Monday , June   17, 2019
Monday , June   17, 2019

ഓർമകളിൽ പെയ്തു തോരാത്ത പെരുമഴക്കാലം

റസാഖും മമ്മൂട്ടിയും മോഹൻലാലും
റസാഖും സിബിമലയിലും

ഞാൻ ആരുമല്ലെന്ന് എനിക്ക് അറിയാവുന്നത്ര മറ്റാർക്കും അറിയില്ല.
- ടി.എ.റസാഖ് (പെരുമഴക്കാലം)

മലയാള ചലച്ചിത്ര ലോകത്ത് എഴുത്തിന്റെ പുതിയ ജാലകം തുറന്നിട്ട ടി.എ. റസാഖ് എന്ന അതുല്യപ്രതിഭ ഓർമയായിട്ട് ഒരുവർഷം തികയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നാണ് കരൾ രോഗം മൂർഛിച്ച്  ടി.എ.റാസാഖ് വിടവാങ്ങിയത്. നാടകകാരൻ, പത്രാധിപർ, കെ.എസ്.ആർ.ടി.സി ജീവനക്കാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ് അതിലുപരി നാടറിയുന്ന, നാട്ടുകാർ അറിയുന്ന സഹൃദയൻ - അതായിരുന്നു 59-ാം വയസ്സിൽ വിടപറഞ്ഞ ടി.എ.റസാഖ് എന്ന നാട്ടുകാരുടെ കുഞ്ഞാപ്പു. 
30 വർഷം കൊണ്ട് മലയാള സിനിമക്ക് 30 സിനിമകൾ നൽകി ടി.എ.റസാഖ് വിടവാങ്ങിയപ്പോൾ മലയാള സിനിമക്ക് നഷ്ടമായത് പച്ചയായ മനുഷ്യന്റെ കരുത്തുറ്റ ജീവിതങ്ങൾ അഭ്രപാളിയിലേക്ക് പകർത്തിയ കലാകാരനെയാണ്.  റസാഖിനോടുള്ള ആദരവ് മുൻനിർത്തി മഹാകവി മോയീൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ടി.എ റസാഖ് ഓഡിയോ വിഷ്വൽ തിയേറ്റർ നിർമിച്ചാണ് ഓർമ്മ പുതുക്കുന്നത്. ഓഗസ്റ്റ് 15 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം റസാഖ് 22 മത്തെ വയസ്സിൽ എഴുതി സംവിധാനം ചെയ്ത അവസാന നാടകമായ ഉണർത്തുപാട്ട് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അരങ്ങിലെത്തിക്കുകയുമാണ്.

