Thursday , May   23, 2019
Thursday , May   23, 2019

ആപത്ത് അവസാനിക്കുകയല്ല

ബി.ജെ.പിയുടെ ശകുനിരാഷ്ട്രീയത്തിൽനിന്ന് സ്വന്തം എം.എൽ.എമാരെ റിസോർട്ടുകളിലടച്ചും പ്രലോഭനങ്ങൾ നൽകിയും ഇനിയും നേരിടാൻ പ്രയാസമാണ്. രണ്ട് അപ്രതീക്ഷിത സംഭവങ്ങളാണ് അമിത് ഷായുടെ കുതന്ത്രങ്ങൾക്ക് ഗുജറാത്തിൽ തിരിച്ചടിയായത്. കൂറുമാറിയ ആറ് കോൺഗ്രസ്  എം.എൽ. എമാർ വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ബി.ജെ.പി ഏജന്റിനും അമിത് ഷായ്ക്കുതന്നെയും ഉയർത്തിക്കാണിച്ച് വോട്ടിന്റെ വിശ്വാസ്യത ലംഘിച്ചു. അമിതോത്സുകതകൊണ്ടോ സ്വയം വിറ്റതിന്റെ തെളിവായോ ചെയ്ത ഈ പ്രവൃത്തി തെളിവോടെ പിടിക്കപ്പെട്ടതുകൊണ്ടാണ് ബി.ജെ.പി ആസൂത്രണം പൊളിഞ്ഞത്. 

സാധാരണമായി അവസാനിക്കേണ്ടിയിരുന്ന ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് അസാധാരണ നടപടിക്രമങ്ങളും ആശങ്കയും കടന്ന് പുലർച്ചെ അവസാനിക്കുമ്പോൾ മുന്നറിയിപ്പ് ഉയർത്തുന്ന ദേശീയ വിഷയമായി അത് മാറി.  ഭരണഘടനാ വിധേയമായ രാഷ്ട്രീയ മത്സരത്തിൽ അർഹമായ വിഹിതം കിട്ടിയാലും മതിയാവാതെ അധികാര ആർത്തി കാണിക്കുന്ന ബി.ജെ.പി എന്ന അപകടം.  തെരഞ്ഞെടുപ്പു കമ്മീഷൻകൂടി ഭരണകക്ഷിക്ക് വിധേയമായാൽ ഇന്ത്യൻ ജനാധിപത്യം വീണ്ടും അടിയന്തരാവസ്ഥയിലെന്നപോലെ എത്താനുള്ള സാധ്യതയും.
176 അംഗബലമുള്ള ഗുജറാത്ത് സഭയിൽ 121 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്കും 51 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിനും യഥാക്രമം രണ്ടും ഒന്നും പ്രതിനിധികളെ രാജ്യസഭയിലെത്തിക്കാനുള്ള ജനാധിപത്യ വിഹിതം ഉണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധ മനോഭാവവും അഴിമതിയും അധികാര ദുർവിനിയോഗവും വഴി അത് അട്ടിമറിച്ച് പ്രതിപക്ഷത്തിന്റെ അർഹമായ സീറ്റുകൂടി വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ അഹന്തയ്ക്കാണ് ഒടുവിൽ തിരിച്ചടിയേറ്റത്. പ്രധാനമന്ത്രി മോഡിയുടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അധ്യക്ഷൻ തന്നെ നേരിട്ട് സ്ഥാനാർത്ഥിയായ ഒരു മത്സരത്തിലാണ് ഇത് സംഭവിച്ചത്. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തുടർന്നുള്ള ഭാവി ആശങ്കാകുലമാക്കുന്നു. 
