Wednesday , June   19, 2019
Wednesday , June   19, 2019

രാജ്യം നമിക്കുന്നു, ഈ ജവാനെ...

രാജ്യം നമിക്കുന്ന ഈ ജവാനെ കാണാൻ ഇന്ന് നാടിന്റെ നാനാ ഭാഗത്തു നിന്നും ആളുകളെത്തുന്നു. അവരദ്ദേഹത്തിന് സ്വീകരണങ്ങളും ബഹുമതികളുംനൽകുന്നു. കേരളത്തിലെ നിരവധി സ്‌കൂളുകളിൽ പ്രഭാഷകനായും മോട്ടിവേറ്ററായും അദ്ദേഹം ക്ഷണിക്കപ്പെടുന്നു. ഉത്രാടം തിരുനാൾ മഹാരാജാവിന്റെ ആതിഥ്യം സ്വീകരിക്കാനുള്ള  ഭാഗ്യം വരെ അദ്ദേഹത്തിനുണ്ടായി.

കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ആഭിമുഖ്യത്തിൽ എറണാകുള ത്ത് എൻ.സി.സി കാഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വലിയ സ്വീകരണച്ചടങ്ങ് നടക്കുകയാണ്. സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് സംസാരിക്കുന്നത് സൈനികൻ കൂടിയായ മുഖ്യ പ്രഭാഷകനാണ്. അതിനിടയിലാണ് സദസ്സിൽ നിന്നും കോതമംഗലം ഹൈസ്‌കൂളിലെ എൻ.സി.സി കാഡറ്റായ ഷിബില എന്ന പെൺകുട്ടി അദ്ദേഹത്തോട് ഞാനൊന്ന് സ്റ്റേജിലേക്ക് വന്നോട്ടെ എന്ന് ചോദിക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ അവൾ സ്റ്റേജിലെത്തി. വന്ന ഉടനെ അവൾ ചോദിച്ചു, സാർ, സാറിനെ ഞാനൊന്ന് സല്യൂട്ട് ചെയ്‌തോട്ടെ. പ്രഭാഷകൻ അക്ഷരാർഥത്തിൽ അത് കേട്ട് തരിച്ചു നിൽക്കുമ്പോൾ അവളദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അപ്പോൾ അവൾക്കൊപ്പം സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് അദ്ദേഹത്തിന് സല്യൂട്ട് നൽകി. രാജ്യത്തിന്റെ മുഴുവൻ ആദരം പോലെ നിറകണ്ണുകളോടെ അദ്ദേഹമത് സ്വന്തം ഹൃദയത്തിൽ ഏറ്റു വാങ്ങി. 


ആ മനുഷ്യനെ നാമറിയും. ഇന്ത്യക്കാരെല്ലാവരും അഭിമാനപൂർവം ഓർ ക്കുന്ന ധീരൻ-കമാണ്ടോ മനേഷ് പി.വി! 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടയിൽ മാരകമായി പരിക്കു പറ്റിയ ജവാൻ. പിന്നെ മാസങ്ങളോളം ആശുപത്രികളിൽ അബോധാവസ്ഥയിൽ കിടന്ന് അദ്ദേഹം മരണത്തോട് മല്ലടിച്ചു. ഒടുവിൽ മരണത്തെ തോൽപിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ വേണ്ടിവന്നു ഓർമ വീണ്ടെടുക്കാൻ. അപ്പോഴേക്കും ശരീര ത്തിന്റെ വലതുഭാഗം ഏറെക്കുറെ തളർന്നു പോയിരുന്നു. മനസ്സിന്റെ ഉറച്ച ഇഛാശക്തിയും നിരന്തര ചികിത്സയും കൊണ്ട് അദ്ദേഹം ആ തളർച്ചയെ തരണം ചെയ്തു വരികയാണ്. 


കണ്ണൂരിൽ, അഴിക്കോട്ടെ കണ്ണോത്ത് വീട്ടിലിരുന്ന് മുംബൈ ഭീകരാക്രമണ കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ പക്ഷേ, ആ തളർച്ചയൊന്നും അദ്ദേഹത്തിൽ കണ്ടില്ല. പകരം തികഞ്ഞ ആവേശവും ഉത്സാഹവും മാത്രം. സംസാരിക്കുന്ന ഓരോ നിമിഷത്തിലും ഉറച്ച രാജ്യസ്‌നേഹമുള്ള ഒരു പട്ടാളക്കാരന്റെ ഊർജസ്വലതയാണ് പ്രകടമായത്. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ശേഷിയാണ് ഒരു സൈനികന്റെ സ്വത്വം എന്ന സത്യത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു, മനേഷ്.