തുറക്കലിലെ അരങ്ങിൽനിന്ന് 

ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യരുടെ ജന്മംകൊണ്ട് അനുഗൃഹീതമായ കൊണ്ടോട്ടിയിലേക്കുളള കവാടമാണ് തുറക്കൽ ഗ്രാമം. അതുകൊണ്ട് തന്നെ കലാകാരന്മാരാൽ പുകൾപെറ്റ ഗ്രാമം എന്ന ഖ്യാതി കൂടിയാണ് തുറക്കലിനുള്ളത്. ഓരോ ഇരുപത് തുറക്കൽ നിവാസികളിലും ഒരു കലാകാരനുണ്ടൊണ് ചൊല്ല്. അത് ശരിവെക്കുന്നതാണ് ടി.എ. റസാഖ് എന്ന അതുല്യ പ്രതിഭയടക്കമുളളവരുടെ ജന്മവും. സ്‌കൂൾ പഠന കാലയളവിലെ വായന, നാടകം, മിമിക്രി എന്നിവയായിരുന്നു റസാഖിന്റെ കുട്ടിക്കാലം. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന പിതാവ് ടി.എ.ബാപ്പു മകനെ വായനാ ശീലമുളളവാനാക്കി മാറ്റിയിരുന്നു. തുറക്കൽ ഗ്രാമത്തിൽ റസാഖിന്റെ കൂടി നിർദേശത്തിൽ ഒരു ക്ലബ്ബും ആരംഭിച്ചു. അരങ്ങ് എന്ന് അതിന് പേരിട്ടു. റസാഖെന്ന പ്രതിഭയുടെ അരങ്ങേറ്റമായിരുന്ന ക്ലബ്ബ് ഇന്നും കലാകാരന്മാരാൽ സമ്പുഷ്ടമാണ്. കൊളത്തൂർ എ.എം.എൽ.പി സ്‌കൂൾ, കൊണ്ടോട്ടി ഗവ. ഹൈസ്‌കൂൾ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. റസാഖായിരുന്നു അക്കാലത്ത് നാടക പ്രവർത്തകൻ. മൽസരങ്ങൾ പലപ്പോഴും റസാഖിന്റെ നാടകത്തോടായിരുന്നു. തുറക്കൽ സ്വദേശി നരനാട്ട് അപ്പുണ്ണി തുറക്കലിലെ എൻ.എൻ പിള്ളയായിരുന്നു.    റസാഖ് അപ്പുണ്ണിയുടെ കൂടെ സ്റ്റേജ് നാടകങ്ങളും, തെരുവ് നാടകങ്ങളും അഭിനയിച്ചും എഴുതിയും നടന്നു. പിന്നീടാണ് തുറക്കലിലെ ഇടവഴിയിൽ നിന്ന് റസാഖ് എന്ന പ്രതിഭ സിനിമയുടെ ഇടനാഴിയിലേക്ക് ചുവട് വെക്കുന്നത്. 
നാടകവും സാംസ്‌കാരിക പ്രവർത്തനവുമായി മുന്നേറുന്നതിനിടെ വര എന്ന പേരിൽ മാസിക പ്രസിദ്ധീകരണം ആരംഭിക്കാനും റസാഖ് തുനിഞ്ഞു. ഇതിനിടയിലായിരുന്നു പിതാവിന്റെ വിയോഗം. റസാഖ് കുടംബത്തിന്റെ വല്യേട്ടനായതോടെ പ്രാരാബ്ധങ്ങൾ ചുമലിലായി. പിതാവിന്റെ സർവീസിലുളള വിയോഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ ക്ലാർക്കായി ജോലി ലഭിച്ചു.

മലപ്പുറത്തെ സൗഹൃദ വലയം

മലപ്പുറം കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുമ്പോഴും റസാഖിന്റെ നെഞ്ചിനുളളിൽ എഴുത്തിന്റെ നിഴലാട്ടം തന്നെയായിരുന്നു.   മലപ്പുറത്തെ സായാഹ്നങ്ങളിൽ സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കൂടാരം കെട്ടുകയായിരുന്നു റസാഖ്. മണമ്പൂർ രാജൻബാബു, പി.സുരേന്ദ്രൻ, തിരക്കഥാകൃത്ത് അമ്പാടി ഹനീഫ തുടങ്ങിയവരുടെ നിത്യസന്ദർശനം റസാഖിനെ എഴുത്തിന്റെ വഴിയെ നടത്തി. നാടക രചന നിർവഹിക്കുന്ന കാലം തൊട്ടുള്ള മോഹമായിരുന്ന സിനിമാ പ്രവേശനത്തിന് സുഹൃത്തുക്കൾ കരുത്ത് പകർന്നു. സംവിധായകൻ എ.ടി അബുവിനെ പരിചയപ്പെടുന്നതും സിനിമ പഠിക്കാൻ ഇറങ്ങിത്തിരിക്കുന്നതും അക്കാലത്താണ്.
   നാടകവും ജോലിയുമായി മുന്നേറുമ്പോഴും നാട്ടിലെ സൗഹൃദം കാത്ത് സൂക്ഷിക്കാൻ റസാഖിനായിരുന്നു. ആയതിനാൽ തന്നെ റസാഖിന്റെ രചനകളിൽ എന്നും പച്ചയായ മനുഷ്യരുടെ ജീവിതം കടന്നുവന്നു. പത്താം ക്ലാസിനു ശേഷം താൻ കണ്ടതും കേട്ടതും വായിച്ചതുമായ അറിവുകൾ മാത്രമായിരുന്നു റസാഖിന്റെ വിദ്യാഭ്യാസം. അതുവെച്ചു കൊണ്ട് തന്നെ റസാഖ് സിനിമയിലൂടെ സംവദിച്ചു. പ്രേംനസീർ അവസാനമായി അഭിനയിച്ച ധ്വനി എന്ന ചിത്രത്തിൽ എ.ടി.അബുവിന്റെ സംവിധാന സഹായായി സിനിമയിലെത്തി. പിന്നീട് ലെനിൻ രാജേന്ദ്രന്റെ വചനം എന്ന ചിത്രത്തിന്റെയും സഹസംവിധായകനായി. അതുകഴിഞ്ഞാണ് ചലച്ചിത്ര രചനയിൽ റസാഖ് സ്വതന്ത്രമായ ഇടം കണ്ടെത്തുന്നത്.