ഒരുകാലത്ത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്ന 'ആയാറാമും ഗയാറാമും' ഇപ്പോൾ കേന്ദ്ര ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള  കോടികൾ വിലപറഞ്ഞുള്ള കുതിരക്കച്ചവടമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ഉത്തരപൂർവ്വ സംസ്ഥാനങ്ങളിൽപോലും വിവിധ കക്ഷികളിലെ എം.എൽ.എമാരെ വിലക്കെടുത്ത് സർക്കാറുകൾ ഉണ്ടാക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇടത് കോട്ടയായിരുന്ന ത്രിപുരയിൽപോലും ആറ് തൃണമൂൽ എം.എൽ.എമാരെ വിലയ്ക്കുവാങ്ങി ബി.ജെ.പി പ്രധാന പ്രതിപക്ഷമായി. കേന്ദ്രത്തിലെ അധികാരമുപയോഗിച്ച്  പ്രതിപക്ഷ പാർട്ടികളെ പിളർത്തിയും കോടികൾ ഇറക്കി വിമതരെ വിലക്കെടുത്തും   മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഐയെപോലും  നിസ്സഹായ അവസ്ഥയിലാക്കിയിരിക്കയാണവർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ പുതിയ അധികാര അശ്വമേധത്തിന്റെ ജാള്യതയില്ലാത്ത പ്രകടനമാണ് ഗുജറാത്തിൽ കണ്ടത്.  
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കർസിങ് വഗേലയേയും മറ്റ് ആറ് എം.എൽ.എമാരേയും കൂറുമാറ്റിയാണ് ഗുജറാത്തിൽ ബി.ജെ.പി ഇതിന് തുടക്കമിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെരഞ്ഞെടുത്തയച്ച 57 അംഗങ്ങളിൽനിന്ന് കോൺഗ്രസ് 51 - ലേക്ക് ചുരുങ്ങി. ശേഷിച്ച അംഗങ്ങളേയും വിഴുങ്ങാനും വിലക്കെടുത്തവരിൽ ഒരാളെ രാജ്യസഭയിലേക്കെത്തിക്കാനുമായിരുന്നു പദ്ധതി.  അധാർമ്മികവും അപകടകരവുമായ ഈ രാഷ്ട്രീയത്തിനെ തൽക്കാലം തോൽപ്പിച്ചു എന്നതാണ് ഗുജറാത്തിലെ കോൺഗ്രസ് വിജയത്തിന്റെ ഗുണപരമായ വശം. 
ഈ അരക്ഷിതാവസ്ഥ രാഷ്ട്രീയ വക്ത്രം തുറന്ന് അടുത്തെത്തുകയാണെന്നു കണ്ടാണ് 44 എം.എൽ.എമാരെയുമായി കോൺഗ്രസ് തങ്ങളുടെ പാർട്ടി ഭരിക്കുന്ന കർണാടകയിൽ അഭയം തേടിയത്. അവിടെ റിസോർട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച് അവരെ തീറ്റിപ്പോറ്റിയത്. വീണ്ടും ഗുജറാത്തിൽ കൊണ്ടുവന്ന്   റിസോർട്ടിൽ പാർപ്പിച്ചത്. എന്നിട്ടും വോട്ടുചെയ്യാൻ തുറന്നുവിട്ടപ്പോൾ അവരിൽ ഒരാൾ ബി.ജെ.പിക്ക് മറിച്ച് വോട്ടുചെയ്തു. 
ബി.ജെ.പിയുടെ ഈ ശകുനി രാഷ്ട്രീയത്തിൽനിന്ന് സ്വന്തം എം.എൽ.എമാരെ റിസോർട്ടുകളിലടച്ചും പ്രലോഭനങ്ങൾ നൽകിയും ഇനിയും നേരിടാൻ പ്രയാസമാണ്. രണ്ട് അപ്രതീക്ഷിത സംഭവങ്ങളാണ് അമിത് ഷായുടെ കുതന്ത്രങ്ങൾക്ക് ഗുജറാത്തിൽ തിരിച്ചടിയായത്. കൂറുമാറിയ ആറ് കോൺഗ്രസ് എം.എൽ.എമാർ വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ബി.ജെ.പി ഏജന്റിനും അമിത് ഷായ്ക്കുതന്നെയും ഉയർത്തിക്കാണിച്ച് വോട്ടിന്റെ വിശ്വാസ്യത ലംഘിച്ചു. അമിതോത്സുകതകൊണ്ടോ സ്വയം വിറ്റതിന്റെ തെളിവായോ ചെയ്ത ഈ പ്രവൃത്തി തെളിവോടെ പിടിക്കപ്പെട്ടതുകൊണ്ടാണ് ബി.ജെ.പി ആസൂത്രണം പൊളിഞ്ഞത്. വോട്ടുകൾ അസാധുവാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒടുവിൽ ഇടപെട്ടത്.  