2008 നവംബർ 26. രാജ്യം വലിയ ഞെട്ടലോടെ ഇന്നും ഓർക്കുന്ന ദിവസം. രാത്രി 9.30 ഓടെ മുംബൈയിലെ വൻതിരക്കുള്ള ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി) റെയിൽവേ സ്റ്റേഷനിൽ ആദ്യത്തെ വെടിശബ്ദം ഉയരുമ്പോൾ അത് ഒരു കൂട്ടക്കുരുതിയുടെ ആരംഭമായിരിക്കുമെന്ന് ആരും കരുതിയില്ല. പാക്കിസ്ഥാനിൽ പരിശീലനം കിട്ടി ഇന്ത്യയിൽ നുഴഞ്ഞു കയറിയ ലഷ്‌കർ ഇ ത്വയ്യിബ എന്ന ഭീകര സംഘടനയിലെ 10 അംഗങ്ങളിൽ രണ്ടു പേരായിരുന്നു അവിടെ ആക്രമണം അഴിച്ചുവിട്ടത്. പാക്കിസ്ഥാനിലെവിടെയോ നിന്ന് അനുനിമിഷം ചിലർ അവരെ മൊബൈലിലൂടെയും സാറ്റലൈറ്റ് ഫോണിലൂടെയും നിയന്ത്രിക്കുന്നുണ്ടായിരുന്നു. എ.കെ-47 ൽ നിന്നും അവരുതിർത്ത വെടിയുണ്ടകൾ 58 പേരുടെ ജീവനാണ് അപഹരിച്ചത്. 104 പേർക്ക് പരിക്കു പറ്റി. 
അവിടുത്തെ മനുഷ്യക്കുരുതി മതിയാക്കിയ അവർ നേരെ നീങ്ങിയത് കാമ ആശുപത്രിയിലേക്കാണ്. അപ്പോഴാണ് മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ലീഡർ ഹേമന്ദ് കർക്കറെയും സംഘവും അവിടെ പാഞ്ഞെത്തിയത്. അക്രമികൾ കാമയിലേക്ക് പോയതറിഞ്ഞ് അവർ അങ്ങോട്ട് കുതിച്ചു. വഴിയിൽ ഭീകരരുമായി ഏറ്റുമുട്ടി അദ്ദേഹം മരണപ്പെട്ടു. വിജയ് സലാസ്‌കർ, അശോക് കാംതെ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭീകരരുടെ വെടിയേറ്റ് മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയായിരുന്നു. സിഎസ്ടി റെയിൽവേ സ്റ്റേഷനിലെ കൂട്ടക്കുരുതിയുടെ ഭീകരത ടി.വിയിൽ കണ്ട മുംബൈ നഗരം വിറങ്ങലിച്ചു നിന്നു. തുടരെ വരുന്ന വാർത്തകളിൽ നിന്നും നഗരത്തിന്റെ നിയന്ത്രണം ഭീകരർ ഏറ്റെടുത്ത പ്രതീതിയുണ്ടായി. പരിഭ്രാന്തരായ ആളുകൾ വീടിന് പുറത്തിറങ്ങാൻ മടിച്ചു. നഗരം അരക്ഷിതാവസ്ഥയുടെ മുൾമുനയിൽ നിന്നു. എങ്ങും ഭീതിദമായ അന്തരീക്ഷം.

മരണത്തിന്റെ വ്യാളീമുഖം വരെ ചെന്ന് ജിവിതത്തിലേക്ക് മടങ്ങി വരാൻ തനിക്ക് താങ്ങും തണലുമായി നിന്നവരെ ഇന്ന്  കമാണ്ടോ മനേഷ് നന്ദിയോടെ സ്മരിക്കുന്നു. അവരുടെ ദാനമാണ്  തന്റെ ഈ ജീവിതം എന്ന് അദ്ദേഹം പറയുന്നു. കണ്ണൂരിൽ, അഴിക്കോട്ടെ കണ്ണോത്ത് വീട്ടിലിരുന്ന് മുംബൈ ഭീകരാക്രമണ കാലത്തെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു ധീരനായ ഈ പട്ടാളക്കാരൻ. 

