Wednesday , June   19, 2019
Wednesday , June   19, 2019

കണ്മണി നീയെൻ കരം പിടിച്ചാൽ... 

ജിദ്ദ നഗരത്തിൽ ഓൺലൈൻ ടാക്‌സി കാറുകൾ പ്രചാരത്തിലായിട്ട് ഏറെ കാലമായിട്ടില്ല. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഊബർ, കരീം ആപ്പുകളിലൂടെയാണ് ഇവയുടെ സേവനം ആളുകൾ പ്രയോജനപ്പെടുത്തുന്നത്. ഏതാനും ആഴ്ചകൾക്കപ്പുറം സന്ധ്യാ സമയത്ത് ഓഫീസിലെത്താൻ കരീം കാറിനെ ഫൈസലിയ ഡിസ്ട്രിക്റ്റിലെ താമസ സ്ഥലത്തേക്ക് വിളിച്ചതായിരുന്നു. മെസേജിൽ പറഞ്ഞ കളറും വർണവുമുള്ള കാർ തൽക്ഷണമെത്തി.  സാധാരണ ഗതിയിൽ ലക്ഷ്യ സ്ഥാനത്തെ കുറിച്ച് സംശയമുള്ള ഡ്രൈവർമാർ ലൊക്കേഷനിട്ട് നിർദേശ പ്രകാരം സഞ്ചരിക്കുകയാണ് ചെയ്യുക. പതിവിന് വിപരീതമായി ലക്ഷ്യ സ്ഥാനത്തിന്റെ ഗൂഗിൾ മാപ്പ് വലുതാക്കിയെടുത്ത് ടാബിൽ കാണിച്ച് സാരഥി തലയാട്ടി അനുവാദം ചോദിക്കുന്നു. വാഹനം പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോഴാണ് ഡ്രൈവർക്ക് സംസാരിക്കാനും കേൾക്കാനുമാവില്ലെന്ന് തിരിച്ചറിഞ്ഞത്. അതീവ ശ്രദ്ധയോടെയാണ് അയാൾ ജോലി ചെയ്യുന്നത്. ശാരീരിക വൈകല്യം അറബ് വംശജനായ കുമാരനെ ഒട്ടും ബാധിക്കുന്നില്ല. ചെയ്യുന്ന തൊഴിലിൽ അയാൾ അനുഭവിക്കുന്ന ആത്മസംതൃപ്തി ഭാവങ്ങളിൽ പ്രകടമാണ്. പരാശ്രയമില്ലാതെ ജോലി ചെയ്ത് ജീവിക്കാൻ സന്നദ്ധനായ ചെറുപ്പക്കാരനോട് എന്തെന്നില്ലാത്ത മതിപ്പ് തോന്നി. യുവാവിന് തൊഴിൽ ചെയ്യാൻ സൗകര്യമൊരുക്കിയ കരീം ഓൺലൈൻ ടാക്‌സിയും സൗദി അധികൃതരും അഭിനന്ദനമർഹിക്കുന്നു. 
റമദാൻ മാസത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമായി ഇത് മനസ്സിൽ നിറഞ്ഞു നിൽക്കവേയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ഗൾഫ് റൗണ്ടപ്പ് കണ്ടത്. ഇതിലെ ആദ്യ സ്റ്റോറി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായ മലയാളി ദമ്പതികളെ കുറിച്ചാണ്. മാഹിക്കാരി സുമയ്യയുടെയും കോട്ടയം സ്വദേശി മാഹിന്റെയും പ്രണയ വിവാഹം. സോഷ്യൽ മീഡിയയിലെ ഏതെങ്കിലും ഫേക്ക് അക്കൗണ്ടാവുമെന്ന് കരുതി തുടക്കത്തിൽ ഒഴിഞ്ഞു മാറിയതായിരുന്നു മയ്യഴിക്കാരി. വീൽ ചെയറിൽ കഴിയുന്ന തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ചികിത്സിക്കുന്ന മണിപ്പാൽ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു കൊടുത്തു. ഇത്രയൊക്കെയായിട്ടും പിന്തിരിയാതെ സുമയ്യയെ കല്യാണം കഴിച്ച മാഹിൻ പ്രിയതമയെ ദുബായിലേക്ക് സന്ദർശക വിസയിൽ കൊണ്ടു വന്നതാണ് അരുൺ രാഘവന്റെ സ്റ്റോറി. പെരുന്നാൾ സീസണിലെ ഏറ്റവും ഹൃദയ സ്പർശിയായ വാർത്തയായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അപൂർവ പ്രണയ കഥ. 