ഘോഷയാത്രയുമായി വന്ന റസാഖ്

തിരുവനന്തപുരത്തുകാരനായ ജി.എസ്. വിജയനാണ് ഏറനാട്ടുകാരനായ ടി.എ.റസാഖിന്റെ തിരക്കഥ ആദ്യം സിനിമയിൽ പകർത്തുന്നത്. ഫസ്ഖ് എന്ന നാടകം  സിനിമയാക്കുന്ന ചർച്ച വന്നപ്പോൾ ജി.എസ്.വിജയനോട് നടൻ തിലകനാണ് റസാഖ് എന്ന നാടകകാരനെക്കുറിച്ച് പറഞ്ഞത്. പതിവ് എഴുത്തുകാരിൽ നിന്ന് അക്കഥ പറയാൻ നല്ലത് ഏറനാട്ടുകാരനായ ടി.എ.റസാഖ് തന്നെയാണെന്ന് ഞാൻ ഉറപ്പിക്കുകയായിരുന്നവെന്ന് ജി.എസ്.വിജയൻ പറയുന്നു. ആ സിനിമയായിരുന്നു ഘോഷയാത്ര. റസാഖിന്റെ അന്നത്തെ നിരീക്ഷണവും എഴുത്തിന്റെ താളവും അന്നേ ഞാനുറപ്പിച്ചതായിരുന്നു അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുമെന്ന്. പിന്നീട് എന്റെ സാഫല്യം എന്ന സിനിമക്കും റസാഖായിരുന്നു തിരക്കഥയൊരുക്കിയത് - വിജയൻ പറയുന്നു. 
മുസ്‌ലിം സമുദായത്തിലെ ജീർണതകൾക്കും മൂല്യച്യുതികൾക്കുമെതിരെയായിരുന്നു റസാഖിന്റെ തൂലിക ചലിച്ചത്. മൊഴി ചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കാൻ അവളെ രണ്ടാംകെട്ടിന് പ്രേരിപ്പിക്കുന്ന കഥ പറഞ്ഞാണ് റസാഖ് ഘോഷയാത്രയിലൂടെ സിനിമയിലേക്ക് കടക്കുന്നത്. പിന്നീട് ഹിറ്റുകളും സൂപ്പർ ഹിറ്റുകളും കലാമൂല്യവുമുളള സിനിമകൾ റസാഖ് എഴുതിയത് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