മുംബൈ പോലീസിനും ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനും നിയന്ത്രിക്കാൻ പറ്റുന്നതിനപ്പുറത്തേക്ക് സ്ഥിതിഗതികൾ നീങ്ങിയിരുന്നു. സ്‌ക്വാഡിന്റെ തലവനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻമാരും കൊല്ലപ്പെട്ടതോടെ സേനയുടെ ആത്മവിശ്വാസം തകർന്നു. ഈ സാഹചര്യത്തിലാണ് ഭരണകൂടം എൻഎസ്ജിയുടെ സേവനം ആവശ്യപ്പെട്ടത്. ദൽഹിയിൽ നിന്നും രാത്രി തന്നെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ട് അവർ 27 ന് പുലർച്ചെ മുംബൈ സാന്താക്രൂസിൽ വന്നിറങ്ങി. മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ ആദ്യ 120 അംഗ എൻഎസ്ജി കമാണ്ടോ സംഘത്തിൽ മനേഷുമുണ്ടാ യിരുന്നു. തുടർന്ന് മറ്റൊരു 80 അംഗങ്ങൾ കൂടിയെത്തിയതോടെ എൻഎസ്ജി കമാണ്ടോ സംഘത്തിന്റെ അംഗബലം 200 ആയി. 
അവർ പ്രത്യേകം ഗ്രൂപ്പുകളായി നഗരത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് കുതിച്ചു. ഓപറേഷൻ ബ്ലാക്ക് ടൊർനാഡോ എന്ന് പേരിട്ട ആ സൈനിക നീക്കം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകര വിരുദ്ധ നടപടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതിനിടയിൽ തന്നെ കാമ ആശുപത്രി, നരിമാൻ ഹൗസ്, ടാജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, മെട്രോ സിനിമ, ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യ, ലിയോ പോൾഡ് കഫെ എന്നിവിടങ്ങളിലും ഭീകരർ ആക്രമണം അഴിച്ചു വിട്ടിരുന്നു. നിരവധിയാളുകൾ കൊല്ലപ്പെട്ടു. അനേകർക്ക് പരിക്കു പറ്റി. നഗരം വീർപ്പടക്കി നിൽക്കുന്ന കാഴ്ചയാണ് 27 ന്റെ പ്രഭാതത്തിൽ എൻഎസ്ജി കമാണ്ടോകൾ കണ്ടത്. 
നരിമാൻ ഹൗസിൽ രണ്ട് ടെററിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നു എന്ന വിവരം എൻഎസ്ജിക്ക് കിട്ടി. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അങ്ങോട്ടു കുതിച്ച സംഘത്തിൽ മനേഷും ഉൾപ്പെട്ടിരുന്നു. അവിടുത്തെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരേയും വധിക്കാൻ കഴിഞ്ഞെങ്കിലും അതിനിടയിൽ കമാണ്ടോ ഗജേന്ദ്ര സിങിന് ജീവൻ നഷ്ടപ്പെട്ടു. ആ ധീരജവാന് മനസ്സ് കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് സംഘം, അക്രമികളെ തേടി അടുത്ത ലക്ഷ്യമായ താജ് ഹോട്ടലിലേക്ക് പാഞ്ഞു. അവിടെ നാല് അക്രമികൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നായിരുന്നു അവർക്ക് കിട്ടിയ വിവരം. 


അതിനിടയിൽ ടി.വിയിലൂടെ ഓപറേഷൻ ബ്ലാക്ക് ടൊർനാഡോയുടെ വിശദാംശങ്ങൾ അപ്പപ്പോൾ ലോകമറിയുന്നുണ്ടായിരുന്നു. അത് പാക്കിസ്ഥാനിലിരുന്ന് ഇവിടുത്തെ അക്രമികളെ നിയന്ത്രിക്കുന്നവർക്കും കാണാൻ കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അവർ ഇവിടെ ഭീകരർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് എന്ന് തിരിച്ചറിഞ്ഞ എൻഎസ്ജി, സംഭവങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത് നിർത്താൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. അതോടെ കമാണ്ടോകൾ എന്താണ് ചെയ്യുന്നത് എന്ന് ടി.വിയിലൂ ടെ പുറംലോകത്തിന് കാണാൻ പറ്റാതായി. ആ നീക്കം ഫലം കണ്ടു. പാക്കിസ്ഥാനിൽ ഇരുന്ന് ഇവിടുത്തെ അക്രമികൾക്ക് അപ്പപ്പോൾ നിർദേശം നൽകിയിരുന്നവർ നിസ്സഹായരായി. അക്രമികൾ ഒറ്റപ്പെടുകയും എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുകയും ചെയ്തു. കിട്ടിയ ഇടങ്ങളിൽ അവർ പതുങ്ങിക്കൂടി. താജ് ഹോട്ടലിലെ നാല് ഭീകരരേയും വധിക്കാൻ കമാണ്ടോകൾക്കായെങ്കിലും പകരം മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവൻ ബലി കൊടുക്കേണ്ടിവന്നു. 
