Monday , June   17, 2019
Monday , June   17, 2019

വേണം, ഒരു ഏകോപനം

സംഘടനകൾ ഒരേ സമയം ഒരേ ഹാജിമാർക്ക് സേവനത്തിനായെത്തുമ്പോൾ സഹായങ്ങൾകൊണ്ട് ഹാജിമാർ വീർപ്പുമുട്ടുകയാണ്. സഹായങ്ങൾ നൽകുന്നതിനുള്ള തിക്കും തിരക്കിനുംവരെ ഇതിടയാക്കുന്നു. ഒരേ സമയം ഒരേയിടത്തുതന്നെ സേവനങ്ങൾ കുമിഞ്ഞു കൂടുന്നതിനു പകരം അതു പല സമയങ്ങളിൽ പല ഭാഗത്തേക്കായി തിരിച്ചു വിടുന്നതിനുള്ള ഏകോപനം കൂടി ഉണ്ടായാൽ ഇപ്പോൾ കാഴ്ചവെക്കുന്ന സേവനങ്ങൾക്ക് മാറ്റ് കൂടും. 

പരിശുദ്ധ ഹജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സന്നദ്ധ സേവകർ നടത്തിവരുന്ന സേവനങ്ങൾ സമാനതകളില്ലാത്തതാണ്. ലോകത്തെ മറ്റൊരു തീർഥാടകർക്കും ലഭ്യമല്ലാത്തത്ര സഹായ സഹകരണങ്ങളാണ് ഉപജീവനാർഥം ഇവിടെ എത്തിയിട്ടുള്ള മലയാളി സഹോദരങ്ങൾ കൊച്ചു കേരളത്തിൽനിന്നുള്ള ഹാജിമാർക്ക് നൽകിവരുന്നത്. മുൻ കാലങ്ങളിൽ ഇത്തരം സേവനങ്ങൾ കേരള ഹാജിമാരിൽ മാത്രം ഒതുങ്ങിയിരുന്നുവെങ്കിൽ ഇന്നത് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാർക്കും മറ്റു രാജ്യക്കാരായ ഹാജിമാർക്കു വരെയും ലഭ്യമാവുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ മലയാളി ഹാജിമാർ തന്നെയാണ് ഭാഗ്യവാന്മാർ.  ഹാജിമാർ പുണ്യ ഭൂമിയിൽ എത്താൻ തുടങ്ങുന്ന ദിവസം മുതൽ അവസാന ഹാജി മടങ്ങുന്നതുവരെ സേവന രംഗത്ത് കർമ നിരതരായ വളണ്ടിയർമാരുണ്ട്. പലരും കഠിനമായ ജോലികൾ ചെയ്താണ് അന്നം തേടുന്നതെങ്കിലും അതു കഴിഞ്ഞു കിട്ടുന്ന സമയം ഹാജിമാർക്ക് സേവനത്തിനായി നീക്കിവെക്കാൻ മടികാണിക്കാറില്ല. അല്ലാഹുവിൽനിന്നുള്ള പ്രീതിയല്ലാതെ ഒരു പ്രതിഫലവും ഇച്ഛിക്കാതെയാണ് രാപ്പകലില്ലാതെ ഇവർ കർമനിരതരാവുന്നത്. 
