Sunday , February   17, 2019
Sunday , February   17, 2019

പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടേയും ഹജ് ക്വാട്ടയിൽ കേരളത്തിന് സീറ്റില്ല

കൊണ്ടോട്ടി- പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടേയും 125 ഹജ് സീറ്റുകൾ വീതം വെച്ചപ്പോൾ കേരളത്തിന് ഒരു സീറ്റും ലഭിച്ചില്ല. പ്രധാനമന്ത്രിയുടെ 75 ഹജ് ക്വാട്ടയും മറ്റു കേന്ദ്ര മന്ത്രിമാരുടെ 50 സീറ്റുകളും ഉൾപ്പെടുത്തി 125 സീറ്റുകൾ ഇന്നലെ വിതരണം ചെയ്തപ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഹജ് അപേക്ഷകർ കാത്തിരിക്കുന്ന കേരളത്തിന് ഒരു സീറ്റു പോലും നൽകാതിരുന്നത്.
പ്രധാനമന്ത്രിയുടെ 75 സീറ്റിൽ കൂടുതൽ ലഭിച്ചത് ഉത്തർപ്രദേശിനാണ്. യു.പിക്ക് മാത്രമായി 28 സീറ്റുകളാണ് ലഭിച്ചത്. രാജസ്ഥാൻ, ദൽഹി എന്നിവക്ക് 12 സീറ്റുകളും മഹാരാഷ്ട്രക്കും ഗുജറാത്തിനും എട്ട് വീതം സീറ്റുകളും ലഭിച്ചു. മറ്റു കേന്ദ്ര മന്ത്രിമാർക്ക് ലഭിച്ച 50 ഹജ് സീറ്റുകൾ വിതരണം ചെയ്തപ്പോൾ ദൽഹിക്ക് മാത്രം ലഭിച്ചത് 16 സീറ്റുകളാണ്. ഉത്തർപ്രദേശിന് 7 സീറ്റും രാജസ്ഥാന് ആറ് സീറ്റും ഗുജറാത്തിന് അഞ്ചു സീറ്റും ലഭിച്ചു. അവസരം ലഭിച്ചവരോട് ഈ മാസം 10 നകം മുഴുവൻ തുകയും രേഖകളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ഉപരാഷ്ട്രപതിയുടെ 75 സീറ്റ് വിതരണം ചെയ്തപ്പോൾ കേരളത്തിൽനിന്ന് രണ്ടു പേർക്കാണ് അവസരം ലഭിച്ചത്. മുൻകാലങ്ങളിൽ പ്രധാനമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും സീറ്റുകളിൽ കേരളം ഉൾപ്പെടാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം 125 സീറ്റിൽ ഒരാൾക്ക് പോലും ഇടം നൽകാത്തത് കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയായാണ് വിലയിരുത്തപ്പെടുന്നത്. 
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ യാത്ര റദ്ദാക്കിയ ഉത്തർപ്രദേശിനാണ് കേന്ദ്ര ഹജ് ക്വാട്ട വാരിക്കോരി നൽകിയിരിക്കുന്നത്. ഉപരാഷ്ട്രപതി ക്വാട്ടയിലും യു.പിക്കാണ് കൂടുതൽ സീറ്റ് ലഭിച്ചത്. ഈ വർഷം ഇതുവരെ 1518 പേരാണ് യു.പിയിൽനിന്ന് അവസാന നിമിഷം യാത്ര റദ്ദാക്കിയത്. യാത്ര റദ്ദാക്കിയവരിൽ രണ്ടാം സ്ഥാനത്തുളള ഗുജറാത്തിൽ 755 പേരും മൂന്നാമതുളള മഹാരാഷ്ട്രയിൽ 714 പേരും യാത്ര റദ്ദാക്കി. കർണാടകക്കും പശ്ചിമ ബംഗാളിനും പിറകിൽ കേരളം ആറാം സ്ഥാനത്താണുളളത്. കേരളത്തിൽ നിന്ന് 369 പേർ മാത്രമാണ് ഇതുവരെ യാത്ര റദ്ദാക്കിയത്. യാത്രക്ക് സന്നദ്ധരായി തീർഥാടകർ കാത്തിരിക്കുമ്പോഴും കേരളത്തിന് സീറ്റുകൾ നൽകാൻ അധികൃതർ തയാറായിട്ടില്ല.

Latest News