ഉത്തര്‍പ്രദേശില്‍ സ്ത്രീയെ മാനഭംഗപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥയെ മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് ഹിന്ദു യുവവാഹിനി (എച്ച്.വൈ.വി) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബറേലിയിലെ ഗണേശ്‌നഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. യു.പി മുഖ്യമന്ത്രി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവവാഹിനി.
ഉച്ചത്തില്‍ പാട്ട് വെക്കുന്നതു സംബന്ധിച്ച് ദീപക്, അവിനാശ് എന്നിവര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് ബലാത്സംഗത്തിലേക്കും പോലീസുകാരിയെ മര്‍ദിക്കുന്നതിലും കലാശിച്ചതെന്ന് പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ് വാന്‍ പറഞ്ഞു.
അവിനാശ് ഹിന്ദു യുവവാഹിനിക്കാരായ സുഹൃത്തുക്കളേയും കൂട്ടി ദീപക്കിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് സ്ത്രീയെ മാനഭംഗപ്പെടുത്തിയത്. ദീപക് സഹോദരന്‍ ഗൗരവിനോടൊപ്പം ചെന്ന് അവിനാശിനെ പിടികൂടി മര്‍ദിച്ച ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
വാര്‍ത്ത പരന്നതോടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ യുവവാഹിനി റീജ്യണല്‍ പ്രസിഡന്റ് ജിതേന്ദ്ര ശര്‍മ, സിറ്റി പ്രസിഡന്റ് പങ്കജ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സ്‌റ്റേഷനിലെത്തി. ഇതേസമയം, ബി.ജെ.പി സിറ്റി യൂനിറ്റ് പ്രസിഡന്റ് ഉമേഷ് കതാരിയയും സ്റ്റേഷനിലെത്തി. പോലീസിന്റെ മുന്നില്‍ വെച്ചാണ് യുവവാഹിനിക്കാര്‍ എസ്.ഐ മായന്‍ക് അറോറയെ കൈയേറ്റം ചെയ്തത്. യുവവാഹിനിക്കാര്‍ ബി.ജെ.പി നേതാവിനോട് തട്ടിക്കയറിയതായും പറയുന്നു.
രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. എസ്.ഐ മയാന്‍ക് അറോറയുടെ പരാതയില്‍ അവിനേശ്, ജിതേന്ദ്ര, പങ്കജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ഇവര്‍ മൂന്ന് പേര്‍ക്ക് പുറമെ, അനില്‍ സക്‌സേന എന്നയാളും പ്രതികളാണ്. അവിനാശ്, ജിതേന്ദ്ര, പങ്കജ് എന്നിവരാണ് അറസ്റ്റിലായത്.