളർ വില വരാവുന്ന കമ്പനി ഓഹരി പ്രോൽസാഹനം. കൗതുകമുള്ളവർ അതിന്റെ രൂപക്കണക്ക് കൂട്ടി നോക്കുക.  എനിക്ക് ഇനിയും മനസ്സിലാകാത്തതാണ് ഒരാളുടെ ശമ്പളമെന്ന നിലയിൽ ആ സംഖ്യ.
കഴിഞ്ഞ ആഴ്ച സിക്കയുടെ ജോലി പോയി.  ആ ഒരൊറ്റ കാരണത്താൽ കമ്പനിക്ക് ഓഹരി വിപണിയിൽ ഇരുപത്തീരായിരം കോടി രൂപ നഷ്ടമായി പോലും.  ഓഹരി വഴി അങ്ങനെ പൊടുന്നനവേ ഉണ്ടാകുന്ന ലാഭവും നഷ്ടവും  എനിക്കു മനസ്സിലാകാറില്ല.  അതറിയാൻ ഞാൻ വരുത്താറുള്ള ഒരേയൊരു പത്രത്തിൽ നോക്കി.  ഒരു കോളത്തിൽ അഞ്ചിലൊതുങ്ങുന്നതായിരുന്നു ഇൻഫോസിസ് എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ രാജി വാർത്ത.  കൂടുതൽ കോടികൾക്കു വേണ്ടി മറ്റൊരു ലാവണത്തിലേക്കു കയാറാനായിരുന്നില്ല സിക്കയുടെ രാജി.  
സിക്കയെ പുറത്താക്കാൻ അകത്തു തന്നെ സമ്മർദ്ദം പെരുകുകയായിരുന്നു.  ഇഷ്ടത്തോടെയായാലും നിർബന്ധിച്ചിട്ടായാലും ഇത്രയേറെ പണത്തിന്റെ നിർമ്മാണത്തെയും വ്യാപാരത്തെയും ബാധിച്ച നടപടി അധികം കാണില്ല.  ആ നിലക്ക് സാമ്പത്തികകാര്യങ്ങൾ സവിശേഷമായി കൈകാര്യം ചെയ്യാത്ത മാധ്യമങ്ങൾ സിക്കയുടെ രാജി ചർച്ച ചെയ്യുമെന്ന് ഞാൻ കരുതി.  എനിക്കു തെറ്റിപ്പോയി.  
അതു പോലെത്തന്നെ പ്രധാനമായിരുന്നു സൈറസ് മിസ്ട്രിയുടെ തിരോധാനം.  ടാറ്റയുടെ തലപ്പത്തായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.  താൻ അധ്യക്ഷനായ കമ്പനിയുടെ ഓഹരിയിൽ നല്ലൊരു പങ്ക് അദ്ദേഹത്തിനു സ്വാധീനമുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.  ഒരു ദിവസം, രായ്ക്കുരാമാനം, അദ്ദേഹത്തെ പുറത്താക്കി.  അതിനെച്ചൊല്ലിയുള്ള വ്യവഹാരം മുറുകിവരുന്നു.  ഇന്ത്യൻ ധനവ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ടാറ്റയുടെ അമരത്ത് നടന്ന ആ വേഷപ്പകർച്ച വിശദമായി ചർച്ചചെയ്യുന്നതാകും ഒന്നാം താളുകൾ എന്നു കരുതിയവർക്ക് വീണ്ടും തെറ്റി.  
ഓഹരിയുടെയും നിർമാണത്തിന്റെയും സാങ്കേതിക വിദ്യയുടെയും അപഗ്രഥനത്തിനു സ്ഥലം നീക്കിവെക്കാൻ താൽപര്യമില്ലാത്തവർക്കും ഇൻഫോസിസ്സിലെയും ടാറ്റയിലെയും നേതൃചലനങ്ങളിൽ കൗതുകം കാണാൻ കഴിയും.  ഇത്രയേറെ പണം പറ്റുന്നവർ അതെങ്ങനെ നേടുന്നു, എങ്ങനെ ചെലവഴിക്കുന്നു എന്ന അന്വേഷണം കൗതുകകരമായിരിക്കും.  ഓണത്തിനും മറ്റും സിനിമാനടികളെയും നാട്യപ്രവരന്മാരെയും മുൻ നിർത്തി നടത്തുന്ന മാധ്യമ ചർച്ച പോലെ, അമ്പതും നൂറും കോടി വാങ്ങുന്ന കമ്പനി മുഖ്യന്മാരുടെ ജീവിതശൈലിയും സംസാരവിഷയാമാക്കാവുന്നതാണ്.  സിക്ക മുടി വെട്ടുന്നതെങ്ങനെ, എപ്പോൾ, എവിടെ? മിസ്ട്രി ഇഷ്ടപ്പെടുന്ന വ്യായാമം ഏത്?   
