Sunday , June   16, 2019
Sunday , June   16, 2019

ഓർക്കൂട്ട് എന്ന ഓർമക്കൂട്

ഫേസ് ബുക്ക് വരുന്നതിനു മുമ്പ് ഇന്ത്യക്കാർ കൂട്ട് കണ്ടെത്തിയ സൈറ്റ് 

ഓർക്കുട്ടിനെ മറന്നോ...? ഫേസ്ബുക്കും ട്വിറ്ററുമെല്ലാം പ്രചാരത്തിൽ വരുന്നതിനു മുൻപുണ്ടായിരുന്നനമ്മുടെഓർമക്കൂട്. ഓർക്കൂട്ട് എന്ന പേരിനൊപ്പം ഓടിയെത്തുന്ന ഗൃഹാതുരത്വം മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
തുർക്കി എൻജിനീയറായ 'ഓർക്കൂട്ട് ബയോകോയ്റ്റൻ' സൃഷ്ടിച്ച ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇന്ത്യയിലും ബ്രസീലിലും ഒട്ടേറെ സൗഹൃദങ്ങൾ സൃഷ്ടിച്ചു. സമാനതകളില്ലാത്ത ജനപ്രീതിയായിരുന്നു ഇവിടങ്ങളിൽ ഈ പ്ലാറ്റഫോമിനുണ്ടായിരുന്നത്. ഇന്ന്, ഫേസ്ബുക്കിന് മുൻപ് ഉപയോഗിച്ചിരുന്ന ഒരു സൗഹൃദ കൂട്ടായ്മയായാണ് എല്ലാവരും ഓർക്കൂട്ടിനെ ഓർക്കുന്നത്. 
ഓർക്കൂട്ടിനു ശേഷം വന്ന സമൂഹ മാധ്യമമാണ് ഫേസ്ബുക്ക് എന്നതാണ് പലരുടെയും ധാരണ. രസകരമായ കാര്യമെന്തെന്നാൽ, ഓർക്കുട്ട് ഇറങ്ങുന്നതിന് 10 ദിവസം മുൻപാണ് ഹാർവാർഡ് സർവകലാശാലയിൽ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. 2004 ഫെബ്രുവരി നാലിന്. വിദ്യാർത്ഥികൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാരുന്ന ഫേസ്ബുക്ക് പിന്നീട് 2006 മുതൽ ലോകമെമ്പാടുമുള്ളവർക്കായിസൗഹൃദ വേദി തുറന്നു കൊടുത്തുകൊണ്ട് വിപ്ലവ മാധ്യമമായി മാറുകയായിരുന്നു.
ഫേസ്ബുക്കിന്റെ വരവ് ഇന്ത്യയിൽ ഒരു പുതിയ ഡിജിറ്റൽ തരംഗം സൃഷ്ടിച്ചു. ഒന്നിച്ചിരിക്കാനും ഇടപഴകാനുമുള്ള ഇന്ത്യൻ മനഃസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഫേസ്ബുക്കിനെ ഇന്ത്യക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഓർക്കുട്ടിൽ ചേരുന്നതിന് ക്ഷണം ആവശ്യമായിരുന്നു. ഇന്ത്യയിലുള്ള വൻ പ്രചാരം കൊണ്ട് മാതൃകമ്പനിയായ ഗൂഗിൾ കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, മറാഠി തുടങ്ങിയ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ലോകം മുഴുവൻ ഫേസ്ബുക്കിലേക്ക് ചേക്കേറുമ്പോഴും ഇന്ത്യക്കാർ ഓർക്കുട്ടിൽ തന്നെയായിരുന്നു സൗഹൃദങ്ങളുടെ കൂടു കൂട്ടിയത്. 
2009 മുതലാണ് ഫേസ് ബുക്ക് കുറേശ്ശെ ഇന്ത്യയിൽ പ്രചാരത്തിലാകുന്നത്. ഈ കാലഘട്ടത്തിൽ ഓർക്കുട്ട്, ഫേസ്ബുക്കിന് കടുത്ത മത്സരമാണ് നൽകിയത്. പക്ഷേ, 2010 നു ശേഷം ഫേസ്ബുക്ക് മത്സരത്തിൽ ഓർക്കുട്ടിനെ പിന്നിലാക്കി കുതിക്കുകയായിരുന്നു.
ഗൂഗിളിന്റെ ഓർക്കുട്ടിൽ നിന്നുള്ളശ്രദ്ധ മാറിയതും തകർച്ചയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വാസ്തവത്തിൽ, ഗൂഗിളിന് ഓർക്കുട്ട് പ്രഥമ പരിഗണന ആയിരുന്നില്ല -ടെക്നോളജി അനലിസ്റ്റ് പ്രശാന്ത് കുമാർറോയ് പറയുന്നു. 
2011 ൽ ഗൂഗിൾ പ്ലസ് എന്ന പ്ലാറ്റ്‌ഫോം ഗൂഗിൾ അവതരിപ്പിച്ചു. ഓർക്കുട്ടിൽ നിന്ന് വ്യത്യസ്തമായി, വാളിൽ എഴുതാനുള്ള ഫീച്ചറും അതിലടങ്ങിയിരുന്നു. ഓർക്കുട്ടിന് മത്സരിക്കാനുണ്ടായിരുന്നത്, പുറത്തു നിന്നുള്ളവരോട് മാത്രമായിരുന്നില്ല, ഗൂഗിളിനകത്തുമായിരുന്നു.
ഓർക്കുട്ടിൽ പുതുമകൾ കൊണ്ടുവരാൻഗൂഗിൾ ശ്രമിക്കാതിരുന്നപ്പോൾ, ഫേസ്ബുക്ക് വരിക്കാരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ സ്ഥിരമായി അവതരിപ്പിച്ചു. ആദ്യമൊക്കെ ഉപയോഗിക്കാൻ എളുപ്പമായിരുന്നെങ്കിലും പിന്നീട് കൂടുതൽ സങ്കീർണമാകാൻ തുടങ്ങി. ഓർക്കുട്ടിന്റെ വേഗത കുറഞ്ഞ പ്രവർത്തനം ഉപയോക്താക്കളെ ഫേസ്ബുക്കിലേക്ക് ആകർഷിച്ചു. ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞു.