Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി വിലക്കയറ്റം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ

റിയാദ് - ഇന്നലെ മുതൽ നിലവിൽ വന്ന ആശ്രിത ലെവി സൗദിയിൽ വിലക്കയറ്റമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു. ആശ്രിത ലെവി പ്രായോഗിക തലത്തിൽ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യും. ആശ്രിത ലെവി നടപ്പാക്കുന്ന ആദ്യ രാജ്യമല്ല സൗദി അറേബ്യ. മറ്റു ചില രാജ്യങ്ങൾ ഇതിലും ഉയർന്ന ആശ്രിത ലെവി നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. 
ആശ്രിത ലെവിയിലൂടെ 2020 ഓടെ പൊതുഖജനാവിലേക്ക് ആറായിരം കോടിയോളം റിയാൽ ലഭിക്കുമെന്ന് സൗദി ഇക്കണോമിക് സൊസൈറ്റി അംഗം ഡോ. അബ്ദുല്ല അൽമഗ്‌ലൂഥ് പറഞ്ഞു. 2020 ഓടെ കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ദേശീയ പരിവർത്തന പദ്ധതിയുടെയും വിഷൻ 2030 പദ്ധതിയുടെയും ഭാഗമായാണ് ആശ്രിത ലെവി ആവിഷ്‌കരിച്ചത്. 
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള ശരിയായ നടപടിയാണിത് എന്ന കാര്യത്തിൽ സംശയമില്ല. തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും രാജ്യത്തിന് ആവശ്യത്തിൽ കൂടുതലുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തിന് തടയിടുന്നതിനും ആശ്രിത ലെവി സഹായകമാകും. പ്രയാധിക്യം ചെന്നവരും ജോലിയില്ലാത്തവരും മികച്ച ജോലി ലഭിക്കുന്നത് പ്രതീക്ഷിച്ച് രാജ്യത്ത് കഴിയുന്നവരും അടക്കമുള്ള ആവശ്യമില്ലാത്ത തൊഴിലാളികളെ ഒഴിവാക്കുക എളുപ്പമാണ്. പൊതുവിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന് സഹായിക്കുന്ന ആശ്രിത ലെവി വിദേശ തൊഴിലാളികൾ സൗദിയിൽ നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തെയും ബാധിക്കും. മികച്ച തൊഴിലാളികളെ സൗദിയിൽ തുടരുന്നതിന് സഹായിക്കുന്ന പുതിയ ലെവി, മതിയായ കഴിവുകളും യോഗ്യതകളും പരിചയ സമ്പത്തുമില്ലാത്ത തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിർബന്ധിതരാക്കും. സൗദി ജനസംഖ്യയിൽ 33 ശതമാനം വിദേശ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ്. ജനസംഖ്യയിൽ വിദേശികളുടെ അനുപാതം കുറക്കുന്നതിന് ആശ്രിത ലെവി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രിത ലെവി നടപ്പാക്കുന്ന ലോകത്തെ ഏക രാജ്യമോ ആദ്യത്തെ രാജ്യമോ അല്ല സൗദി അറേബ്യയെന്ന് സാമ്പത്തിക വിദഗ്ധൻ ജമാൽ ബനൂൻ പറഞ്ഞു. തുടക്കത്തിൽ ഒരാൾക്ക് 100 റിയാൽ വീതമാണ് ലെവി ഈടാക്കുന്നത്. അവർക്ക് ലഭിക്കുന്ന സേവനങ്ങളുമായി താരതമ്യം ചെയ്തുനോക്കിയാൽ ഇത് സൂചനാ നിരക്കാണെന്ന് ബോധ്യപ്പെടും. വരും വർഷങ്ങളിൽ ലെവി വർധിക്കും. നാലു വർഷത്തിനു ശേഷം സൗദിയിൽ ഗ്രീൻ കാർഡ് പദ്ധതി നിലവിൽവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഗ്രീൻ കാർഡ് പദ്ധതി പ്രയോജനപ്പെടുത്തി സ്‌പോൺസറെ ഒഴിവാക്കുന്നതിനും വിശിഷ്ട സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സാധിക്കും. സമ്പത്ത് സൗദിയിൽ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകർക്ക് ഗ്രീൻ കാർഡ് പദ്ധതി അവസരമൊരുക്കും. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും സൗദികളെ ജോലിക്കു വെക്കുന്നതിനും വിദേശ നിക്ഷേപകർക്ക് സാധിക്കും. നിക്ഷേപ, പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് സൗദി അറേബ്യക്ക് സാധിക്കും. ഈ ആശയം യു.എ.ഇ നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയും വിദേശ തൊഴിലാളികളുടെ തൊഴിലുടമകളായ കമ്പനികളുമല്ല ആശ്രിത ലെവി വഹിക്കുക. വിദേശ തൊഴിലാളികളാണ് ലെവി വഹിക്കേണ്ടത്. അതുകൊണ്ടു തന്നെ ഇത് വിലക്കയറ്റമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും ജമാൽ ബനൂൻ പറഞ്ഞു. 

Tags

Latest News