Thursday , April   25, 2019
Thursday , April   25, 2019

തച്ചങ്കരി പോലീസ് ആസ്ഥാനത്തെ കള്ളൻ, ജേക്കബ് തോമസ് കപടൻ; ആഞ്ഞടിച്ച് സെൻകുമാർ

ടോമിൻ തച്ചങ്കരി, ജേക്കബ് തോമസ് , സെൻകുമാർ

തിരുവനന്തപുരം- പാമ്പാടി നെഹ്‌റു എൻജിനീയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയി എഴുതിയതായി പ്രചരിപ്പിക്കുന്ന കത്ത് വ്യാജമെന്ന് വിരമിച്ച പോലീസ് മേധാവി ടി.പി സെൻകുമാർ. 
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കുന്നത്. കോേളജിൽനിന്നു കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കൈയക്ഷരമല്ലെന്ന് സെൻകുമാർ വെളിപ്പെടുത്തി. ആ കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഷ്ണുവിന്റെ  മാതാപിതാക്കൾ തുടക്കം മുതൽ കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പരിശോധന തുടങ്ങി അഞ്ചാം നാളാണ് കത്ത് കിട്ടിയത്. അത്ര നാൾ കാണാതിരുന്ന ഒരു കത്ത് പെട്ടെന്ന് ഒരു ദിവസം അവിടെ എങ്ങനെയെത്തി എന്നതും അതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. 
അതേ സമയം ചീഫ് സെക്രട്ടറി നളിനി നെറ്റോ, എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, ഡി.ജി.പി ജേക്കബ് തോമസ്, എ.ഡി.ജി.പി ബി. സന്ധ്യ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സെൻകുമാർ രംഗത്തെത്തിയിട്ടുണ്ട്. തച്ചങ്കരിയെ കള്ളനെന്നും ജേക്കബ് തോമസിനെ ഹിപ്പോക്രാറ്റെന്നും വിശേഷിപ്പിച്ചാണ് വിമർശം. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ കള്ളനാണെന്നാണ് സെൻകുമാർ വിശേഷിപ്പിച്ചത്. പോലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. തച്ചങ്കരിയെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് ഇത്തരത്തിൽ കടത്തിയത്. വിഷയത്തിൽ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കണം. കോടതി ആവശ്യപ്പെട്ടാൽ തെളിവ് നൽകാൻ തയാറാണ്. രണ്ട് സർക്കാറുകളുടെയും സംരക്ഷണം തച്ചങ്കരിക്ക് ലഭിച്ചിരുന്നതായും സെൻകുമാർ പറഞ്ഞു.
ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും സെൻകുമാർ വെളിപ്പെടുത്തി. വൈരാഗ്യ ബുദ്ധിയോടെയാണ് തന്നോട് പെരുമാറിയത്. തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ നളിനി നെറ്റോ കൃത്രിമം കാട്ടി. ഇതിനായി മൂന്ന് ഫയലുകളിലാണ് കൃത്രിമം കാട്ടിയത്. നളിനി നെറ്റോക്കെതിരെ നിയമ നടപടികൾക്ക് മുതിർന്നേക്കുമെന്നുള്ള സൂചനകളും സെൻകുമാർ നൽകി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യക്ഷത്തിൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും സെൻകുമാർ വ്യക്തമാക്കി. ഐ.എം.ജി ഡയറക്ടറായ ജേക്കബ് തോമസ് തികഞ്ഞ ഹിപ്പോക്രാറ്റാണ്. കർണാടകയിൽ മരം വെട്ടിയിട്ട് കേരളത്തിൽ വന്ന് പരിസ്ഥിതി സ്‌നേഹം പറയുകയും വൈരാഗ്യം വെച്ച് പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് ജേക്കബ് തോമസെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ മണിക്കൂറുകൾ ചോദ്യം ചെയ്ത എ.ഡി.ജി.പി ബി. സന്ധ്യയുടെ നടപടി തെറ്റാണ്. അന്വേഷണ മേധാവിയില്ലാതെ നടനെ ചോദ്യം ചെയ്തത് തെറ്റായ നടപടിയാണ്. അന്വേഷണ സംഘത്തിന്റെ ലീഡറെ തന്നെ കാര്യങ്ങൾ അറിയിച്ചിട്ടില്ല. പോലീസ് മേധാവിക്ക് പോലും ഒന്നും അറിയില്ലായിരുന്നുവെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശന സാധ്യതയും ടി.പി സെൻകുമാർ തളളിക്കളയുന്നില്ല. രാഷ്ട്രീയം ഓപ്ഷൻ അല്ലാത്തതൊന്നും അല്ല. തങ്ങളെപോലെ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ പറയാത്ത ആൾക്കാർ രാഷ്ട്രീയത്തിൽ വന്നാലെന്താ എന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ കക്ഷികളെല്ലാം രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിൽക്കുന്നവരാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന പൂർണമായും തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് സംശയമുണ്ട്. ഇനി തെളിവുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പലതും ബാക്കിയാണ്. മൊബൈൽ ഫോൺ സംഭാഷണങ്ങൾ ഉണ്ട്. അതൊന്നും ഇനി കിട്ടില്ല. ഒരു വർഷത്തോളമേ അതെല്ലാം ലഭിക്കൂ. പല തെളിവുകളും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.