Sunday , June   16, 2019
Sunday , June   16, 2019

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ഏകത ബിഷ്ത്... സ്പിൻ മായാജാലം
ഏകത ബിഷ്ത്

അച്ഛന്റെ ചായക്കോപ്പയിൽനിന്ന് ഊർജം സ്വീകരിച്ച കൊടുങ്കാറ്റാണ് ഏകത ബിഷ്ത്. പാക്കിസ്ഥാനെതിരായ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഏകതക്ക് ഉത്തരാഖണ്ഡ് മലനിരകളിൽ ചായ വിൽപന നടത്തുന്ന പിതാവാണ് പ്രചോദനം. ഏകതയെ വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാൻ അൽമോറയിൽ അവരുടെ കുടും ബം ഒരുപാട് പാടുപെട്ടിട്ടുണ്ട്. ഒരു പതിറ്റാണ്ടോളമായി പിതാവ് കുന്തൻ സിംഗ് ബിഷ്ത് അൽമോറയിൽ ചായക്കട നടത്തുകയാണ്. ഇന്ത്യൻ കരസേനയിൽനിന്ന് 1988 ൽ ഹവിൽദാറായി വിരമിച്ച ശേഷം കിട്ടിയ 1500 രൂപ പെൻഷൻ കൊണ്ട് മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം നോക്കാൻ പറ്റാതായതോടെയാണ് കുന്തൻ സിംഗ് ചായക്കട തുറന്നത്. 
പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലയർ ഓഫ് ദ മാച്ചായിരുന്നു ഇടങ്കൈയൻ സ്പിന്നറായ ഏകത. ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് മുപ്പത്തൊന്നുകാരി ഇന്ത്യൻ ടീമിൽ സ്ഥാനം പിടിച്ചത്. ചെറിയ വരുമാനത്തിൽനിന്ന് മകളുടെ പരിശീലനത്തിന് പണം കണ്ടെത്തുക കുടുംബത്തിന് വലിയ ത്യാഗം തന്നെയായിരുന്നു. 
ആറാം വയസ്സ് മുതൽ ഏകത ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്ന് കുന്തൻ സിംഗ് പറയുന്നു. 'കളിയോടുള്ള പ്രണയം വർഷം പിന്നിടുന്തോറം ഒരാവേശമായി മാറി. അവൾ രാജ്യത്തിന്റെ അഭിമാനമായി മാറുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. 2011 ൽ ദേശീയ ടീമിലെത്തിയതു മുതൽ മികച്ച പ്രകടനമാണ് അവളുടേത്' -അച്ഛൻ പറയുന്നു.  മറ്റുള്ളവൽ ചിന്തിക്കാൻ പോലും ഭയപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തന്റെ മകൾക്ക് മടിയില്ലായിരുന്നുവെന്ന് കുന്തൻ സിംഗ് പറയുന്നു. 'ആൺകുട്ടികൾക്കൊപ്പമായിരുന്നു അവളുടെ ക്രിക്കറ്റ് കളി. ആൺകുട്ടികൾക്കൊപ്പം കളിക്കുന്ന പെണ്ണിനെ കളിക്കാൻ ആളുകൾ ചുറ്റും കൂടുമായിരുന്നു. ടീമിലെ ഒരേയൊരു പെൺകുട്ടിയായിരുന്നു അവൾ. സാമ്പത്തിക പരാധീനത ഉണ്ടായിരുന്നുവെങ്കിലും അവളുടെ മോഹത്തെ ഞങ്ങൾ പിന്തുണച്ചു. നല്ല ചുമതലാ ബോധമുള്ള പെൺകുട്ടിയായിരുന്നു അവൾ. ഞങ്ങൾ നൽകുന്ന ചെറിയ തുക പോലും പറ്റാവുന്നേടത്തോളം അവർ സൂക്ഷിച്ചു വെച്ചു' - അമ്മ താര പറഞ്ഞു.
ഏകത ദേശീയ ടീമിലെത്തിയതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. സ്‌പോൺസർമാർ ഏകതയെ പിന്തുണക്കാനെത്തി. ഭർത്താവിന്റെ പെൻഷനും വർധിപ്പിച്ചത് സഹായകമായി -താര പറഞ്ഞു. 
2006 ലാണ് ഏകത ഉത്തരാഖണ്ഡ് ടീമിന്റെ നായികയായത്. 2007 മുതൽ 2010 വരെ ഉത്തർപ്രദേശിനു കളിച്ചു. 
ലിയാഖത്ത് അലി ഖാനായിരുന്നു ആദ്യ കാല കോച്ച്. എല്ലാ ശ്രമവും നടത്തിയിട്ടും ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടാതെ വന്നപ്പോൾ ആകെ തകർന്ന ഒരു കാലഘട്ടമുണ്ടായിരുന്നു ഏകതയുടെ ജീവിതത്തിലെന്ന് ലിയാഖത് പറയുന്നു. 2006 മുതൽ നാലു വർഷത്തോളം അവൾ കഠിനാധ്വാനം ചെയ്തു. നിരന്തരം പ്രചോദനം നൽകിയാണ് അവളുടെ ആത്മവിശ്വാസം നിലനിർത്തിയത്. ഒടുവിൽ അവൾ സ്വപ്നം സാക്ഷാൽക്കരിക്കുക തന്നെ ചെയ്തു. അവളുടെ പ്രതിഭയാണ് വെല്ലുവിളികൾ അതിജീവിക്കാൻ പ്രാപ്തയാക്കിയത്. അൽമോറയിൽ നല്ലൊരു സ്റ്റേഡിയം പോലുമില്ലായിരുന്നു ഏകതക്ക് പരിശീലിക്കാൻ -ലിയാഖത് പറയുന്നു.