ഈ കുതിരക്കച്ചവടത്തിനിടയിലും കോൺഗ്രസിനു പുറത്തുനിന്ന് ഒരു എം.എൽ.എ അഹമ്മദ് പട്ടേലിന് വോട്ടുചെയ്തതാണ് നാടകീയമായ രണ്ടാമത്തെ ഘടകം. രണ്ടംഗങ്ങളുള്ള എൻ.സി.പിയിൽനിന്നോ ജെ.ഡി.യുവിന്റെ ഏക എം.എൽ.എയോ ബി.ജെ.പിക്കകത്തുനിന്നുതന്നെ ഒരംഗമോ ആണ് അതെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. സ്വന്തം പാർട്ടി ഏജന്റിനെയല്ലാതെ വോട്ടിന്റെ സ്വകാര്യത മറ്റാരുടെമുമ്പിലും വെളിപ്പെടുത്തിക്കൂടെന്ന് 1961 ലെ തെരഞ്ഞെടുപ്പു ചട്ടത്തിൽ വ്യവസ്ഥയുണ്ട്.  ഇതനുസരിച്ച് കഴിഞ്ഞവർഷം ഹരിയാനയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ രൺദീപ്‌സിങ് സുർജേവാലയുടെ വോട്ട് റിട്ടേണിംഗ് ഓഫീസർ  അസാധുവാക്കിയ കീഴ്‌വഴക്കമാണ് ഗുജറാത്തിൽ കോൺഗ്രസ് ഐ വൈകിയാണെങ്കിലും ആയുധമാക്കിയത്. 
വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്നതിനുമുമ്പ് ഹരിയാനയിൽ ചോദ്യംചെയ്തതുപോലെ ഈ നിയമപ്രശ്‌നം ഗുജറാത്തിൽ പാർട്ടി ഏജന്റോ കോൺ്ര്രഗസോ ഉന്നയിച്ചിരുന്നില്ല. ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ച ശേഷമാണ് ഉന്നയിച്ചത്. അത് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർ പരാതി തള്ളുകയും ചെയ്തു. കോൺഗ്രസ് നിവേദനത്തെ തുടർന്ന്  തെരഞ്ഞെടുപ്പു കമ്മീഷൻ ഡൽഹിയിൽനിന്ന് ഇടപെടേണ്ടിവന്ന സാഹചര്യത്തിലാണ്   വോട്ടെണ്ണൽ നിർത്തിവെപ്പിച്ചത്. രണ്ട് എം.എൽ.എമാരും ബാലറ്റ് പരസ്യമായി കാണിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും പിറകെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ എത്തി. വാഗ്‌വിലാസത്തിലും നിയമകാര്യങ്ങളിലും പ്രഗത്ഭരായ മുൻകേന്ദ്രമന്ത്രി ചിദംബരത്തിന്റേയും   കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടേയും നേതൃത്വത്തിലുമുള്ള ഇരു പാർട്ടികളുടേയും പ്രതിനിധി സംഘങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനെ സമ്മർദ്ദത്തിലാക്കി.  ഒടുവിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സമ്പൂർണ യോഗം ചേർന്ന് നിഷ്പക്ഷമായ തീരുമാനത്തിലൂടെ വിവാദമായ രണ്ട് വോട്ടുകളും അസാധുവാക്കി ബാക്കിയുള്ള വോട്ടുകൾ മാത്രം എണ്ണാൻ റിട്ടേണിംഗ് ഓഫീസറോട് നിർദ്ദേശിക്കുകയായിരുന്നു.  
