Thursday , April   25, 2019
Thursday , April   25, 2019

ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം ഇരമ്പി 

മുസ്‌ലിം-ദളിത്-ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
പ്രതിഷേധ സംഗമത്തിൽ ഹരിയാനയിൽ കൊല ചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരൻ ഹാഷിം സംസാരിക്കുന്നു.

കോഴിക്കോട്- രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. 
രാജ്യത്ത് വർധിച്ചുവരുന്ന മുസ്‌ലിം-ദളിത്-ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നന്മക്കായി അടിസ്ഥാന കാര്യങ്ങൾക്ക് പ്രാഥമിക പരിഗണന കൊടുക്കേണ്ട സ്ഥാനത്ത് വർഗീയ ഫാസിസ്റ്റ് അജണ്ടകൾക്കാണ് കേന്ദ്ര സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. രാജ്യത്ത് സമാധാനം നിലനിൽത്താൻ സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഹിംസയെ അഹിംസ കൊണ്ട് ചെറുത്തു തോൽപ്പിക്കണം. 
രാജ്യത്തിന്റെ അഖണ്ഡതയെ തളർത്താൻ അനുവദിക്കില്ലെന്നും രാജ്യത്ത് നിലനിൽക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 
ഭയപ്പെടുത്തിയും ഒറ്റപ്പെടുത്തിയും അക്രമത്തിലൂടെയും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാമെന്നത് വർഗീയ-ഫാസിസ്റ്റ് ശക്തികളുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ, ദളിത് പീഡനങ്ങൾ വർധിക്കുന്ന സാഹചര്യം രാജ്യം പിറകിലോട്ട് പോവുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വർഗീയതയും വാഭാഗീയതയും മുസ്‌ലിം-ദളിത് വിരോധവും മാത്രമാണ് രാജ്യത്ത് വളരുന്നത്. നോട്ടു നിരോധനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഘടന തകർത്ത ബി.ജെ.പി സർക്കാർ, ഉയർന്നുവരുന്ന കർഷകരുടെ വിലാപം കേൾക്കാതെ രാജ്യത്തിന്റെ മതേതരത്വത്തിന് അപമാനം സൃഷ്ടിക്കുന്ന തരത്തിലാണ് ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുന്നത്. ജുനൈദിന്റെ കൊലപാതകത്തിൽ ലോകം പ്രതികരിച്ചപ്പോൾ മാത്രമാണ് പ്രധാനമന്ത്രി ശബ്ദിച്ചത്. 
ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ നടത്തി, അക്രമങ്ങൾ അഴിച്ചുവിട്ട് രാജ്യത്തിന്റെ അഭിമാനം നശിപ്പിക്കാൻ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കില്ല. ന്യൂനപക്ഷ, ദളിത് വേർതിരിവ് രാജ്യത്ത് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായി രാജ്യം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, സാദിഖലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ മുനീർ എം.എൽ.എ, ഹരിയാനയിൽ കൊല ചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരൻ മുഹമ്മദ് ഹാഷിം, ജുനൈദിന്റെ സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.രാമഭദ്രൻ, യു.സി രാമൻ സംസാരിച്ചു. എം.ഐ തങ്ങൾ, സി.മോയിൻകുട്ടി, പി.എം.എ സലാം, പി.കെ ഫിറോസ്, ടി.പി അഷ്‌റഫലി, ടി.പി.എം സാഹിർ സംബന്ധിച്ചു. കെ.പി.എ മജീദ് സ്വാഗതവും ഉമ്മർ പാണ്ടികശാല നന്ദിയും പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് മുതലക്കുളത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി മറൈൻ ഗ്രൗണ്ടിൽ സമാപിച്ചു.