മലയാളത്തിലെ കഥയുടെ പെരുമഴക്കാലം

റസാഖിനോടൊപ്പം ആര് കൂടിയാലും പച്ചയായ മനുഷ്യരുടെ ജീവിതത്തിന്റെ ഗൗരവമുള്ള കഥകളുണ്ടാകുമെന്ന് സംവിധായകൻ കമൽ പറയുന്നു. 30 സിനിമകൾ രചിച്ച റസാഖ് കമലിനു വേണ്ടി മാത്രം ഒരുക്കിയത് വിഷ്ണുലോകം, ഭൂമിഗീതം, ഗസൽ, പെരുമഴക്കാലം,   രാപ്പകൽ എന്നീ അഞ്ചുസിനിമകളാണ്. റസാഖിന്റെ ആദ്യഹിറ്റ് സിനിമയായിരുന്നു മോഹൻലാൽ നായകനായ വിഷ്ണുലോകം. വീണിടം വിഷ്ണുലോകം എന്ന ഒരുവാചകത്തിൽ നിന്നാണ് റസാഖ് നാടോടികളായ തെരുവ് സർക്കസുകാരുടെ കഥ വിഷ്ണുലോകത്തിലൂടെ പറഞ്ഞുവെച്ചത്. ഹിറ്റ്ഗാനങ്ങളും ഉർവ്വശി, ജഗദീഷ്, ശാന്തികൃഷ്ണ, മുരളി, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബാലൻ.കെ.നായർ തുടങ്ങിയ പ്രതിഭകളുടെ അഭിനയവും കൊണ്ട് സിനിമ സൂപ്പർ ഹിറ്റായി.
ഗസൽ, പെരുമഴക്കാലം എന്നീ സിനിമകൾ റസാഖിനും കമലിനും അംഗീകാരങ്ങളും പ്രശസ്തിയും ഏറെ നേടിക്കൊടുത്തതാണ്. ഗസലിൽ സമുദായത്തിലെ ഫ്യൂഡൽ വ്യവസ്ഥകളെ പൊളിച്ചെഴുതുകയായിരുന്നു റസാഖ്. ശൈഖ് ബുർഹാനുദ്ദീൻ തങ്ങൾ തന്റെ അഭീഷ്ടങ്ങളും മോഹങ്ങളുമായി അതിരുകളറിയാതെ പാറിപ്പറക്കുന്ന പക്ഷിയാവുമ്പോൾ അതിന്റെ ചിറകരിയാൻ റസാഖ് കണ്ടെത്തിയത് തങ്ങളാൽ വഞ്ചിച്ച സ്ത്രീയെ കൊണ്ട് തന്നെയാണ്. ഏറെ വിവാദങ്ങളും സിനിമയെച്ചൊല്ലിയുണ്ടായെങ്കിലും മികച്ച ഗാനങ്ങളാൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമക്കായി പള്ളി സെറ്റിട്ട് അറേഞ്ച് ചെയ്യാനെത്തിയപ്പോൾ അത് പ്രദേശത്തുകാർ തടഞ്ഞത് അവർക്ക് ഉൾക്കൊളളാൻ കഴിയുന്ന രീതിയിൽ സെറ്റിലെ പള്ളി മാറിയതിനാലാണെന്ന് കമൽ ഓർക്കുന്നു.
വധിക്കപ്പെട്ട ആളുടെ അടുത്ത ബന്ധുക്കൾ മാപ്പ് കൊടുത്താൽ വധശിക്ഷ ഒഴിവാക്കിക്കിട്ടുമെന്ന ഗൾഫ് നിയമത്തിൽ പെരുമഴയോരത്ത് ദയാ ഹർജിയുമായി തട്ടമിട്ടുവരുന്ന പെൺകിടാവിന്റെ കവിളിലെ കണ്ണുനീർ വടിച്ചെടുക്കാനാണ് റസാഖ് പെരുമഴക്കാലത്തിലൂടെ ശ്രമിച്ചതെന്ന് കമൽ പറയുന്നു. റസിയയും ഗംഗയും ഇരുധ്രുവത്തിൽ ജീവിക്കുന്നവർ. അവരെ റസാഖ് ഒന്നിപ്പിക്കുന്നത് ഗൾഫിൽ കൊലപാതക കേസിൽ കുടുങ്ങിയ ഒരു പ്രവാസിക്ക് കൊല്ലപ്പെട്ടയാളുടെ ഭാര്യ മാപ്പു കൊടുത്ത വാർത്ത കേട്ടതിൽ നിന്നാണ്. റസാഖിന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം കൂടിയാണിത്. പിന്നീട് ഞങ്ങളുടെ കൂട്ടുകെട്ടിൽ മമ്മൂട്ടിയും, നയൻതാരയും വീട്ടുജോലിക്കാരായി എത്തിയ രാപ്പകൽ എന്ന സിനിമയുമുണ്ടായി. അതു സൂപ്പർ ഹിറ്റായി മാറി. 

