Wednesday , June   19, 2019
Wednesday , June   19, 2019

കണ്ണൂർ വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയിൽ

കണ്ണൂർ-പ്രവർത്തനമാരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച കണ്ണൂർ വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വരവും ചെലവും തമ്മിൽ വൻ വ്യത്യാസം നേരിടുന്ന കിയാലിൽ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ളവ വൈകി. കൂടുതൽ വരുമാനം കണ്ടെത്താനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കിയില്ലെങ്കിൽ വടക്കെ മലബാറിന്റെ അഭിമാനമായ ഈ പദ്ധതി നഷ്ടത്തിലേക്കു കൂപ്പു കുത്തും. 
പ്രതിമാസം 13 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പിനാവശ്യം. എന്നാൽ 4 കോടി രൂപ മാത്രമാണ് വരുമാനം. 892 കോടി രൂപയാണ് വിമാനത്താവളത്തിന്റെ വായ്പ. 7.5 കോടി രൂപ പ്രതിമാസം പലിശ ഇനത്തിൽ തിരിച്ചടയ്ക്കണം. സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിൽ 2.85 കോടി രൂപയും കിയാൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ 75 ലക്ഷവും. ശുചീകരണത്തിനു 77 ലക്ഷവും വൈദ്യുതി ബിൽ ഇനത്തിൽ ഒരു കോടിയോളം രൂപയും  വാടകക്കെടുത്ത വാഹനങ്ങളുടെ ഇനത്തിൽ 20 ലക്ഷത്തോളം രൂപയും പ്രതിമാസം ചെലവു വരും. 
പ്രതിമാസം ഒന്നര ലക്ഷം യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. തൊട്ടടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തേക്കാൾ വളരെ കൂടുതലാണിത്. എയർ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയർ, ഇൻഡിഗോ, എയർ ഇന്ത്യ എന്നീ വിമാന കമ്പനികളാണ് നിലവിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, പരസ്യങ്ങൾ, താമസ, വിശ്രമ സൗകര്യങ്ങൾ തുടങ്ങി യാത്രാ നിരക്കിലൂടെയല്ലാത്ത വരുമാനത്തിലൂടെയാണ് രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും വരുമാനം കണ്ടെത്തുന്നത്. പ്രതിമാസം ഒന്നര കോടി വരെയാണ് മറ്റു വിമാനത്താവളങ്ങളിൽ ഈ ഇനത്തിൽ ലഭിക്കുന്ന വരുമാനം. എന്നാൽ പ്രവർത്തനം ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴും കണ്ണൂർ വിമാനത്താവളത്തിൽ ഇവയൊന്നും തന്നെ യാഥാർഥ്യമായിട്ടില്ല. എയർപോർട്ട് വില്ലേജ് അടക്കമുള്ള ബൃഹദ് പദ്ധതികൾ പലതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കണ്ണൂരിൽ വിമാനത്താവളത്തോടനുബന്ധിച്ച് വ്യാപാര വ്യവസായ സമുച്ചയങ്ങളും ടൂറിസം പദ്ധതികളും ആരംഭിക്കുന്നതിനു താൽപര്യം പ്രകടിപ്പിച്ച് പ്രവാസി സംഘടനകളും വ്യക്തികളും നോർത്ത് മലബാർ ചേംബർ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെങ്കിലും കിയാൽ തുടർ പ്രവർത്തനം നടത്താത്തത് പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനു തടസ്സമായി. ഡേ ഹോട്ടൽ തുടങ്ങുന്നതിനുള്ള നടപടികൾ അടുത്തിടെയാണ് ആരംഭിച്ചത്. 20 കോടി രൂപ ചെലവിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പു തന്നെ ഡേ ഹോട്ടൽ അടക്കമുള്ള വരുമാനം തരുന്ന പദ്ധതികൾക്കായിരുന്നു മുൻഗണന നൽകേണ്ടിയിരുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 
വിദേശ വിമാനങ്ങൾക്കു സർവീസ് നടത്താനുള്ള അനുമതിയും കൂടുതൽ സർവീസുകളും ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയ അധികൃതർ ഈ മാസം മുഖ്യമന്ത്രിയുമായി ചർച്ചക്കു സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗൾഫ് സെക്ടറുകളിലേക്കടക്കം കണ്ണൂരിൽ നിന്നും യാത്രക്കാർ ഏറെയുണ്ട്. ആവശ്യത്തിനു സർവീസ് ഇല്ലാത്തതിനാൽ ഇവർ കോഴിക്കോട,് മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലെ വർധന സംബന്ധിച്ചും പരാതികളേറെയുണ്ട്. ഇതിനു പരിഹാരം വേണമെന്ന് പ്രവാസി സംഘടനകളടക്കം ആവശ്യപ്പെടുന്നുണ്ട്. ഗൾഫ് സെക്ടറിനു പുറമെ, കൊളംബോ, ക്വലാലംപുർ, സിംഗപ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കു സർവീസ് നടത്തുന്നതിനു വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനും പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം. 

Latest News