Thursday , April   25, 2019
Thursday , April   25, 2019

ഭരണം നയിക്കാൻ സി.പി.ഐ മുന്നോട്ടു വരണം -പി.സി. ജോർജ്

കോട്ടയം - അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തെപ്പോലെ ജനകീയ സർക്കാറിനെ നയിക്കാനുള്ള ഉത്തരവാദിത്തം സി.പി.ഐ ഏറ്റെടുക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. വലിയ ആശയക്കുഴപ്പമാണ് കേരള രാഷ്ട്രീയത്തിൽ നിലവിലെ മുന്നണി സംവിധാനങ്ങൾക്കുള്ളിൽ നിലനിൽക്കുന്നത്. ഇത് ഭരണ തലത്തിലും നിലവിലെ പ്രതിപക്ഷ നേതൃനിരയിലും പ്രകടമാണ്. ഭൂമാഫിയക്കും അഴിമതിക്കും വർഗീയ ഫാസിസത്തിനുമെതിരേ ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ ജനകീയ മുന്നണിയെന്ന ചരിത്രപരമായ  ഉത്തരവാദിത്തം നിറവേറ്റാൻ മുന്നോട്ടു വരണം. ഐക്യകേരളത്തിന്റെ സുവർണ കാലഘട്ടമായിരുന്നു അച്യുതമേനോൻ മന്ത്രിസഭ.

കോൺഗ്രസും മുസ്ലിം ലീഗുമടക്കമുള്ള ജനാധിപത്യ ശക്തികൾക്ക് കേരളത്തിൽ നേതൃത്വം നൽകാൻ വിശ്വസനീയ നിലപാടുകളെടുക്കുന്ന സി.പി.ഐക്ക് കഴിയും. എങ്കിൽ മാത്രമേ സമ്മർദ്ദ ശക്തികളുടെ സ്വാധീനത്തിൽനിന്നും വികസന മുരടിപ്പിൽനിന്നും സംസ്ഥാനത്തെ മോചിപ്പിക്കുവാൻ കഴിയൂ. ഭരണതലത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയുള്ള തീരുമാനങ്ങളെടുക്കുന്നവരുമായി അധിക നാൾ യോജിച്ചുപോകുവാൻ സി.പി.ഐക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും വലിയ  രാഷ്ട്രീയ മാറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

കേരള ജനപക്ഷം ഒന്നാം സംഘടനാ സമ്മേളനം കോട്ടയത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. ഭാസ്‌കരൻ പിള്ള എം.ടി ജോസഫ്, മുഹമ്മദ് സക്കീർ, ജോസ് കോലടി, മാലേത്ത് പ്രതാപചന്ദ്രൻ, ഷൈജോ ഹസൻ, ലിസി സെബാസ്റ്റ്യൻ, ഇ.കെ ഹസൻകുട്ടി, ഉമ്മൻ കൂറ്റനാൽ, സെബി പറമുണ്ട, ആന്റണി മാർട്ടിൻ, ഷോൺ ജോർജ്, റിസ്‌വാൻ കോയ എന്നിവർ പ്രസംഗിച്ചു. പി.ജെ ആന്റണി, പ്രെഫ.റൂബിൾ രാജ്, തങ്കച്ചൻ പുലിയന്നൂർ ക്ലാസുകൾ നയിച്ചു.