*** *** ***
അമൃത ടി.വിയുടെ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര വേദിക്ക് ലഭിച്ച താരമാണ് കണ്ണൂർക്കാരി ഷംനാ കാസിം. മലയാളത്തിൽ ഷംന എന്നറിയപ്പെടുന്ന നടി തെലുങ്കിൽ പൂർണയാണ്. ചട്ടക്കാരിയുടെ പുനരാവിഷ്‌കാരം ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഷംനയ്ക്ക് അംഗീകാരം ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനയത്തിനാണ്. ഷംനയുടെ അഭിമുഖം മുമ്പൊരു നോമ്പ് കാലത്ത് ജീവൻ ടി.വി സംപ്രേഷണം ചെയ്തിരുന്നു. കണ്ണൂർ സ്വദേശി കൊച്ചിയിൽ വീട് വെച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ നൽകിയ ഉത്തരം ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വിമാനത്തിൽ പറക്കാൻ എളുപ്പം കൊച്ചിയിൽ നിന്നാണെന്നായിരുന്നു.  ഇത്തവണ ചെറിയ പെരുന്നാൾ ദിനത്തിൽ റമദാനിലെ ചന്ദ്രിക എന്ന ശീർഷകത്തിൽ ഷംനയുമായുള്ള സുദീർഘ അഭിമുഖം ജയ്ഹിന്ദ് ടി.വി സ്ംപ്രേഷണം ചെയ്തു.  
എട്ട് മണിക്കൂർ പ്രോഗാമുള്ള ചാനലായതിനാൽ ഗൾഫിലെ പ്രവാസികൾക്ക് രാത്രി ഇതേ അഭിമുഖം വീണ്ടും ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഇത്രയേറെ മത്സരം നിറഞ്ഞ സിനിമാ രംഗത്തെ തന്റെ വിജയത്തിന് അടിസ്ഥാനം മമ്മി നൽകുന്ന പിന്തുണയാണെന്ന് ഷംന ആവർത്തിക്കുന്നുണ്ടായിരുന്നു. കണ്ണൂരിന്റെ ഭക്ഷണ പെരുമ കാരണമാണ് ഇടുക്കിക്കാരൻ ആസിഫ് അലി പോലും കണ്ണൂരിൽ നിന്ന് ഭാര്യയെ കണ്ടെത്തിയത്. 
