Tuesday , June   18, 2019
Tuesday , June   18, 2019

ഹിഗ്വിറ്റയുടെ പിൻഗാമികൾ

ലോക ഫുട്‌ബോളിന് അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ സമ്മാനിച്ച ടീമാണ് കൊളംബിയ. റെനെ ഹിഗ്വിറ്റയെന്ന് സ്‌കോർപിയൻ ഗോളിയെ ആരാണ് മറക്കുക? കാർലോസ് വാൾദെറമ, ഫോസ്റ്റിനൊ ആസ്പ്രിയ, ലോകകപ്പിൽ സെൽഫ് ഗോളടിച്ചതിന്റെ പേരിൽ കൊലയാളികളുടെ വെടിയുണ്ടക്കിരയായ ആന്ദ്രെ എസ്‌കോബാർ... കൊളംബിയയെക്കുറിച്ച് പറയുമ്പോൾ ഓർമ വരുന്ന പേരുകൾ ത്രസിപ്പിക്കുന്നതാണ്. ഹമീസ് റോഡ്രിഗസും റഡാമൽ ഫാൽക്കാവോയും പുതിയ കാലത്തിൽ ലോക ഫുട്‌ബോളിന് കൊളംബിയയുടെ സമ്മാനങ്ങളാണ്. 
ഫിഫ അണ്ടർ-17 ലോകകപ്പിൽ എട്ടു വർഷത്തിനു ശേഷമാണ് കൊളംബിയ മുഖം കാണിക്കുന്നത്. 2009 ൽ നൈജീരിയയിൽ നടന്ന ടൂർണമെന്റിൽ അവർ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2003 ൽ ഫിൻലന്റിൽ നടന്ന അണ്ടർ-17 ലോകകപ്പിലും മൂന്നാം സ്ഥാനം നേടി. 2007 ൽ കൊറിയയിൽ കളിച്ചപ്പോൾ പ്രി ക്വാർട്ടറിലെത്തി. 1989 ൽ സ്‌കോട്‌ലന്റിൽ കളിച്ചപ്പോഴും 1993 ൽ ജപ്പാനിലെ ടൂർണമെന്റിൽ പങ്കെടുത്തപ്പോഴും ആദ്യ റൗണ്ട് കടന്നില്ല. ഇത് അവരുടെ ആറാമത്തെ അണ്ടർ-17 ലോകകപ്പാണ്. 


ഗ്രൂപ്പ് എ-യിലെ മറ്റു ടീമുകൾ: ഇന്ത്യ, അമേരിക്ക, ഘാന
വിളിപ്പേര്: ലോസ് കഫെറ്റെരോസ് 
കരുത്ത്: ബോൾ പൊസഷൻ, മിന്നലാക്രമണം
കോച്ച്: ഓർലാന്റൊ റെസ്‌ട്രെപോ


ലാറ്റിനമേരിക്കൻ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തോടെയാണ് കൊളംബിയ ലോകകപ്പിന് ബെർത്തുറപ്പിച്ചത്. രണ്ടു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഗ്രൂപ്പ് എ-യിൽ ചിലെക്കു പിന്നിൽ രണ്ടാം സ്ഥാനത്തോടെ അവർ അവസാന യോഗ്യതാ റൗണ്ടിലെത്തി. അവസാന റൗണ്ടിൽ ഇക്വഡോറിനെ 2-1 ന് തോൽപിച്ചാണ് തുടങ്ങിയത്. എന്നാൽ വെനിസ്വേലയുമായി സമനില വഴങ്ങി. ചിലെയോടും 0-1 നും ബ്രസീലിനോട് 0-3 നും തോൽക്കുകയും ചെയ്തു. നിർണായക മത്സരത്തിൽ പാരഗ്വായ്‌യെ 2-1 ന് തോൽപിച്ചതോടെയാണ് ആശ്വാസമായത്. ഇഞ്ചുറി ടൈമിലായിരുന്നു നാടകീയമായ വിജയ ഗോൾ. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഘട്ടത്തിലായിരുന്നു ഫോമിലുള്ള പാരഗ്വായ്‌ക്കെതിരെ അവരുടെ വിജയം. ഒമ്പതാം മിനിറ്റിൽ പാരഗ്വായ് മുന്നിലെത്തുകയും ചെയ്തതായിരുന്നു. 
യോഗ്യത നേടിയ ശേഷം ഫൈനൽ റൗണ്ടിനായി കാര്യമായ ഒരുക്കമാണ് കൊളംബിയ നടത്തിയത്. മൂന്ന് ട്രയ്‌നിംഗ് ക്യാമ്പുകൾ നടത്തിക്കഴിഞ്ഞു. രണ്ടാഴ്ച മുമ്പ് ദക്ഷിണേഷ്യയിലെത്താനും ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി മത്സരിച്ച് പരിചയം നേടാനും അവർ ആഗ്രഹിക്കുന്നുണ്ട്. പൊസഷൻ ഫുട്‌ബോൾ അതിവേഗ നീക്കങ്ങളുമാണ് കൊളംബിയൻ ഫുട്‌ബോളിന്റെ ശൈലി.  
കോച്ച്
പ്രൊഫഷനൽ ഫുട്‌ബോൾ കളിച്ചിട്ടില്ലാത്ത ഓർലാന്റൊ റെസ്‌ട്രെപോയാണ് കൊളംബിയയുടെ കോച്ച്. ആയുഷ്‌കാല ഫുട്‌ബോൾ വിദ്യാർഥിയെന്നാണ് റെസ്‌ട്രെപൊ സ്വയം വിശേഷിപ്പിക്കുന്നത്. സ്‌പോർട്‌സ് ടെക്‌നോളജി പ്രാക്ടീഷണറും ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്റ്ററുമാണെന്നത് കോച്ചിംഗിൽ റെസ്‌ട്രെപോക്ക് സഹായകമാണ്. കൊളംബിയയിലും ബൊളീവിയയിലും കോസ്റ്ററീക്കയിലും ക്ലബ് തലത്തിൽ പരിശീലിപ്പിച്ചതിന്റെ വൻ അനുഭവസമ്പത്തുണ്ട് അറുപതുകാരന്. 2013 മുതൽ 2015 കൊളംബിയയിലെ അത്‌ലറ്റിക്കൊ നാഷനാൽ അണ്ടർ-17 ടീമിന്റെ പരിശീലകനെന്ന നിലയിൽ വൻ വിജയമായിരുന്നു. 2016 ഓഗസ്റ്റ് മുതൽ കൊളംബിയ അണ്ടർ-17 ടീമിന്റെ പരിശീലകനാണ്. 
ശ്രദ്ധിക്കേണ്ട കളിക്കാർ
സാൻഡിയാഗൊ ബരേറൊ, യുവാൻ പെനലോസ, ജാമിന്റൺ കംപാസ്. ലാറ്റിനമേരിക്കൻ യോഗ്യതാ ടൂർണമെന്റിൽ കൊളംബിയയുടെ ഗോളുകളിൽ 75 ശതമാനവും സ്‌കോർ ചെയ്തത് ഈ കളിക്കാരാണ്. 

Latest News