Thursday , April   25, 2019
Thursday , April   25, 2019

മുനിസിപ്പൽ ആക്ട് നഗരസഭകളിൽ അഴിമതിക്ക് വളം വെക്കുന്നുവെന്ന് ആരോപണം

തലശ്ശേരി- നഗരസഭക്ക് നേരത്തെയുണ്ടായിരുന്ന കമ്മീഷണർ തസ്തികക്ക് പകരം 1994 ലെ കേരള മുനിസിപ്പൽ ആക്ട് നിലവിൽ വന്നതിനെ തുടർന്ന് സെക്രട്ടറി പദവി വന്നത് അഴിമതിക്ക് വഴിവെക്കുന്നതായി പരാതി. ഇതോടെ വികേന്ദ്രീകൃത ആസൂത്രണത്തിൽ ഊന്നിനിന്നുള്ള ക്രമീകരണങ്ങൾ ഫലത്തിൽ ഇല്ലാതായി. കേരളത്തിലെ നഗരങ്ങളിൽ ഭരണ നിർവഹണ ഉദ്യോഗസ്ഥനായിരുന്ന മുനിസിപ്പൽ കമ്മീഷണറുടെ അധികാരങ്ങൾ ഉൾപ്പെടെ പൂർണമായി അപ്രസക്തമാക്കിയാണ് മുനിസിപ്പൽ സെക്രട്ടറി എന്ന പേരിൽ തസ്തിക പുനർനാമകരണം ചെയ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ അധികാരം, പദവി എന്നിവ ബന്ധപ്പെട്ട കൗൺസിലുകൾക്ക് കീഴെ ആയി മാറിയതോടെയാണ് മുൻസിപ്പൽ, കോർപറേഷൻ ഭരണ രംഗത്ത് അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായതെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. 
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനായ സെക്രട്ടറിയുടെയും സർവീസ് രേഖകളിൽ സർവീസ് സംബന്ധമായ രഹസ്യ സ്വഭാവമുള്ള പോലും എഴുതിച്ചേർക്കുന്നത് ഭരണരംഗത്ത് മുൻപരിചയമില്ലാത്ത  രാഷ്ട്രീയക്കാരായ കൗൺസിൽ ചെയർമാനാണ്. ഇത്തരത്തിൽ മുനിസിപ്പൽ ആക്ട് അനുമതി നൽകിയതോടെ മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയാണ്. പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പര്യാപ്തമായ വ്യവസ്ഥകൾ ഇല്ലെന്നിരിക്കേ കൗൺസിൽ തീരുമാനപ്രകാരം നടപ്പാക്കുന്നതിലെ അപാകതകൾക്ക് കൗൺസിൽ സെക്രട്ടറിയും ഉദ്യോഗസ്ഥൻമാരും ബലിയാടാക്കപ്പെടുകയും തുടർന്ന് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സാധ്യതകൾ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. 
ഇക്കാരണത്താൽ അടുത്തിടെ കാലഹരണപ്പെട്ട നഗരസഭാ സെക്രട്ടറിമാരുടെ പി.എസ്.സിയുടെ റാങ്ക് പട്ടികയിൽനിന്നു നിയമനം ലഭിച്ചവരിൽ പകുതിയോളം പേരും ജോലിക്ക് ഹാജരായിട്ടില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകൾ പല സെക്രട്ടറിമാരുടെയും ചുമലിൽ പെട്ടതായും, ശരിയല്ലാത്ത അഴിമതിയാരോപണങ്ങൽ, അച്ചടക്ക നടപടികൾക്കും വിധേയരായി ജോലി ചെയ്യേണ്ടിവരുമെന്ന ഭയപ്പാടുമാണ് ഉയർന്ന തസ്തികയിലേക്ക് പോലും പി.എസ്.സി. വഴി നിയമനം ലഭിച്ചിട്ടും പലരും അത് വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചതെന്നുമാണ് അറിയുന്നത്. 1994 ലെ മുനിസിപ്പൽ ആക്ട് കരട് നിയമപ്രകാരം തീരുമാനം എടുക്കുന്ന ചെയർമാനും അംഗങ്ങൾക്കും തുല്യ നഷ്ട ഉത്തരവാദിത്തം വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഈ കാര്യം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് മാറ്റിവെപ്പിക്കുകയായിരുന്നു. ഇതോടെ കൗൺസിലർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അഴിമതിയെ ചെറുക്കാൻ ഉള്ള സംവിധാനം ഫലപ്രദമല്ലാതാവുകയും മേൽനോട്ട ചുമതല ഉണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം സെക്രട്ടറിമാർ മറ്റ് നിയമ നടപടികൾക്ക് വിധേയരാവുകയും രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയരായിത്തീരാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. 
ഇതിന്റ തുടർച്ചയായി കേരളത്തിലെ പല നഗരസഭാ സെക്രട്ടറിമാർക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു. അഴിമതി നിറഞ്ഞ നഗരസഭകളിൽ നിന്നു അവരവരുടെ സ്വാധീനം ഉപയോഗിച്ച്  സ്ഥലംമാറ്റം വാങ്ങുകയുമാണ് ചെയ്യുന്നത്. നഗരസഭകളിലെ അഴിമതി സാധ്യതകൾ ഇല്ലാതാക്കുന്നതിന് റിപ്പോർട്ട് നൽകേണ്ട ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം അക്കൗണ്ടന്റ് ജനറലും നഗരസഭാ സെക്രട്ടറിയെ കുറ്റപ്പെടുത്തി നിയമ നടപടികൾ സ്വീകരിക്കേണ്ട റിപ്പോർട്ടുകളാണ് പലപ്പോഴും നൽകാറുള്ളതെന്ന വിമർശവും ഉണ്ട്. തീരുമാനങ്ങൾ എടുക്കുന്ന ചെയർമാനും കൗൺസിൽ അംഗങ്ങളും അഴിമതിക്ക് ബാധ്യസ്ഥരോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന നിയമഭേദഗതി നിർമ്മിക്കുന്നതിലൂടെ മാത്രമേ നഗരസഭകളിൽനിന്നു അഴിമതിയെ ഒഴിവാക്കാൻ സാദ്ധ്യമാവുകയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. 94 ലെ കേരള മുനിസിപ്പൽ ആക്ട് യഥാർഥത്തിൽ അഴിമതിക്ക് സാധ്യതകൾ ഒരുക്കുന്നതിനുള്ള വഴി തുറന്ന് കൊടുക്കാനുള്ള ഉപാധിയായി മാറ്റപ്പെട്ടുവെന്നും വിമർശങ്ങൾ ഉയർന്നിട്ടുണ്ട്.