മനുഷ്യത്വമുള്ള ആയിരത്തിൽ ഒരുവൻ

സിനിമയിൽ സൗഹൃദങ്ങൾ കുറഞ്ഞ് വരുന്ന കാലത്ത് റസാഖ് എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. ആയതിനാൽ തന്നെ മരണം എത്തുന്നത്‌വരെ ആ സൗഹൃദങ്ങൾ റസാഖ് കാത്ത് സൂക്ഷിച്ചു. സിനിമക്കാർ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആ സൗഹൃദ വലയത്തിലുണ്ടായിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും അതിനെ സരസമായി നോക്കി കാണാൻ കഴിയുന്ന മനസ്സിനുടമയായിരുന്നു റസാഖ് എന്ന് സംവിധായകൻ സിബി മലയിൽ ഓർക്കുന്നു. ആ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യു.വിലെ ഫോണിലൂടെ തന്നെ വിളിച്ച് കാണാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം ആശുപത്രിയിലെത്തിയ തന്നെ ഐ.സി.യുവിന്റെ ഗ്ലാസിന്  പുറത്ത് നിന്ന് കണ്ടപ്പോഴും തിരിച്ചുവരവിനെക്കുറിച്ചുള്ള ആഗ്രഹങ്ങളാണ് പങ്കുവെച്ചത്. ലോഹിതദാസിന് ശേഷം തനിക്ക് കനപ്പെട്ട തിരക്കഥകൾ നൽകിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു ടി.എ റസാഖ് എന്ന് സിബി മലയിൽ.

മൂന്ന് സിനിമകളാണ് ഞങ്ങൾ ഒരുമിച്ചു ചെയ്തത്. കാണാക്കിനാവ്, ആയിരത്തിലൊരുവൻ, സൈഗാൾ പാടുന്നു. കാണാക്കിനാവിന് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചപ്പോൾ, ആയിരത്തിൽ ഒരുവന് ഏറ്റവും നല്ല കഥക്കുളള അവാർഡും ലഭിച്ചു. ജീവിച്ചിരിക്കുന്ന യുവാവിന്റെ ജീവിതമായിരുന്നു ആയിരത്തിലൊരുവൻ. കാണാക്കിനാവ് റസാഖിന്റെ ആകുലതകളും. ഇന്നത്തെ കാലത്ത് അത്തരം സിനിമകളുടെ പ്രസക്തി ഏറെയാണ്. റസാഖ് കണ്ടെത്തുന്ന കഥാപാത്രങ്ങൾ പച്ചയായ മനുഷ്യന്റെ നേർക്കാഴ്ചയാവുമ്പോഴാണ് സിനിമയിൽ കലാമൂല്യവും നിഴലിക്കുന്നത്. പ്രേക്ഷകർ മാറോട് ചേർക്കുന്നതും.

മൂന്ന് പതിറ്റാണ്ടിൽ 30 സിനിമകൾ

ഹിറ്റുകളും സൂപ്പർ ഹിറ്റുകളും കലാമൂല്യമുളളതുമായ 30 സിനിമകൾക്കാണ് ടി.എ.റസാഖ് തിരക്കഥയും സംഭാഷണവും രചിച്ചത്. എന്റെ ശ്രീക്കുട്ടിക്ക്, ചെറിയ ലോകവും വലിയ മനുഷ്യരും, വിഷ്ണുലോകം, ഭൂമിഗീതം, നാടോടി, ഗസൽ, കാണാക്കിനാവ്, ചിത്രശലഭം, അഞ്ചിലൊരാൾ അർജുനൻ, ഉത്തമൻ, വേഷം, രാപ്പകൽ, പെരുമഴക്കാലം, പരുന്ത്, ആയിരത്തിൽ ഒരുവൻ, വാൽക്കണ്ണാടി, കർമ്മ, സ്‌നേഹം, താലോലം, സൈഗാൾ പാടുന്നു, റജി പ്രഭാകർ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ എന്നിവ ഉൾപ്പടെ 30 സിനിമകൾ റസാഖിന്റെ ചിന്തകളായി. നടൻ സലീം കുമാർ നിർമിച്ച മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്ത് റസാഖ് സംവിധാന മികവും തെളിയിച്ചു.
കാണാക്കിനാവ് എന്ന സിനിമക്ക് ദേശീയോദ്ഗ്രഥനത്തിനുളള നർഗീസ് ദത്ത് പുരസ്‌കാരവും, ഏറ്റവും മികച്ച തിരക്കഥക്കും കഥക്കമുളള അവാർഡും കിട്ടി. പെരുമഴക്കാലം എന്ന ചിത്രത്തിന് ഏറ്റവും മികച്ച തിരക്കഥക്കുളള അവാർഡും, ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന് ഏറ്റവും നല്ല കഥക്കുളള സംസ്ഥാന അവാർഡും റസാഖിനെത്തേടി എത്തി. പുതിയ ഉടുപ്പ് എന്ന ചിത്രത്തിനുളള തയ്യാറെടുപ്പിനിടെയാണ് അന്ത്യം സംഭവിച്ചത്.
റസാഖിന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് എന്നും സിനിമയായിരുന്നു രാഷ്ട്രീയം. ആയതിനാൽ അദ്ദേഹത്തിന് മനുഷ്യ ജീവിതങ്ങൾ നിഴലിടുന്ന കഥകൾ പറയാനാവുമായിരുന്നു. പട്ടിണിക്കും കൂട്ടത്തിൽ പത്താളുണ്ടായാൽ അതൊരു രസമാ.. എന്ന് പറഞ്ഞ അനശ്വര കലാകാരൻ മലയാള സിനിമയുടെ ചരിത്രത്തിൽ കയ്യൊപ്പ് ചാർത്തിയാണ് ഒരു പെരുമഴക്കാലത്ത് വേഷം അഴിച്ച് കാണാക്കിനാവിന്റെ പൊരുൾ തേടിപ്പോയത്.