അപ്പോഴേക്കും ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിൽ ചില ഭീകരർ ഒളിഞ്ഞിരിക്കുന്ന വിവരം കമാണ്ടോ സംഘത്തിന് കിട്ടി. 30 അംഗ സംഘം  അങ്ങോട്ട് കുതിച്ചു. അക്രമികൾ ഒളിഞ്ഞിരിക്കുന്നത് എവിടെയാണെന്ന്് ആദ്യമൊന്നും ആർക്കും പിടികിട്ടിയില്ല. ഹോട്ടലിന്റെ മുക്കും മൂലയും അവർ അരിച്ചുപെറുക്കി. അതിനിടയിൽ അവിടെ നിന്നും 250 ലേറെ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അക്രമികളിൽ ഒരാൾ 20 ാം നിലയിലുണ്ടെന്ന് അതിനിടയിൽ മനസ്സിലായി. ഓപറേഷന്റെ ഭാഗമായി ഹോട്ടലിലെ വൈദ്യുതി കട്ട് ചെയ്തിരുന്നു. അതുകൊണ്ട് ലിഫ്റ്റ് പ്രവർത്തിച്ചിരുന്നില്ല. കോണിപ്പടി വഴി മനേഷ് ഉൾപ്പെട്ട ഒരു 18 അംഗ കമാണ്ടോ സംഘം അവിടേക്ക് പാഞ്ഞുകയറി.
വാതിൽ അടച്ച് അക്രമി അകത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കമാണ്ടോകൾ വാതിൽ തകർത്തു. സ്‌ഫോടനത്തിൽ അകത്ത് മരം കൊണ്ടുണ്ടാക്കിയ ചുവരിന് തീപ്പിടിച്ച് അവിടം കത്തിപ്പടർന്നു. തീയുടെ ചൂട് താങ്ങാനാവാതെ അക്രമി ബാത്ത് റൂമിലേക്ക് ചാടിപ്പോകുന്നതും വാതിൽ അടക്കുന്നതും സംഘം വ്യക്തമായി കണ്ടു. കമാണ്ടോകൾ ബാത്ത് റൂമിന്റെ വാതിൽ തകർത്തു. അതോടെ അകത്തെ ഭീകരന് മനസ്സിലായി, ഇനി രക്ഷപ്പെടില്ലെന്ന്. അയാൾ ആർത്തട്ടഹസിച്ചുകൊണ്ട് കമാണ്ടോകളെ അകത്തേക്ക് വിളിച്ചു കൊണ്ടിരുന്നു. ആർഡിഎക്‌സ് പോലുള്ള സ്‌ഫോടക വസ്തുക്കളെന്തെങ്കിലും ഉപയോഗിച്ച് ആ ഫ്‌ളോർ തന്നെ തകർത്ത് അയാൾ സ്വയം ചാവേറാകുമോ എന്ന് കമാണ്ടോകൾക്ക് സംശയമായി. തകർന്ന ഡോറിന്റെ ഒരു ഭാഗത്ത് മനേഷ് ചവിട്ടി. ഉടനെ അതിന് നേർക്ക് അകത്ത് നിന്ന് അക്രമി വെടിയുതിർത്തു. ബാത്ത് റൂമിന്റെ ഏതു ഭാഗത്താണ് അയാൾ ഉള്ളതെന്ന് അതോടെ കമാണ്ടോ സംഘത്തിന് മനസ്സിലായി.
