Monday , March   18, 2019
Monday , March   18, 2019

വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക് 

ഇന്ത്യക്ക് പുറത്തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും പരീക്ഷകള്‍ എഴുതാനും പോകുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റുകള്‍ സംഘടിപ്പിക്കുന്നതെങ്ങനെ, വിസ കിട്ടാന്‍ എന്തൊക്കെ ചെയ്യണം എന്ന സംശയങ്ങള്‍ പലര്‍ക്കും ബാക്കിയാണ്. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് സ്വീഡനില്‍ മെഡിക്കല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ നദാ ഹുസൈന്റെ ഈ കുറിപ്പ്. 

ഇന്‍വൈറ്റ് ലെറ്റര്‍

ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ത്യക്കാര്‍ക്ക് വിസയോടെയേ യാത്ര ചെയ്യാന്‍ പറ്റൂ. ഇനി വിസ ആവശ്യമില്ലാത്ത രാജ്യമാണെങ്കിലും കൂടി കോണ്‍ഫറന്‍സ് നടത്തുന്നവരുടെ കയ്യില്‍ നിന്നും എത്രയും പെട്ടെന്ന് ഇന്‍വൈറ്റ് ലെറ്റര്‍ വാങ്ങി വയ്ക്കണം. ഫ്‌ലൈറ്റ് ഇറങ്ങിക്കഴിഞ്ഞാല്‍ കസ്റ്റംസ്/ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസറോട് നമ്മുടെ യാത്രയുടെ ഉദ്ദേശം മനസിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണിത്. ഈ ഇന്‍വൈറ്റ് ലെറ്റര്‍ ഈമെയിലിലോ, തപാല്‍ വഴിയോ കിട്ടിക്കഴിഞ്ഞാല്‍ ഉടനെത്തന്നെ വിസ സംഘടിപ്പിക്കാനുള്ള പണികള്‍ ചെയ്ത് തുടങ്ങണം. പല കോണ്‍ഫറന്‍സുകളും നടക്കുന്നതിന് ഒന്നോ രണ്ടോ മാസം മുന്‍പാണ് ഇന്‍വൈറ്റ് ലെറ്റര്‍ അയച്ചു തരാറ്. നമ്മളെ ക്ഷണിച്ച വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളോ, ക്ഷണിച്ച സംഘടനയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റോ ഒക്കെ ചില രാജ്യങ്ങള്‍ ആവശ്യപ്പെടാറുണ്ട്. 

ഇത്തരത്തില്‍ ഏതെങ്കിലും ഡോക്യുമെന്റ് ആവശ്യമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ചോദിക്കണം. കോണ്‍ഫറന്‍സ് നടത്തിപ്പുകാര്‍ എല്ലാം കണ്ടറിഞ്ഞ് അയച്ച് തന്നോളും എന്നൊന്നും വിചാരിക്കരുത്. ആവശ്യങ്ങള്‍ എത്രയും ചുരുക്കി ഈമെയിലായി അയച്ച് കൊടുക്കുക. മറുപടി ഇല്ലെങ്കില്‍, നിങ്ങളുടെ അടിയന്തര സാഹചര്യം വ്യക്തമാക്കി വീണ്ടും മെയില്‍ അയയ്ക്കുക. മിക്ക രാജ്യങ്ങളും അപേക്ഷാര്‍ത്ഥിയുടെ (അല്ലെങ്കില്‍ രക്ഷിതാവിന്റെ) ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഹോട്ടല്‍ ബുക്കിങ്, ഫ്‌ലൈറ്റ് ബുക്കിങ് എന്നിവയും കൂടി ചോദിക്കാറുണ്ട്.

പ്രൂഫ് ഓഫ് സ്റ്റഡി, ലീവ് സാങ്ഷന്‍

ഏതാണ്ടെല്ലാ രാജ്യങ്ങളും proof of employment/study, leave sanction letter എന്നിവ ചോദിക്കാറുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച എനിക്ക് ഏറ്റവും നൂലാമാലയായിട്ടുള്ളത് ഈ സാധനമാണ്. ഏറ്റവും ദ്രോഹിച്ചിട്ടുള്ളത് ഇവിടുത്തെ ഓഫീസ് സ്റ്റാഫും. നമ്മള്‍ ആദ്യം പോസ്റ്റിങ് ഉള്ള യൂണിറ്റില്‍ പോയി ലീവ് ചോദിക്കണം. യൂണിറ്റ് ചീഫ് ലീവ് തന്നാല്‍ അത് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെക്കൊണ്ട് അപ്രൂവ് ചെയ്യിപ്പിക്കണം. ഹൗസ് സര്‍ജന്‍ ആണെങ്കില്‍ കോര്‍ഡിനേറ്ററുടെ ഒപ്പാണ് വേണ്ടത്. ഇതെല്ലാം കൊണ്ട് വേണം പ്രിന്‍സിപ്പാളുടെ ഓഫീസില്‍ ചെല്ലാന്‍. ഒരു കാരണവശാലും leave letter request  തപ്പാല്‍ പെട്ടിയില്‍ ഇടരുത്. നേരേ പ്രിന്‍സിപ്പാളിനെക്കണ്ട് കാരണം ബോധിപ്പിച്ച് സമ്മതം വാങ്ങിക്കുക. ശേഷം യഥാ തസ്തികയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനെ കണ്ട് സംസാരിച്ച് ആവശ്യം ബോധ്യപ്പെടുത്തുക. കോണ്‍ഫറന്‍സ് നടക്കുന്നതിന് ഒരു മാസം മുന്‍പൊക്കെയായിരിക്കും ഈ നെട്ടോട്ടം എന്നതിനാല്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും സര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ശരിയാക്കണം. സാധാരണ ഗതിയില്‍ ഇവരുടെ ആട്ടും തുപ്പും കേള്‍ക്കേണ്ടി വരും. അല്പം സഹനശക്തിയൊക്കെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. 

