Thursday , April   25, 2019
Thursday , April   25, 2019

'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട്  ഗണേഷ് കുമാർ എഴുതിയ കത്ത് പുറത്ത് 

കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം- താര സംഘടനയായ 'അമ്മ' പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. 
നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളുയർന്നപ്പോഴും ഒരക്ഷരം പോലും ശബ്ദിക്കാതിരുന്ന സംഘടന പിരിച്ചുവിടുന്നതാണ് നല്ലതെന്ന ആ വശ്യം ഉന്നയിച്ചിരിക്കുന്ന ഗണേഷ് കുമാർ അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അമ്മയുടെ കപട മാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ടപ്പോൾ അമ്മയുടെ നേതൃത്വം തിരശ്ശീലയ്ക്ക് പിന്നിൽ ഒളിച്ചെന്ന് ഗണേഷ് കുമാർ കത്തിൽ കുറ്റപ്പെടുത്തുന്നു. പിച്ചിച്ചീന്തപ്പെട്ടത് സഹ പ്രവർ ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണം. ഇത്തരമൊരു സംഘടന നടീനടൻമാർക്ക് നാണക്കേടാണ്. നടി ആക്രമിക്കപ്പെട്ടപ്പോൾ നെറികെട്ട സമീപനമാണ് അമ്മ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചർച്ചയായതാണ്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ ഗൗരവപൂർവം ആ വിഷയത്തിൽ ഇടപെടുവാനോ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയർത്തുവാനോ അമ്മ തയാറായില്ലെന്നും ഗണേഷ് കുമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. 
അമ്മ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേഷ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. എന്തായിരുന്നു അമ്മയുടെ പ്രവർത്തന ലക്ഷ്യങ്ങൾ, ഏത് മാനദണ്ഡ പ്രകാരമാണ് ഈ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ, ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായിരിക്കുന്ന അങ്ങയെപ്പോലും ലജ്ജിപ്പിക്കും. അമ്മയുടെ ഭൂതകാലം അറിയുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് വിശ്വസിക്കുന്നത്. ഇടവേള ബാബുവി ന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും ചിലർ മാത്രം തീരുമാനിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ അമ്മയിൽ നടപ്പാക്കുന്നതെന്നും ഗണേഷ് ആരോപിക്കുന്നു. അതേ സമയം താൻ കത്തിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹരിച്ചതാണെന്നും നെറികെട്ട ചിലരാണ് ഇപ്പോൾ കത്ത് പുറത്ത് വിട്ടതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.