Sunday , June   16, 2019
Sunday , June   16, 2019

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; 500 ലേറെ വീടുകൾ വെള്ളത്തിൽ 

കൊച്ചി- കാലവർഷം ആരംഭിച്ചതോടെ ഓഖി നാളുകളിലുണ്ടായതിനേക്കാൾ രൂക്ഷമായ കടൽകയറ്റമാണ് ചെല്ലാനം മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽകയറ്റത്തെ ചെറുക്കുന്നതിന് കടൽ ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി കല്ലും മണ്ണും നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചു കയറുന്നത്.  
മറുവക്കാട്, കമ്പനിപ്പടി, വാച്ചാക്കൽ ഭാഗത്ത് മാത്രം 500 ലേറെ വീടുകൾ വെള്ളത്തിലായി. കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാനോ പറ്റാത്ത രീതിയിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇരച്ചുകയറുന്ന കടൽ വെള്ളത്തെ ചെറുക്കാൻ മണൽ ചാക്കുകൾ നിറച്ച് തീരേഖലകളിൽ അട്ടിയിടുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത അവസ്ഥയാണ്. വർഷങ്ങളായി രൂക്ഷമായ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. ഓഖി ദുരന്തത്തെ തുടർന്ന് ഇവിടെ വൻ നാശമാണ് നേരിട്ടത്. തുടർന്ന്് പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടർന്നാണ് കടലാക്രമണത്തിൽ നിന്ന് രക്ഷനേടുന്നതിനുള്ള പരിഹാരമെന്ന നിലയിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമാണ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. എന്നാൽ വകുപ്പുകൾ തമ്മിലുളള പിടിവലി മൂലം നാളിതുവരെ പദ്ധതി നടപ്പിലായിട്ടില്ല. 
കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊച്ചി മെത്രാൻ ജോസഫ് കരിയിൽ, ആലപ്പുഴ സഹായ മെത്രാൻ ജെയിംസ് ആനാപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കലക്ടർ ചെല്ലാനം സന്ദർശിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ അവസ്ഥയാണ് ഇപ്പോൾ ചെല്ലാനത്ത് ഉള്ളത്. തുടർച്ചയായ കടലാക്രമണത്തിൽ വീടുകൾ വെള്ളത്തിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.