ഈയടുത്ത് ഒരു െ്രെപവറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യു.എന്‍ യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതായി അറിഞ്ഞു. എത്ര അഭിമാനത്തോടുകൂടിയാണ് ആ കോളേജിന്റെ ഡീന്‍ ഈ കുട്ടിയെപ്പറ്റി സംസാരിക്കുന്നത്! അതേസമയം, എന്റെ കോളേജില്‍, വിദേശയാത്ര പോകാന്‍ താല്പര്യമുള്ളവരെക്കൂടി ചടപ്പിക്കുന്ന നയമാണുള്ളത്. ഈ ബ്യൂറോക്രസി കാരണം നെതര്‍ലാന്റ്‌സിലേക്ക് പോകാനുള്ള എന്റെ വിസ അപ്ലിക്കേഷന്‍ വൈകുകയും, പോകാന്‍ ഉദ്ദേശിച്ചതിന്റെ പിറ്റേദിവസം മാത്രം വിസ കിട്ടുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന്, എംബസിയോട് സംസാരിച്ച് വിസ വേഗം കയ്യില്‍ എത്തിച്ചുതന്നതും, ഏതാണ്ട് ഇരട്ടിയോളം പണം ചിലവാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്തതും സ്‌പോണ്‍സറിങ്ങ് സംഘടനയാണ്.

വിസ അപ്ലിക്കേഷന്‍

കോളേജില്‍ നിന്ന് ലെറ്റര്‍ കിട്ടിക്കഴിഞ്ഞാല്‍ ഉടനെ വിസയ്ക്ക് അപ്ലൈ ചെയ്യുക. യൂറോപ്പ്അമേരിക്ക എന്നിവിടങ്ങളിലേക്കാണെങ്കില്‍ നേരിട്ട് കോണ്‍സുലേറ്റിലോ വിസ ഓഫീസിലോ പോയി അപ്ലൈ ചെയ്യേണ്ടി വരും. യു.എസിലേക്കാണെങ്കില്‍ ഇന്റര്‍വ്യൂ ഉണ്ടാകും. വിസ ഫീസ് അടച്ച്, ഫിങ്കര്‍പ്രിന്റ്, ഫോട്ടോ എന്നിവ എടുത്ത്, ഡോക്യുമെന്റുകളും പാസ്‌പോര്‍ട്ടും ഏല്‍പ്പിച്ച് മടങ്ങാം. എംബസികള്‍ പൊതുവേ 10-15 ദിവസങ്ങള്‍ക്കുള്ളില്‍ വിസ പതിച്ചു തരാറുണ്ട്. അനിശ്ചിതമായി വൈകുന്നതും സാധാരണമാണ്. യു.എസിലേക്ക് പൊതുവേ 10 വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കിട്ടാറുണ്ട്, ക്യാനഡയിലേക്ക് അഞ്ചും. സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പൊതുവേ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള വിസ അനുവദിക്കാറുണ്ട്. യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങള്‍ ഒന്നോ രണ്ടോ ആഴ്ചത്തേക്കൊക്കെയേ വിസ തരാറുള്ളൂ. 

കോണ്‍ഫറന്‍സ് കഴിഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചുറ്റാന്‍ താല്പര്യമുള്ളവര്‍ ഇതും കണക്കിലെടുക്കണം. യു.കെ ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ജനറല്‍ പര്‍പ്പസ് വിസ തരാറുണ്ട്. കൂടുതല്‍ അറിയണമെങ്കില്‍ ഈമെയിലില്‍ ചോദിച്ചാല്‍ കഴിയാവുന്നതുപോലെയൊക്കെ സഹായിക്കാം. 'എനിക്ക് വിസ കിട്ടുമോ?' തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടു കാര്യമില്ല. അത് കൃത്യമായി പറയാന്‍ അതാത് കോണ്‍സുലേറ്റുകള്‍ക്ക് മാത്രമേ കഴിയൂ.

Latest News