വെടിയൊച്ച നിലച്ച സെക്കന്റിൽ മനേഷ് അകത്തേക്ക് കുതിച്ചു. ഒളി ഞ്ഞിരുന്ന അക്രമി അപ്രതീക്ഷിതമായി മനേഷിന്റെ തോക്കിൽ കയറിപ്പിടിച്ചു. പിടിവലിക്കിടയിൽ രണ്ടു പേരും നിലത്ത് വീണു. അതിനിടയിൽ തോക്ക് തെറിച്ചു പോയി. വീണിടത്തു കിടന്ന് അവർ മൽപിടിത്തവും മുഷ്ടി യുദ്ധവും നടത്തി. കിട്ടിയ സന്ദർഭത്തിൽ അരയിൽ നിന്നും പിസ്റ്റൾ വലിച്ചൂരിയെടുത്ത് മനേഷ് മിന്നൽ വേഗത്തിൽ ഭീകരന്റെ നെഞ്ചിലേക്കും മുഖത്തേക്കും തുരുതുരാ വെടി ഉതിർത്തു. പക്ഷേ, മരണത്തിലേക്ക് മറിഞ്ഞു വീഴുന്നതിന് മുമ്പ് അയാൾ ഒരു ഗ്രനേഡ് മുകളിലേക്കെറിഞ്ഞു. ഗ്രനേഡ് തന്റെ ശരീരത്തിൽ വീണ് പൊട്ടിയാൽ ശരീരം ചിതറിത്തെറിച്ച് മരിക്കും എന്നറിയാമായിരുന്ന മനേഷ് തലയിലെ ഹെൽമറ്റു കൊണ്ട് അത് കുത്തി അകറ്റാൻ ശ്രമിച്ചു. ഒരൽപം മുകളിൽ ചെന്ന് പൊട്ടിയാൽ സ്‌ഫോടനത്തിന്റെ കാഠിന്യം അത്രയും കുറയുമെ ന്നാണ് അദ്ദേഹം കണക്കു കൂട്ടിയത്.


തലയ്ക്ക് മുകളിൽ വെച്ച് ഉഗ്രശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു. അതിന്റെ മൂന്നു ചീളുകൾ അദ്ദേഹത്തിന്റെ തലയിൽ തുളച്ചു കയറി. അപ്പോഴേക്കും അവിടെ പാഞ്ഞെത്തിയ ക്യാപ്റ്റൻ എ.കെ.സിങിന്റെ വലതു കണ്ണിലേക്കും ഗ്രനേഡിന്റെ ചീളുകളിലൊന്ന് പാഞ്ഞു കയറുകയും അദ്ദേഹത്തിന് കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. അതു വകവെയ്ക്കാതെ കൂടെയുള്ളവരോട് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു- മനേഷിനെ രക്ഷിക്കൂ എന്ന്. ബോധം മറയുന്നതിന് മുമ്പ് അവസാനമായി മനേഷ് കേട്ട വാക്കുകൾ അതാണ്.
മനേഷിനേയും ചുമന്നുകൊണ്ട് ഹിമാചൽകാരനായ കമാണ്ടോ ഷമി 20 നിലകൾ താഴേക്ക് കോണിപ്പടിയിലൂടെ കുതിച്ചിറങ്ങി. ആദ്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മനേഷിനെ തുടർന്ന് നേവിയുടെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദൽഹിയിലെ ആർ.ആർ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മാസങ്ങളെടുത്തു ബോധം വീണ്ടെടുക്കാൻ. രണ്ടു വർഷത്തിലേറെ വേണ്ടിവന്നു ഓർമശക്തി തിരിച്ചു കിട്ടാൻ. തലയോട്ടിയിൽ കയറിയ ഗ്രനേഡിന്റെ രണ്ടു ചീളുകൾ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഒന്ന് ഇപ്പോഴും എടുക്കാനാവാതെ അകത്തു കിടക്കുന്നു. 