ജന്മനാട്ടിലെ ഓർമ്മക്കൂടാരം

ടി.എ.റസാഖിന് ജന്മനാട്ടിലൊരു സ്മാരകം എന്ന സ്വപ്‌നം യാഥാർത്ഥ്യമാവുന്നതിന് മുമ്പ് തന്നെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ടി.എ റസാഖ് ഓഡിയോ വിഷ്വൽ തിയേറ്റർ നിർമിച്ചാണ് അനശ്വര കലാകാരനെ ഓർക്കുന്നത്. 15 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. 55 മുതൽ 60 പേർക്ക് വരെ ഒരേ സമയം ഇരിക്കാനുളള ഇരിപ്പിടത്തോടെയാണ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്. മാപ്പിള കലകളുമായും ജീവിതവുമായും ബന്ധമുളള സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമാണ് തിയേറ്റർ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വൈദ്യർ അക്കാദമി സെക്രട്ടറിയും ടി.എ.റസാഖിന്റെ ഭാര്യാ സഹോദരനുമായ റസാഖ് പയമ്പ്രോട്ട് പറഞ്ഞു.
റസാഖ് ഇരുപത്തിരണ്ടാം വയസ്സിൽ എഴുതി സംവിധാനം ചെയ്ത ഉണർത്തു പാട്ട് നാടകവും ഓർമ ദിവസത്തിൽ അരങ്ങേറും. 37 വർഷം മുമ്പുളള രാഷ്ട്രീയ-സാംസ്‌കാരിക-മത വീക്ഷണമാണ് റസാഖ് നാടകത്തിൽ എഴുതിച്ചേർത്തിരുന്നത്. നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ച നാടകത്തിലെ പലരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാൽ അന്നും നാടകത്തിലുണ്ടായിരുന്ന സിദ്ദീഖ് താമരശ്ശേരി, അബ്ദു അഴുകാട്ട്, ചന്ദ്രൻ ഏക്കാട്ട് തുടങ്ങിയവരും, മെയ്ക്കപ്പ് ചെയ്തിരുന്ന എസ്.ആർ രവീന്ദ്രൻ സംവിധാന മേൽനോട്ടവും നിർവഹിക്കുന്നുണ്ട്. 11 കഥാപാത്രങ്ങളുള്ള നാടകത്തിൽ ശേഷിക്കുന്നവർ റസാഖിന്റെ സുഹൃത്തുക്കളാണ്. റസാഖ് എന്ന അതുല്യ പ്രതിഭക്ക് ഓർമദിവസത്തിൽ ആദരാഞ്ജലി അർപ്പിക്കുകയാണ് പിറന്ന നാട്.

 

Latest News