Thursday , April   25, 2019
Thursday , April   25, 2019

പുതിയ മദ്യനയം പ്രാബല്യത്തിൽ; 77 ബാറുകൾ തുറന്നു

തിരുവനന്തപുരം- എൽ.ഡി.എഫ് സർക്കാറിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് പൂട്ടിയ 77 ബാറുകൾ കൂടി തുറന്നു. മുൻ സർക്കാറിന്റെ മദ്യനയം മൂലം പൂട്ടിയ ഭൂരിഭാഗം ബാറുകളും ഇതോടെ പ്രവർത്തിച്ചു തുടങ്ങി. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാറിനു മുകളിൽ പദവിയുള്ള സ്റ്റാർ ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ബവ്‌കോ ഗോഡൗണുകളിൽനിന്നു സ്റ്റോക്കുകൾ ലഭിക്കാത്തതിനാൽ ഏതാനും ബാറുകൾക്ക് ഇന്നലെ തുറക്കാൻ സാധിച്ചില്ല. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പുതുക്കിയ പ്രവർത്തന സമയം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാറുകൾ തുറക്കുന്നതറിഞ്ഞ് അതിരാവിലെ തന്നെ മിക്കയിടങ്ങളിലും ഉപഭോക്താക്കൾ തടിച്ചുകൂടിയിരുന്നു. പലയിടങ്ങളിലും ആവേശം അതിരു കടന്നപ്പോൾ പോലീസ് ഇടപെടൽ ഉണ്ടായി. കൊല്ലത്ത് ബാറിനു മുന്നിൽ ആഹ്ലാദ പ്രകടനം നടത്തിയവരെ പോലീസ് നീക്കം ചെയ്തു.
നിലവിൽ 81 ബാറുകൾ തുറക്കാനുള്ള അപേക്ഷയാണ് സർക്കാറിന് ലഭിച്ചത്. അതിൽ 77 എണ്ണത്തിന് ലൈസൻസ് പുതുക്കി നൽകി. നാലെണ്ണത്തിന്റെ അപേക്ഷ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പരിഗണനയിലാണ്. തിരുവനന്തപുരത്ത് രണ്ടും കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ഓരോ ബാറുകളുമാണ് പരിഗണനക്കായി മാറ്റിവെച്ചിട്ടുളളത്. നിലവിൽ  23 ഫൈവ് സ്റ്റാർ ബാറുകൾ പ്രവർത്തിച്ചുവരുന്നു. ഇതോടെ മൊത്തം ബാറുകളുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് 2112 കള്ളുഷാപ്പ് ലൈസൻസുകളും പുതുക്കി നൽകി.
ഏറ്റവും കൂടുതൽ ബാറുകൾ തുറന്നത് എറണാകുളത്തും രണ്ടാമത് തിരുവനന്തപുരത്തുമാണ്. എറണാകുളത്ത് ഇരുപതും തിരുവനന്തപുരത്ത് പതിനൊന്നും ബാറുകളാണ് പ്രവർത്തിച്ചു തുടങ്ങിയത്. ആലപ്പുഴ - രണ്ട്, ഇടുക്കി - ഒന്ന്, കണ്ണൂർ - എട്ട്, കൊല്ലം - മൂന്ന്, കോട്ടയം -  ആറ്, കോഴിക്കോട് -  അഞ്ച്, മലപ്പുറം - നാല്, പാലക്കാട് -  ആറ്, തൃശൂർ -  ഒമ്പത്, വയനാട് - രണ്ട് എന്നിങ്ങനെയാണ്  മറ്റു ജില്ലകളിൽ അനുവദിച്ച ബാറുകൾ.