അവർ വഴി ഉണ്ടാകുന്നതും അവർ നേടുന്നതുമായ ധനത്തിന്റെ വിനിയോഗത്തെപ്പറ്റിയാകണം പൊതു ചർച്ച എന്നു കരുതുന്നതാണ് യുക്തി.  അവർ നിശ്ചയിക്കുന്നതാവും മാതൃക, അവർ പുലർത്തുന്നതാകും മൂല്യസങ്കൽപം, അവർ പ്രദർശിപ്പിക്കുന്നതാവും പാണ്ഡിത്യം. ഇതൊന്നും ഇന്നത്തെ ധനശാസ്ത്രപാഠമല്ല.  പണ്ടും ചില പണ്ഡിതന്മാരൊക്കെ അങ്ങനെ പറഞ്ഞിരുന്നു.  യസ്യ അസ്തി വിത്തം, സ: നര: കുലീന:  സ: ഏവ പണ്ഡിത:  അങ്ങനെ പോകുന്നു സുഭാഷിതം.  പക്ഷേ സിക്കയുടെയും സൈറസ്സിന്റെയും കഥകൾ ഒന്നാം താളിൽ കയറാറില്ല.  അങ്ങനെ കയറണമെങ്കിൽ ഒന്നുകിൽ എന്തെങ്കിലും അത്യാപത്തുണ്ടാവണം, അല്ലെങ്കിൽ പതിവു വിട്ടെന്തെങ്കിലും ബഹുമതി കിട്ടണം.  
ഒരു കാലത്ത് ധനവൃത്താന്തം പരസ്യവും മറ്റു വാർത്തയും കൊടുത്തു കഴിഞ്ഞ് ബാക്കി വരുന്ന സ്ഥലത്ത് അച്ചടിക്കുന്നതായിരുന്നു.  വാണിജ്യവാർത്തക്കുള്ള പേജായി അതിനെ കണക്കാക്കിപ്പോന്നു.  അത് കൈകാര്യം ചെയ്യുന്നതോ താരതമ്യേന ഇളമുറക്കാരായ ഉപപത്രാധിപന്മാരും.  
കോമേഴ്‌സ് പേജിൽനിന്ന് പ്രധാനപ്പെട്ട പേജുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് സബ് എഡിറ്റർക്ക് വലിയ ബഹുമതിയായിരുന്നു.  പൊതുവേ വായിക്കപ്പെടാതെ വിട്ടു പോകുന്നതായിരുന്നു ആ പേജ്.  കമ്പോള നിലവാരവും കച്ചവടവാർത്തകളും ബുദ്ധിമാന്മാർക്കുള്ളതായി പത്രാധിപന്മാർ കരുതിയിരുന്നില്ല.  വിദേശവാർത്തകൾക്കുള്ള പേജിനോളം പ്രാധാന്യം അതിനുണ്ടായിരുന്നിരിക്കാം, അത്രയേ ഉള്ളു.  
ഒന്നാം പേജിൽ നിറയണമെങ്കിൽ പ്രധാനമന്ത്രിയുടെ പ്രഭാഷണമാകണം.  നമുക്കൊക്കെ അറിയാവുന്ന ഉപദേശങ്ങളും ആഹ്വാനങ്ങളും ആയിരിക്കും, എന്നാലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉരുവിട്ടാൽ അത് ഒന്നാം പേജിൽ കയറ്റേണ്ട കാര്യമായി.  
പാർലമെന്റിലെ, നിയമസഭയിലെ, ചർച്ചയിലും വാഗ്വാദത്തിലും മുഖരിതമാകുന്നതൊന്നും ഗഹനമായ ചിന്തയോ ജനസാമാന്യത്തിന്റെ മൗലികതാൽപര്യമോ ആകണമെന്നില്ല.  എന്നാലും നിയമസഭാവാർത്ത ഒന്നാം തരം തന്നെ.  അതിനുവേണ്ടി ചെലവാക്കുന്ന ഇടവും നേരവും മറ്റു വാർത്തകളുമായി ഇട തട്ടിച്ചുനോക്കൂ. വാർത്തക്കുവേണ്ടി ആളുകൾ റേഡിയോവിനെ ആശ്രയിച്ചിരുന്ന കാലം ഓർമ വരുന്നു.  നിയസഭയിൽ ഓരോരുത്തരും അപ്പപ്പോൾ പറയുന്ന വേദാന്തം ഒപ്പിയെടുത്ത് കേൾവിക്കാരിൽ എത്തിക്കാൻ പത്രാധിപർ ബദ്ധപ്പെട്ടിരുന്നു.
