എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ സര്‍വീസ് ഹജിനുശേഷം

കോഴിക്കോട്- എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-കോഴിക്കോട്-ജിദ്ദ സര്‍വീസ് ഹജിനു ശേഷം പ്രതീക്ഷിക്കുന്നു. ജംബോ വിമാനങ്ങള്‍ക്ക് കരിപ്പൂരിലുള്ള പാര്‍ക്കിംഗ് പ്രശ്‌നം കൂടി കണക്കിലെടുത്താണ് തിരുവനന്തപുരത്തുനിന്ന് സര്‍വീസ് തുടങ്ങുന്നതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങളില്‍നിന്ന് അറിവായി.

കരിപ്പൂരില്‍നിന്ന് ജംബോ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ അനുമതികളും എയര്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഒരു ആഭ്യന്തര സര്‍വീസ് കൂടി ഉള്‍ക്കൊള്ളുന്നു എന്നതാണ് തിരുവനന്തപുരത്തേക്ക് നീട്ടിയതു കൊണ്ടുള്ള മറ്റൊരു നേട്ടം.

വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്നുളള ഹജ് സര്‍വീസുകള്‍ക്കായി ജൂലൈ രണ്ടു മുതല്‍ സെപ്റ്റംബര്‍ 15 വരെ എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനായി നെടമ്പാശ്ശേരിയടക്കമുള്ള എയര്‍പോര്‍ട്ടുകളില്‍നിന്ന് ജംബോ വിമാനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്ക് ചെറിയ വിമാനങ്ങളായിരിക്കും പകരം സര്‍വീസ് നടത്തുക.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


അതിനിടെ, കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ് സര്‍വീസിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ ഹജ് ഹാളിനു പകരം പഴയ ആഗമന ഹാള്‍ തീര്‍ഥാടകര്‍ക്കായി വിട്ടുനല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. പ്രാര്‍ഥനാ ഹാള്‍, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍  ഒരുക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്കു നാണയ വിനിമയ മാറ്റത്തിനായി എസ്ബിഐ ശാഖയുടെ കൗണ്ടര്‍ തുറക്കും.

എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നേരത്തേതന്നെ ക്രമീകരിക്കും. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഹജ് ക്യാംപില്‍നിന്ന് 24 മണിക്കൂര്‍ മുന്‍പു പാസ്‌പോര്‍ട്ടും ലഗേജും വിമാനത്താവളത്തില്‍ എത്തിക്കണം. ഹജ് ഹാളില്‍ എമിഗ്രേഷനും സുരക്ഷാ പരിശോധനയും നടക്കും.

വിമാനത്താവളം ഡയറക്ടര്‍ കെ.ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തില്‍ കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും ഹജ് കമ്മിറ്റി പ്രതിനിധികളുമായും കൂടിയാലോചനകള്‍ നടന്നു. വിമാനത്താവളത്തിലെ നോഡല്‍ ഓഫിസറായി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജയവര്‍ധനനെ നിയോഗിച്ചു.

 

 

Latest News