Sunday , June   16, 2019
Sunday , June   16, 2019

ബ്ലൗസ് ധരിക്കാത്ത പ്രിയങ്കക്ക് രൂക്ഷ വിമര്‍ശം; അശ്ലീലമല്ലെന്ന് ഡിസൈനര്‍

മുംബൈ- ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ ബ്ലൗസില്ലാത്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വിവാദമായതോടെ വിശദീകരണവുമായി സാരി ഡിസൈനര്‍ തരുണ്‍ തഹിലിയാനി രംഗത്ത്.

അമേരിക്കന്‍ മാഗസിന്‍ ഇന്‍സ്‌റ്റൈല്‍ പ്രസിദ്ധീകരിച്ച കവര്‍ ചിത്രത്തില്‍ അശ്ലീലമില്ലെന്നും ഇന്ത്യന്‍ സുന്ദരിയുടെ ആഗോള നവീന ദേവതയിലേക്കുള്ള പരിവര്‍ത്തനമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യധാരാ ഫാഷന്‍ കവര്‍ പ്രിയങ്കയുടെ പ്രതിഭയാണ് കാണിക്കുന്നതെന്നും ചോളി ഉപയോഗിക്കാത്തതിലൂടെ ആഗോള തലത്തിലേക്ക് ഉയര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ദോസ്താനയിലൂടെ ദേശി പെണ്‍കുട്ടിയെ അനശ്വരമാക്കിയ പ്രിയങ്ക ചോപ്ര ജൊനാസിന്റെ പുതിയ ഫോട്ടോ എല്ലാ അതിരുകളും ലംഘിച്ചുള്ളതാണ്.

ബ്ലൗസില്ലാതെ സാരി ധരിച്ചുകൊണ്ടുള്ള ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതോടെ ട്രോളന്മാര്‍ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. അമേരിക്കന്‍ ഫാഷന്‍ മാഗസിനായ ഇന്‍സ്റ്റൈലിന്റെ ജൂലൈ പതിപ്പിലാണ് ഇന്ത്യന്‍ ഡിസൈനര്‍ തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത ഫാഷനില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. ലോകത്തെ ഇത്തിരി മാറ്റാന്‍ കൊതിക്കുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.

അശ്ലീലം, ലജ്ജാകരം തുടങ്ങിയ കമന്റുകളാലാണ് ട്രോളന്മാര്‍ പ്രിയങ്കയെ അഭിഷേകം ചെയ്തത്. ബ്ലൗസ് ധരിക്കുന്നതോടെയാണ് സാരി എന്ന വേഷം പൂര്‍ണമാകകുയെന്നും ഈ ചിത്രത്തിലൂടെ പ്രിയങ്ക സ്വന്തം ചാരുത നശിപ്പിച്ചുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. സാരി എന്ന വേഷത്തെ അതിന്റെ തനതു ശൈലിയില്‍ മാനിച്ചില്ലെന്നാണ് ആരോപണം. കോടിക്കണക്കിനു ഫോളോവേഴ്‌സാണ് പ്രിയങ്ക ചോപ്രക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

പോപ് ഗായകന്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ട് തങ്ങള്‍ക്കുണ്ടായ അപമാനത്തെക്കുറിച്ചും പ്രിയങ്ക ചോപ്ര  മാഗസിനില്‍ തുറന്നു പറയുന്നു.  വിവാദങ്ങളും വിമര്‍ശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു സമ്പന്നമായിരുന്നു പ്രിയങ്ക ചോപ്ര നിക് ജൊനാസ് വിവാഹം. നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറായിരുന്നില്ല.

പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണെന്ന വാദമാണ് ആരാധകര്‍ക്കിടയില്‍ ഇവരെ പരിഹാസ്യരാക്കിയത്.
ഇക്കാര്യത്തില്‍ ആളുകള്‍ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്.
പുരുഷന് സ്ത്രീയെക്കാള്‍ പ്രായം കൂടുതലാണെങ്കില്‍ ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തില്‍ ആളുകള്‍  അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു.  എനിക്കത് അദ്ഭുതകരമായി തോന്നുന്നു- പ്രിയങ്ക വ്യക്തമാക്കി.

2018 ഡിസംബറില്‍ ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസിലാണ് പ്രിയങ്കയും പോപ്ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരായത്.