ഏറ്റവും ഒടുവിൽ കിട്ടിയ വാർത്തയായി അവതരിപ്പിക്കപ്പെടുന്നത് അപ്പോൾ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അംഗത്തിന്റെ ഗീർവാണമായിരിക്കും.  പ്രസംഗിക്കുന്നവരുടെയെല്ലാം ഓരോ വാചകമെങ്കിലും പത്തുമിനിറ്റ് ബുള്ളറ്റിനിൽ കുത്തിനിറക്കണം.  ഒരാളെ വിട്ടുപോയാൽ അവകാശലംഘനമാകാം.  പരാതിയാകുമെന്നത് മൂന്നു തരം.  വിജ്ഞാനത്തിന്റെയോ വെളിപാടിന്റെയോ പുതിയ വെളിച്ചമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല.  നിലക്കാതെ പോകുന്ന ആ വാക്‌വൃഷ്ടി കേൾക്കാാൻ ജനം കോരിത്തരിപ്പോടെ കാത്തിരിക്കുന്നുവെന്നാണ് വിചാരം.  ഭൗതികസാഹചര്യങ്ങളുടെ രൂപീകരണവുമായി നേരിട്ടു ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ആ വിചാരത്തിൽ കയറി വരാറില്ല.  കയറി വരണമെങ്കിൽ എന്തെങ്കിലും കുംഭകോണം നടന്നിരിക്കണം.  അല്ലെങ്കിൽ, സാമന്യവിജ്ഞാനത്തിന്റെ  ലഘുതമ ഘടകം ഉൾക്കൊള്ളാവുന്നവർക്ക് രസിക്കാവുന്ന എന്തെങ്കിലുമാകണം.  
ധനവാർത്തക്ക് പ്രാധാന്യം കൊടുക്കാത്ത മാധ്യമശൈലി മലയാളത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നില്ല.  അമ്പതു കൊല്ലം മുമ്പ് ധനകാര്യം മാത്രം കൈകാര്യം ചെയ്തിരുന്ന ദിനപത്രങ്ങൾ ഇംഗ്ലിഷിൽ രണ്ടേ ഉണ്ടായിരുന്നുള്ളു.  വാരികകളും അതിലേറെയൊന്നുമുണ്ടായിരുന്നില്ല.  ധനലോകം മുഴുവൻ അവയിൽ ഒതുങ്ങിയിരുന്നു.  
അല്ലെങ്കിൽ, പൊതു പത്രങ്ങളുടെ വാണിജ്യപേജുകൾ കൂടി കൂട്ടിക്കോളൂ.  ബാക്കി നേരവും ഇടവുമെല്ലാം രാഷ്ട്രീയം തന്നെ, രാഷ്ട്രീയം.  
എന്നുവെച്ചാൽ പല തലങ്ങളിലുള്ള നേതാക്കന്മാരുടെ ഉദീരണങ്ങളും ഉദരപൂരണങ്ങളും വഴക്കുകളും വക്കാണങ്ങളും ആഗ്രഹങ്ങളും അടവുകളും തന്നെ.  എവിടെയും എപ്പോഴും ഉരുക്കഴിക്കുന്നത് രാഷ്ട്രീയത്തിന്റെ കളികളും കസർത്തുകളുമായിരിക്കും.  സ്വാധീനവും സാമർഥ്യവുമുള്ളവരുടെ ഭാവി സാധ്യതകളും പരിപാടികളും അതിനിടയിൽ കടന്നു വരും.  അവർക്കു കിട്ടേണ്ടതെന്ന് അവർ കരുതുന്ന പദവിയും ബഹുമതിയും കിട്ടിയില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീണെന്നു വരില്ല.  പക്ഷേ അവരുടെ നൈരാശ്യവും ക്രോധവുമായിരിക്കും പലപ്പോഴും ഒന്നാം പേജിലെ വാർത്ത.  അതു തങ്ങളെ സാരമായി ബാധിക്കുന്നുവെന്നാകും ജനത്തിന്റെ ധാരണ.  
അല്ലെങ്കിൽ വിനോദവ്യവസായത്തിന്റെ വർത്തമാനമാകും.  ഓണമാകട്ടെ, വിഷുവാകട്ടെ, അല്ലത്തൊരവസരമാകട്ടെ, രാഷ്ട്രീയത്തോളം വിറ്റു പോകുമെന്ന് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നതാണ് നടീനടന്മാരുടെ ഇംഗിതങ്ങളും ഇഷ്ടക്കേടുകളും.  
അവരുടെ സൗന്ദര്യധാരണകളെപ്പറ്റി, അവരുടെ ജീവിതവിതാനങ്ങളെപ്പറ്റി, അവർ വായിക്കാത്ത പുസ്തകങ്ങളെയും ആസ്വദിക്കാത്ത ശിൽപങ്ങളെയും പറ്റി അവരുമായി നടത്തുന്ന സംഭാഷണമാകും വിപണനത്തിനു പാകമായ കാര്യങ്ങളെന്ന് വിദഗ്ധന്മാർ ശഠിക്കുന്നു.  അവരുടെ ശാഠ്യം മാധ്യമത്തിന്റെ അവബോധം രൂപപ്പെടുത്തുന്നു.  സിനിമാസംവാദവും തുണിയുടെയും ആഭരണത്തിന്റെയും പരസ്യവും രാഷ്ട്രീയജാടയും കഴിച്ചാൽ പിന്നെ മാധ്യമങ്ങളിൽ എന്ത് അവശേഷിക്കുമെന്ന് ആലോചിച്ചു നോക്കുക.  
 

Latest News