തന്റെ ഡ്രൈവർ ഫോർട്ട്‌കൊച്ചിയിലെ കടയിൽ നിന്ന് അവിലുംവെള്ളം വാങ്ങിക്കൊണ്ടു വന്നു. ഇതിലെന്ത് കാര്യം? കേരളത്തിലെവിടെയായാലും നല്ല ഫുഡ് വിൽക്കുന്നതെല്ലാം കണ്ണൂരുകാരുടെ കടകളിൽ. ബംഗളൂരുവിലും ഇത് തന്നെ സ്ഥിതി. മമ്മിയാണ് തനിക്ക് നൃത്തമഭ്യസിക്കാൻ സൗകര്യമൊരുക്കിത്തന്നത്. തീരെ വയ്യാതിരുന്നിട്ടും ദുബായ് പ്രോഗ്രാമിന് മമ്മിയെയും കൂട്ടിയാണ് ചെന്നത്. മമ്മി ഇല്ലാതെ ഓസ്‌ട്രേലിയയിൽ പോകേണ്ടി വന്ന സാഹചര്യത്തിൽ സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചതുമെല്ലാം പറഞ്ഞ താരം കണ്ണൂർ മരക്കാർ കണ്ടിയിലെ വീട്ടിന്റേയും കൊച്ചിയിലെ വില്ലയുടേയും പേരുകൾ വരെ പറഞ്ഞു. മലയാളികൾ അച്ഛനെന്നും വാപ്പയെന്നും പറയാറുള്ള പിതാവിനെ വിസ്മരിച്ചു. കാവ്യാ മാധവന് ശേഷം മലയാളത്തനിമയോടെ മുന്നേറുന്ന അനു സിത്താര എന്ന വയനാട്ടുകാരി നടിയുടെ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്ത അഭിമുഖങ്ങൾ യുട്യൂബിൽ സൂപ്പർ ഹിറ്റാണ്. അയൽപക്കത്തെ പെൺകുട്ടിയെ പോലെ സംസാരിക്കുന്ന അനുവിന് നെഗറ്റീവ് കമന്റുകളേയില്ല. അടുത്തിടെ മഴവിൽ മനോരമയിൽ റിമി ടോമിയുടെ അഭിമുഖ വധത്തിനും ഇരയായി അനുവും ഭർത്താവും. അനുവിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് പരമ ബോറാകുമായിരുന്ന പ്രോഗ്രാം രക്ഷപ്പെട്ടത്. 
*** *** ***
സല്ലു എപ്പോഴാണ്, എങ്ങനെയാണ് പെരുമാറുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല. തെരുവോരത്ത് ഉറങ്ങിക്കിടക്കുന്ന ആൾ കാറിടിച്ച് മരിക്കുന്നതും മാനിനെ വെടിവെച്ച് കൊല്ലുന്നതുമൊക്കെ ചെറുത്. എല്ലാ കുഴപ്പങ്ങളിൽ നിന്നും ഊരി വരാൻ  പ്രത്യേക സിദ്ധിയുണ്ട്. പുതിയ ചിത്രം ഭാരതിന്റെ പ്രീമിയർ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെ പരസ്യമായി സുരക്ഷാ ഉദ്യോഗസഥന്റെ മുഖത്തടിച്ച  ബോളിവുഡ് നടൻ സൽമാൻ ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സൽമാനെ കാണാൻ തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ. ഇതിനിടയിൽ ഉന്തിത്തള്ളിയെത്തിയ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോാഗസ്ഥൻ പിടിച്ചു മാറ്റി. ഇത് ഇഷ്ടപ്പെടാഞ്ഞതാണ് സൽമാനെ പ്രകോപിപ്പിച്ചതെന്നാണ് ഫാൻസ് പറയുന്നത്.
*** *** ***
ഓസ്‌ട്രേലിയയിൽ രണ്ട് മാധ്യമ പ്രവർത്തകരേയും ന്യൂസ് ഡയറക്ടറേയും പിടികൂടാൻ മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനത്തേക്ക് പോലീസ് ഇരച്ചു കയറി. ലോക പ്രസിദ്ധമായ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റ് കമ്പനി (എബിസി) യുടെ എബിസിയുടെ സിഡ്‌നിയിലെ ഓഫീസിലേക്കാണ് മാധ്യമ പ്രവർത്തകരെ പിടികൂടാൻ പോലീസ് എത്തിയത്. അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ സൈനികരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതാണ് നടപടിക്ക് കാരണം. 
