Sunday , June   16, 2019
Sunday , June   16, 2019

രണ്ടു കളിയില്‍ ധവാന്‍ ഇല്ല, ടീം മാനേജ്‌മെന്റ് ത്രിശങ്കുവില്‍

ലണ്ടന്‍ -  ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ വിജയത്തില്‍ ഇന്ത്യയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ഓപണര്‍ ശിഖര്‍ ധവാന് വിരലിന് പരിക്ക്. ന്യൂസിലാന്റിനും പാക്കിസ്ഥാനുമെതിരായ കളികളിലെങ്കിലും ധവാന് കളിക്കാനാവില്ല. മൂന്നാഴ്ച വരെ ധവാന് വിട്ടുനില്‍ക്കേണ്ടി വന്നേക്കാമെന്നും സൂചനയുണ്ട്. എങ്കില്‍ ലോകകപ്പില്‍ ഇനി ധവാന്‍ കളിക്കുന്ന കാര്യം സംശയമാണ്. ധവാന്റെ പരിക്കിന്റെ കാര്യത്തില്‍ വ്യക്തത ഉണ്ടാവുന്നതു വരെ പകരക്കാരനെ ടീമിലുള്‍പെടുത്താന്‍ സാധിക്കില്ലെന്നതാണ് ടീം മാനേജ്‌മെന്റിനെ കുഴക്കുന്നത്. ധവാന് പകരമൊരാളെ ടീമിലെടുത്താന്‍ പിന്നീട് ധവാന് തിരിച്ചുവരണമെങ്കില്‍ വേറൊരു കളിക്കാരന് പരിക്കേല്‍ക്കുകയും അയാള്‍ക്ക് കളിക്കാനാവില്ലെന്ന് ഐ.സി.സിക്ക് ബോധ്യപ്പെടുകയും വേണം. 
ഓസീസിനെതിരായ കളിയില്‍ പാറ്റ് കമിന്‍സിന്റെ പന്ത് കൊണ്ട് വിരലിന് ബാന്‍ഡേജുമായി കടുത്ത വേദന സഹിച്ചാണ് ശിഖര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നീട് ഫീല്‍ഡിംഗിന് വന്നിരുന്നില്ല. പകരം രവീന്ദ്ര ജദേജയാണ് ഫീല്‍ഡ് ചെയ്തത്. 
ധവാന് ലോകകപ്പ് നഷ്ടപ്പെടുമെങ്കില്‍ അമ്പാട്ടി രായുഡുവോ റിഷഭ് പന്തോ ടീമിലെത്തിയേക്കും. കെ.എല്‍ രാഹുലിനെ ഓപണറാക്കാനും ആലോചിക്കുന്നുണ്ട്. മധ്യനിരയില്‍ ദിനേശ് കാര്‍ത്തികോ വിജയ്ശങ്കറോ പകരം വരും. ധവാന്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ അത് ഇന്ത്യക്ക് വലിയ നഷ്ടമായിരിക്കും.