Friday , March   22, 2019
Friday , March   22, 2019

മുണ്ടപ്പലത്തിന്റെ  സ്വന്തം പയ്യൻ

പ്രതിരോധത്തിന്റെ പൂർണതയാണ് അനസ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ പ്രകടമാകുന്നത്. മോഹൻ ബഗാൻ രൂപപ്പെടുത്തിയ പ്രതിരോധ നയം ഉൾക്കൊണ്ട് ഗോൾമുഖത്ത്  ഉറച്ചു നിന്നു പൊരുതുന്നതാണ് അനസിന്റെ ശീലം. 

കൊണ്ടോട്ടി മുണ്ടപ്പലത്തെ മൈതാനിയിൽ പന്തുരുട്ടി കാൽപന്തുകളിയിലെ കേമനായി മാറിയ അനസ് എടത്തൊടിക കഴിഞ്ഞ വർഷത്തെ മികച്ച കളിക്കാരനുള്ള ഫുട്‌ബോൾ പ്ലയേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.പി.എ.ഐ) പുരസ്‌കാര നിറവിൽ. ദൽഹി ഡൈനാമോസിന്റെയും കൊൽക്കത്ത മോഹൻ ബഗാന്റെയും ഡിഫൻഡർ ആയ അനസ് ഇന്ത്യയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ആഹ്ലാദത്തിലാണ്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അനസിനെ മികച്ച ഡിഫന്ററായും തെരഞ്ഞെടുത്തിരുന്നു. എങ്കിലും സഹ കളിക്കാർ തന്നെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത് വലിയ അംഗീകാരമായി അനസ് കരുതുന്നു. 
കൊണ്ടോട്ടി മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടിയുടെയും ഖദീജയുടെയും മകൻ അനസ് മുണ്ടപ്പലം എഫ്.സിയിലൂടെയാണ് കളത്തിലിറങ്ങിയത്. പത്തു വർഷം നീണ്ട പ്രഫഷണൽ കരിയറിനിടക്ക് ഐ-ലീഗിലും ഐ.എസ്.എല്ലിലും ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പുകളിലും സംസ്ഥാന-ദേശീയ ടീമുകൾക്കൊപ്പമാണ് അനസിന്റെ ജീവിതം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കായികാധ്യാപകൻ സി.ടി അജ്മലിന്റെ ശിഷ്യനാകുന്നത്. കൊണ്ടോട്ടി ഇ.എം.ഇ.എ ഹൈസ്‌കൂൾ ടീമിൽ ഇടം നേടി. 2004 ൽ അരിമ്പ്ര നെഹ്‌റു യൂത്ത് ക്ലബിന്റെ ജഴ്‌സിയണിഞ്ഞു. മഞ്ചേരി എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോൾ മലപ്പുറം ജില്ലാ ടീമിലിടം നേടി. തുടർന്നു കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലേക്ക്. അവിടെ നിന്നാണ് ഇന്ത്യൻ ഗോളിയായിരുന്ന ഫിറോസ് ശരീഫിന്റെ പിന്തുണയോടെ 2006 ൽ മുംബൈ എഫ്.സിയിലേക്കു പ്രവേശനം. അന്ന്  മുംബൈ ടീം ഐ-ലീഗ് രണ്ടാംഡിവിഷനിലായിരുന്നു. നാലു വർഷം മുബൈയിൽ. ഇതിനിടെ ടീം ഫസ്റ്റ് ഡിവിഷനിലലെത്തി. 2011 ൽ മുതൽ പുനെ എഫ്.സിയിൽ. അവസാന രണ്ടുവർഷം ടീമിന്റെ നായകനായിരുന്നു. ഒരുവർഷം ടീമിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. ഈ കാലയളവിൽ മഹാരാഷട്രക്കു േവണ്ടിയും കേരളത്തിനു വേണ്ടിയും അനസ് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 
പ്രതിരോധത്തിന്റെ പൂർണതയാണ് അനസ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ പ്രകടമാകുന്നത്. മോഹൻ ബഗാൻ രൂപപ്പെടുത്തിയ പ്രതിരോധ നയം ഉൾക്കൊണ്ട് ഗോൾമുഖത്ത്  ഉറച്ചു നിന്നു പൊരുതുന്നതാണ് അനസിന്റെ ശീലം. അതു കൊണ്ട് തന്നെ മികച്ച കളിക്കാരനെന്ന ബഹുമതി അനസിനെ തേടിയെത്തിയത് വെറുതയെല്ല, കളിയെ വേഗം മനസിലാക്കാനുള്ള കഴിവാണ് അനസിനെ രാജ്യത്തെ മികച്ച പ്രതിരോധതാരമാക്കി മാറ്റുന്നത്. പ്രതിരോധിക്കുക മാത്രമല്ല, കളിയുടെ താളത്തിനനുസരിച്ചു പന്തു കൈമാറാനുള്ള കഴിവും അനസിനെ വ്യത്യസ്തനാക്കുന്നു. പാസുകളിലെ കൃത്യത, ഉയർന്നുവരുന്ന പന്തുകളിലെ മേധാവിത്വം, ശാരീരികക്ഷമത, വേഗം തുടങ്ങിയ ഗുണങ്ങളാണ് അനസിനെ പുതിയ പട്ടം നേടാൻ സഹായിച്ചത്.