പതിവു പോലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഈ വർഷവും മൂവായിരത്തിലേറെ വളണ്ടിർമാർ ഹജ് സേവന രംഗത്തുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അതിൽ കുറേ പേർ കർമനിരതരായി കഴിഞ്ഞു. ഇന്ത്യൻ ഹജ് മിഷനും സൗദി ഹജ് മന്ത്രാലയം അടക്കമുള്ള സൗദി അധികൃതരും വളണ്ടിയർമാർ നൽകിവരുന്ന സേവനങ്ങളെ വാഴ്ത്തിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അധികൃതരുടെ ഭാഗത്തുനിന്നുള്ള നിയമപരമായ സഹകരണവും ഇവർക്കു ലഭിക്കുന്നുണ്ട്. ഇത് ഇവരുടെ സേവനങ്ങളെ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നു. ഹാജിമാർ മക്കയിലും മദീനയിലും എത്താൻ തുടങ്ങിയതു മുതൽ ഇവരുടെ സേവനം ലഭ്യമാണ്. വരും ദിവസങ്ങളിൽ ഹജ് കർമങ്ങൾ നടക്കുന്ന മിനയിലും അറഫയിലും മുസ്ദലിഫയിലേക്കും അതു നീളും. അതിനായുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുകയാണ്. മുൻ കാലങ്ങളിൽ മക്ക, മദീന, ജിദ്ദ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു സന്നദ്ധ പ്രവർത്തനത്തിൽ വ്യാപൃതരായിരുന്നതെങ്കിൽ ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വളണ്ടിയർമാരും സേവനത്തിനായി എത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളും വരെ സന്നദ്ധ സേവകരായുണ്ട്. സ്ത്രീകൾ കൂടി രംഗത്തു വന്നതോടെ അതു തീർഥാടകരായ വനിതകൾക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. വിദ്യാർഥികളായ കുട്ടികളും തങ്ങളെക്കൊണ്ടാവുന്ന രീതിയിൽ സേവനവുമായി രംഗത്തുണ്ട്.
സേവന മനഃസ്ഥിതിയുടെ കാര്യത്തിൽ മലയാളികളെ വെല്ലാൻ ആരുമില്ലെന്നു വേണം പറയാൻ. ആദ്യ കാലങ്ങളിൽ വിവിധ സംഘടനകൾ ഒത്തൊരുമിച്ച് ഒരു ബാനറിനു കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിൽ പിന്നീടത് വിവിധ ബാനറുകൾക്കു കീഴിലാക്കി. രാഷ്ട്രീയവും പ്രവർത്തന ശൈലികളുമെല്ലാമാണ് വ്യത്യസ്ത ബാനറുകൾക്ക് വഴിയൊരുക്കിയതെങ്കിലും ഹാജിമാരെ സംബന്ധിച്ചിടത്തോളം അതു ഗുണകരമായി മാറുകയായിരുന്നു. ഹാജിമാർക്ക് കൂടുതൽ സേവനം ലഭ്യമാവാൻ അതു സഹായകരമായി. മാത്രമല്ല, മത്സരം മുറുകിയതോടെ പ്രവർത്തന ശൈലിയിലും കാതലായ മാറ്റം അതുണ്ടാക്കി. സേവനം നൽകാൻ വളണ്ടിയർമാർ ഹാജിമാരെ തേടി നടക്കുന്നിടത്തേക്കുവരെ അതു കൊണ്ടെത്തിച്ചു. 
പക്ഷേ, ഇനി വേണ്ടത് ഒരു ഏകോപനമാണ്. അതുണ്ടായാൽ പ്രവർത്തന മേഖല വിപുലീകരിക്കാനും കൂടുതൽ പേരിലേക്ക് സേവനം എത്തിക്കാനും സേവന രംഗത്തുള്ളവർക്ക് മതിയായ വിശ്രമത്തിനും അതു സഹായിക്കും. സേവന രംഗത്തുള്ളവരിൽ ബഹുഭൂരിഭാഗവും മലയാളികളായതിനാൽ മലയാളി ഹാജിമാർക്ക് സേവനം ചെയ്യാനാവും അധികപേർക്കും താൽപര്യം. മലയാളി ഹാജിമാരുടെ വരവ് തുടങ്ങിയതോടെ വളണ്ടിയർ സേവന രംഗത്തിറങ്ങാറുള്ള എല്ലാ സംഘടനകളും സജീവമാകാൻ തുടങ്ങി. വിമാനത്താവളം മുതൽ താമസ കേന്ദ്രങ്ങളിലെത്തുന്നതുവരെ അവരെ സ്വീകരിക്കാനും കഞ്ഞിയും കുടിവെള്ളവും തുടങ്ങി മറ്റു ഭക്ഷണ സാധനങ്ങൾ നൽകാനും മത്സരിക്കുകയാണ്. ഉംറ ഉൾപ്പെടെയുള്ള കർമങ്ങൾ നിർവഹിക്കാനാവശ്യമായ സഹായങ്ങളും അവർ നൽകിവരുന്നു. 