കഴിഞ്ഞ ദിവസം ന്യൂസ് കോർപ്പിലെ ജീവനക്കാരന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. എബിസി ഓഫീസിലെ റെയ്ഡും മാധ്യമ പ്രവർത്തകന്റെ വീട്ടിലെ റെയ്ഡും ഓസ്‌ട്രേലിയയിലെ പത്രസ്വാതന്ത്ര്യത്തിന് നേർക്കുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമ പ്രവർത്തക സംഘടന പ്രതികരിച്ചത്. 2017 ൽ പ്രസിദ്ധീകരിച്ച അഫ്ഗാൻ ഫയൽസ് എന്ന അന്വേഷണാത്മക പരമ്പരയ്‌ക്കെതിരെയാണ് അധികൃതർ രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ സ്‌പെഷ്യൽ ഫോഴ്‌സ് നടത്തിയ അനധികൃത കൊലപാതകങ്ങളെ കുറിച്ചും സൈനികരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചുമായിരുന്നു പരമ്പര. തങ്ങൾക്ക് ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള പ്രതിരോധ രേഖകളുടെ അടിസ്ഥാനത്തിലാണ് പരമ്പര പ്രസിദ്ധീകരിച്ചതെന്ന് എബിസി വ്യക്തമാക്കി. അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. മാധ്യമ പ്രവർത്തകർക്കൊപ്പം നിൽക്കുമെന്നാണ് എബിസി അധികൃതർ അറിയിച്ചു. മാധ്യമ പ്രവർത്തകരേയും അവരുടെ സോഴ്‌സുകളേയും സംരക്ഷിമെന്നും എബിസി മാനേജിങ് ഡയറക്ടർ ഡേവിഡ് ആൻഡേഴ്‌സൺ പറഞ്ഞു. 
*** *** ***
തുടർച്ചയായി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ തോറ്റത് എ.പി. അബ്ദുല്ലക്കുട്ടി സ്ഥാനാർഥിയായതോടെയാണ്. കണ്ണൂർ നാറാത്തെ സാധാരണ കുടുംബത്തിൽ പിറന്ന അബ്ദുല്ലക്കുട്ടിയെ അദ്ഭുതക്കുട്ടിയാക്കി പന പോലെ വളർത്തിയത് സി.പി.എമ്മാണ്. ഭേദപ്പെട്ട മേച്ചിൽപുറം തേടിയിറങ്ങിയ കുട്ടി പിന്നീട് കോൺഗ്രസായി. എം.എൽ.എയായി. സരിതാകാണ്ഡ വേളയിലാണ് കേരളം വിട്ട് കർണാടകയിലേക്ക് പലായനം ചെയ്തത്. ഇപ്പോഴിതാ മോഡി സ്തുതിയുമായി വീണ്ടും സജീവ രാഷ്ട്രീയത്തിൽ. സി.പി.എം ഇടക്കാലത്ത് പൊക്കിക്കൊണ്ടു വന്ന പാവങ്ങൾ ഇതു പോലെ പണി കൊടുത്തവരാണല്ലോ. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി മുതൽ ഒറ്റപ്പാലത്തെ ഹീറോ വരെയുള്ള പലരും. ഏതായാലും ചാനലുകളിലെ ആക്ഷേപ ഹാസ്യ പരിപാടി നടത്തിപ്പുകാർക്ക് കോളായി. 
*** *** ***
നിപ്പ വൈറസിന്റെ രണ്ടാം വരവ് കേരളത്തിൽ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കൊച്ചിയിൽ വ്യാപകമായ ആശങ്ക സൃഷ്ടിച്ചിരുന്നു. സംശയിച്ച കേസുകളെല്ലാം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നത് ആശ്വാസം പകർന്നു. ആഷിഖ് അബുവിന്റെ വൈറസ് സിനിമയുടെ പ്രമേയം കോഴിക്കോട്ടെ നിപ്പയും നഴ്‌സ് ലിനിയുടെ ജീവിതവുമൊക്കെയാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ ശ്രദ്ധ പിടിച്ചു പറ്റാൻ രണ്ടാം നിപ്പ വഴിയൊരുക്കി.
 

Latest News