2010 ൽ രാജ്യം, ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതികളിലൊന്നായ ശൗര്യചക്രം നൽകി മനേഷിനെ ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വീൽചെയറിലിരുന്നാണ് പ്രസിഡണ്ട് പ്രതിഭാ പാട്ടീലിൽ നിന്നും മനേഷ് ബഹുമതി സ്വീകരിച്ചത്. പുറത്തിറങ്ങുമ്പോൾ ചുവരിൽ എ.പി.ജെ.അബ്ദുൽ കലാമിന്റെ ഒരു വലിയ ഫോട്ടോ കണ്ടു. അപ്പോൾ എന്തിനെന്നറിയാതെ വെറുതെ മോഹിച്ചു, ഈ വലിയ മനുഷ്യന്റെ കൈയിൽ നിന്നും ഒരു ബഹുമതി കിട്ടിയിരുന്നെങ്കിൽ എന്ന്. 2012 ലെ മള്ളിയൂർ പുരസ്‌കാരം അബ്ദുൽ കലാമിൽ നിന്നും സ്വീകരിച്ചപ്പോൾ മനേഷിന്റെ മോഹം പൂവണിഞ്ഞു. അന്ന് മനേഷിനെ വേദിയിൽ കൂടെ പിടിച്ചിരുത്തിക്കൊണ്ട്, അബ്ദുൽ കലാം പറഞ്ഞു, താങ്കൾ തനിച്ചല്ല, ഇന്ത്യക്കാർ മുഴുവനും താങ്കൾക്കൊപ്പമുണ്ട് എന്ന്. 
അത് സത്യം. രാജ്യം നമിക്കുന്ന ഈ ജവാനെ കാണാൻ ഇന്ന് നാടിന്റെ നാനാ ഭാഗത്തു നിന്നും ആളുകളെത്തുന്നു. അവരദ്ദേഹത്തിന് സ്വീകരണങ്ങളും ബഹുമതികളും നൽകുന്നു. കേരളത്തിലെ നിരവധി സ്‌കൂളുകളിൽ പ്രഭാഷകനായും മോട്ടിവേറ്ററായും അദ്ദേഹം ക്ഷണിക്കപ്പെടുന്നു. ഉത്രാടം തിരുനാൾ മഹാരാജാവിന്റെ ആതിഥ്യം സ്വീകരിക്കാനുള്ള ഭാഗ്യം വരെ അദ്ദേഹത്തിനുണ്ടായി. ഒരു ഉദ്ഘാടനത്തിന് ഏഴിമല നാവിക അക്കാദമിയിൽ എത്തിയ എ.പി.ജെ.അബ്ദുൽ കലാം മനേഷിനേയും കുടുംബത്തേയും തന്റെ അതിഥിയായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയും ആദരിക്കുകയും ചെയ്തു. 2017 ഡിസംബറിൽ യു.എൻ പ്രത്യേക ദൗത്യ സംഘമായി ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിനൊപ്പം സർക്കാർ മനേഷിനേയും സുഡാനിൽ അയക്കുകയുണ്ടായി. ഒരു വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം അവസാനമാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. ഇതൊന്നും തന്റെ മിടുക്കു കൊണ്ട് സംഭവിക്കുന്നതല്ലെന്നും മറിച്ച് താൻ ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ അനന്തരഫലം മാത്രമാണെന്നും വിശ്വസിക്കുകയാണ്് മനേഷ്. 
മരണത്തിന്റെ വ്യാളീമുഖം വരെ ചെന്ന് ജിവിതത്തിലേക്ക് മടങ്ങി വരാൻ തനിക്ക് താങ്ങും തണലുമായി നിന്നവരെ ഇന്ന് മനേഷ് നന്ദിയോടെ സ്മരിക്കുന്നു. അവരുടെ ദാനമാണ് തന്റെ ഇപ്പോഴത്തെ ജീവിതം എന്നദ്ദേഹം പറഞ്ഞു. അവരിൽ സൈന്യത്തിലെ തന്റെ സഹപ്രവർത്തകരുണ്ട്. എന്താവശ്യത്തിന് ഏത് അർധരാത്രി വിളിച്ചാലും കണ്ണൂരിലെ സൈനിക ക്യാമ്പിൽ നിന്നും ഓടിവരുന്നവരുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ പി.കെ. വാര്യരും ഡോക്ടർ മാധവ വാര്യരുമുണ്ട്. കോതമംഗലം നങ്ങേലി ആശുപത്രിയിലെ ഡോക്ടർ വിജയൻ നങ്ങേലിയുണ്ട്. നല്ലവരായ നാട്ടുകാരും വീട്ടുകാരുമുണ്ട്. പിന്നെ തനിക്കൊപ്പം എല്ലാ ദുരിതങ്ങളിലൂം നിഴൽ പോലെ കൂടെ നിന്ന് ഒരിക്കലും കരയാതെ തന്റെ ആത്മവിശ്വാസത്തിന് കരുത്തു നൽകിയ ഭാര്യ ഷീമയുണ്ട്. മകൻ, യദു കൃഷ്ണനുണ്ട്.

Latest News