സത്യത്തിൽ വ്യത്യസ്ത സംഘടനകൾ ഒരേ സമയം ഒരേ ഹാജിമാർക്ക് സേവനത്തിനായെത്തുമ്പോൾ സഹായങ്ങൾകൊണ്ട് ഹാജിമാർ വീർപ്പുമുട്ടുകയാണ്. സഹായങ്ങൾ നൽകുന്നതിനുള്ള തിക്കും തിരക്കിനുംവരെ ഇതിടയാക്കുന്നു. ഒരേ സമയം ഒരേയിടത്തുതന്നെ സേവനങ്ങൾ കുമിഞ്ഞു കൂടുന്നതിനു പകരം അതു പല സമയങ്ങളിൽ പല ഭാഗത്തേക്കായി തിരിച്ചു വിടുന്നതിനുള്ള ഏകോപനം കൂടി ഉണ്ടായാൽ ഇപ്പോൾ കാഴ്ചവെക്കുന്ന സേവനങ്ങൾക്ക് മാറ്റ് കൂടും. ഇക്കാര്യത്തിൽ സംഘടനാ നേതാക്കൾ കൂടിയിരുന്ന് ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയാറാവണം. ഓരോ സംഘടനകളിലേയും വളണ്ടിയർമാരെ ഓരോ മേഖലകളിലേക്കും തിരിച്ചു വിടുന്നതിനും കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുമുള്ള കർമ പദ്ധതികൾക്ക് രൂപം നൽകണം. അങ്ങനെയായാൽ അതു കൂടുതൽ പേരിലേക്ക് സേവനം എത്തിക്കുന്നതിനും ഒരേയിടത്തുതന്നെ മത്സരം കാഴ്ചവെക്കുന്നത് അവസാനിപ്പിക്കാനും കഴിയും. ഇപ്പോൾ കേരളത്തിൽനിന്നു വന്നുകൊണ്ടിരിക്കുന്ന ഹാജിമാർക്ക് മുൻപാകെ സഹായവുമായി എല്ലാ സംഘടനകളുടെ വളണ്ടിയർമാരും ഓടിയെത്തുന്നതിനു പകരം വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത കെട്ടിടങ്ങളിലെത്തുന്ന ഹാജിമാർക്ക്  ഒരു പോലെ സേവനം ലഭ്യമാവാൻ വളണ്ടിയർമാരെ ഗ്രൂപ്പുകളായി തിരിച്ചും ഓരോ പ്രദേശത്തെ പ്രവർത്തനങ്ങൾ ഓരോ സംഘടനകൾ ഏറ്റെടുക്കുകയും ചെയ്താൽ അതു കൂടുതൽ പ്രയോജനകരമായി മാറും. രണ്ടും മൂന്നും ദിവസങ്ങൾ കൂടുമ്പോൾ ഏറ്റെടുത്ത പ്രദേശങ്ങൾ പരസ്പരം മാറിയും സേവനം കാഴ്ചവെച്ചാൽ എല്ലായിടത്തും എല്ലാ സംഘടനകളുടേയും സേവനം എത്തിക്കുന്നതിനും കഴിയും. അത്തരമൊരു കർമ പദ്ധതിക്ക് സംഘടനാ നേതാക്കൾ രൂപം നൽകുകയും അതു പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്താൽ കേരളക്കരയുടെ സന്നദ്ധ സേവന മഹത്വം ലോകമെങ്ങും പരക്കും. അതിനായുള്ള പരിശ്രമങ്ങൾക്ക് സംഘടനാ നേതാക്കൾ കൈകോർക്കാൻ തയാറാവണം.