Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി ഒടുവില്‍ പ്രതകിരിച്ചു; അനാവശ്യം പറഞ്ഞാല്‍ നിയമനടപടി

തൃശൂര്‍- തനിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതിക്രമത്തിനിരയായ നടി  അറിയിച്ചു. താന്‍ ആരുടെയും പേര് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ പുറത്തു വരുന്ന പേരുകളില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളാണോ എന്ന് പറയാന്‍ തന്റെ പക്കല്‍ തെളിവുകളില്ലെന്നും നടി മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു. ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.
കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പോലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്.  ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പോലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല.  ആരുടെ പേരും ഞാന്‍  സമൂഹ്യ മാധ്യമങ്ങളിലോ മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പിറകിലെന്നു  പറയാനുള്ള   തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും  സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും.  നിങ്ങളെ ഓരോരുത്തരെയും പോലെ  ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.  

Latest News