ഇതു നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. സുരക്ഷിതത്വം ഭയന്ന് പൂച്ച കുഞ്ഞുങ്ങളെയുമായി വീടുകൾ മാറുംപോലെ ജനാധിപത്യത്തിനെതിരായ ഭരണകൂട കടന്നാക്രമണത്തിൽനിന്ന് രക്ഷനേടാനാവില്ല.  രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ലോക്‌സഭാ-രാജ്യസഭാ അധ്യക്ഷന്മാരുടേയും സ്ഥാനം ഉറപ്പിച്ച ബി.ജെ.പി ഗവണ്മെന്റ് രാജ്യസഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പിക്കുകകൂടി ചെയ്യുന്നതോടെ ഗുജറാത്തിൽ കാണിച്ച അമിതാധികാര നീക്കങ്ങൾ നിർഭയം മുന്നോട്ടുകൊണ്ടുപോകും. തെരഞ്ഞെടുപ്പു കമ്മീഷനെകൂടി കേന്ദ്ര ഗവണ്മെന്റിന് വിധേയമാക്കാൻ അടുത്ത ഒഴിവുകളിലൂടെ സാധ്യമായാൽ സുപ്രീം കോടതിയെകൂടി സ്വാധീനത്തിലാക്കുകയേ വേണ്ടൂ. 
പത്തുവർഷം ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായിരുന്ന ഹാമിദ് അൻസാരി രാജ്യസഭയിൽ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ നൽകിയ മുന്നറിയിപ്പ്  ഈ അപകടത്തിന്റെ പങ്കുവെപ്പ് തന്നെയാണ്.  അതിൽ അസഹിഷ്ണുത പ്രകടിപ്പിച്ച പ്രധാനമന്ത്രി യാത്രയയപ്പിന് യഥാസമയം എത്താതെയും ഹാമിദ് അൻസാരിയുടെ മറുപടി പ്രസംഗത്തിന് നിൽക്കാതെയും സ്ഥലംവിട്ടു.  ന്യൂനപക്ഷ - പ്രതിപക്ഷ വിഭാഗങ്ങൾക്ക് സ്വതന്ത്രമായും തുറന്നും സർക്കാർ നയങ്ങളെ ക്രിയാത്മകമായി വിമർശിക്കാനുള്ള അവസരമുണ്ടാകണം.  അത് നിഷേധിക്കപ്പെട്ടാൽ ജനാധിപത്യം ഏതാധിപത്യത്തിന് വഴിമാറുമെന്ന അൻസാരിയുടെ വാക്കുകളാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്.  രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കി വിടവാങ്ങിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ യാത്രയയക്കുമ്പോൾ പ്രതിപക്ഷാംഗങ്ങൾ പ്രകടിപ്പിച്ച നഷ്ടബോധവും വൈകാരികതയും ശ്രദ്ധേയമായി.  ഭരണകക്ഷിയുടെ ഏകാധിപത്യ നീക്കങ്ങളെ പ്രതിപക്ഷം ഒന്നിച്ച് എതിർക്കണമെന്നും അതിന് ശക്തമായ താത്ത്വികാടിത്തറ വേണമെന്നും ഉള്ള തിരിച്ചറിവായിരുന്നു യഥാർത്ഥത്തിൽ പ്രകടമായത്. 
തനിക്കു പുറത്തുനിന്നു നൽകുന്ന പിന്തുണ വ്യക്തിപരമല്ലെന്നും അതിന്റെ ഭൗതിക സ്വത്തവകാശം പാർട്ടിക്കാണെന്നുമുള്ള യെച്ചൂരിയുടെ പരാമർശം ഫലിതത്തിനുപരി പല അർത്ഥതലങ്ങളും ഉള്ളതായി.  രാജ്യത്തിന്റെ വൈവിധ്യത്തിനുമേൽ മതപരമോ മറ്റുതരത്തിലുള്ളതോ ആയ അടിച്ചേൽപ്പിക്കലുകൾ രാജ്യത്ത് പൊട്ടിത്തെറിയുണ്ടാക്കുമെന്നുള്ള യെച്ചൂരിയുടെ അഭിപ്രായവും രാജ്യത്ത് വ്യാപിക്കുന്ന ആശങ്കകളെ സാധൂകരിക്കുന്നതായി.
നാം മറന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര അടിയന്തരാവസ്ഥാ കാലം മറ്റൊരു രീതിയിൽ നിലവിലെ ജനാധിപത്യ സംവിധാനങ്ങളെയാകെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സാധ്യതയാണ് ചുറ്റിലും ശക്തിപ്പെടുന്നത്.  അത്തരമൊരു ചെറിയ നീക്കമാണ് ഗുജറാത്തിൽ പരാജയപ്പെടുത്തിയത്. 

Latest News