Thursday , April   25, 2019
Thursday , April   25, 2019

രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാറിന്  കേരളത്തിൽ ഹൃദ്യമായ വരവേൽപ്പ്

തിരുവനന്തപുരം- പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാകുമാറിന് സംസ്ഥാനത്ത് ഹൃദ്യമായ വരവേൽപ്പ്.
പിന്തുണ തേടിയെത്തിയ മീരാകുമാറിനെ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചാണ് മീരാകുമാറിന് പിന്തുണ ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് മീരാകുമാർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായും എം.പിമാരും എൽ.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. 
മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളുയർത്തി പിടിച്ചാണ് തന്റെ പോരാട്ടമെന്ന് കൂടിക്കാഴ്ചയിൽ അവർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യ നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. 
പതിനേഴ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ മഹാത്മാ ഗാന്ധിയുടെ ആദർശത്തിലൂന്നിയാണ് താൻ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടാണ് പത്രികാ സമർപ്പണത്തിനു ശേഷം സബർമതി ആശ്രമം സന്ദർശിച്ചത്. 
പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പവും അവഗണന അനുഭവിക്കുന്നവരോടൊപ്പവുമാണ് സർക്കാർ നിൽക്കേണ്ടത്. ചരിത്രത്തിലാദ്യമായിട്ടാണ് പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പൊതുവായ മൂല്യ
ങ്ങൾ ഉയർത്തിപ്പിടിച്ച് മതനിരപേക്ഷതയുടെ സ്ഥാനാർത്ഥിയായി പ്രതിപക്ഷ ഐക്യത്തോടെ രാഷ്ട്രപതി സ്ഥാനാർത്ഥി മത്സരിക്കുന്നത്. 
മതേതര മൂല്യങ്ങൾ എന്നും കേരളീയ സമൂഹം ഉയർത്തിപ്പിടിച്ചിരുന്നു. മതേതര കേരളത്തിന്റെ പൂർണ മായ പിന്തുണ തനിക്ക് ഉണ്ടാകുമെന്നും മീരാകുമാർ പറഞ്ഞു. 
മീരാകുമാർ മത നിരപേക്ഷതയുടെ പ്രതീകമായിട്ടാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചരിത്രപരമായ നിമിഷമാണിതെന്നും കേരളത്തിലെ മുഴുവൻ മതേതര, ജനാധിപത്യ കക്ഷികളുടെ പിന്തുണയും മീരാകുമാറിന് ഉണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. 
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുൻ മുഖ്യമന്ത്രിമാരാ യ എ.കെ ആന്റണി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്.സുനിൽകുമാർ, എം.എൽ.എമാരായ തിരു വഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മുൻ കേന്ദ്രമന്ത്രി പവൻകുമാർ ബൻസാൽ എന്നിവരും പങ്കെടുത്തു. യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും ബഹുഭൂരിപക്ഷം എം.എൽ.എമാരും എം.പിമാരും ചടങ്ങിൽ എത്തിയിരുന്നു. ഇന്ന് രാവിലെ മീരാകുമാർ ഹൈദരാബാദിലേക്ക് പോകും.