Sunday , June   16, 2019
Sunday , June   16, 2019

കോത്തഗിരിയുടെ മനോഹാരിത

സമുദ്ര നിരപ്പിൽനിന്നും ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോത്തഗിരി  കോടനാട് വ്യൂ പോയന്റ് നീലഗിരി കുന്നുകളിൽ ഏറ്റവും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.  തമിഴ്‌നാട് ടൂറിസം മാപ്പിൽ നീലഗിരി കുന്നുകളിൽ ഏറ്റവും ആകർഷകമായ മൂന്നു കുന്നുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കോത്തഗിരി. ഊട്ടി പട്ടണത്തിൽനിന്നും കുനൂർ ഹൈവേയിൽ ഇരുപത്തി ഒൻപത് കിലോമീറ്റർ പിന്നിടുമ്പോൾ എത്തിച്ചേരുന്ന  കോത്തഗിരി എന്ന ചെറുപട്ടണം ഊട്ടിയോളം തന്നെ മനോഹരവും നീലഗിരി കുന്നുകളുടെ യഥാർത്ഥ വശ്യ സൗന്ദര്യം വിളിച്ചോതുന്നതുമാണ്. 
ഊട്ടി പട്ടണത്തിന്റെ ജാനബാഹുല്യങ്ങളിൽ നിന്നും അകന്ന് നീലഗിരിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾക്ക് എപ്പോഴും തെരഞ്ഞെടുക്കാൻ പറ്റിയ ഒരിടം തന്നെയാണ് കോത്തഗിരി. തേയില തോട്ടങ്ങളാലും യൂക്കാലിപ്റ്റസ് മരങ്ങളാലും അതിര് നിശ്ചയിച്ചു ഒഴുകുന്ന ഊട്ടി കോത്തഗിരി പാത കണ്ണിനു കുളിർമ മാത്രമല്ല ആരോഗ്യ സമ്പുഷ്ടമായ പ്രകൃതിയുടെ സുഗന്ധവും നമുക്ക് സമ്മാനിക്കുന്നു. 
കൊത്ത ഗോത്ര വർഗക്കാരുടെ വാസസ്ഥലമായി അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നതുകൊണ്ടും  പ്രകൃതിയിലെ അനേകം ദിവ്യ ഔഷധങ്ങളുടെയും, സസ്യജാലങ്ങളുടെയും നിലവറ ആയിരുന്നതുകൊണ്ടും അനന്തമായി കിടക്കുന്ന പർവത നിരകളുടെ സ്വർഗീയ കാഴ്ചകൾ കൊണ്ടും കോത്തഗിരി എന്നറിയപ്പെടുന്ന ഈ ചെറുപട്ടണം ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആദ്യ നാളുകളിൽ തന്നെ അവർ തങ്ങളുടെ വേനലവധികൾക്ക് ചെലവഴിക്കാൻ വേണ്ടി തെരഞ്ഞെടുത്തിരുന്നു. കോത്തഗിരി പട്ടണത്തിന്റെ നഗര കാഴ്ചകളിൽ ഇപ്പോഴും ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ശേഷിപ്പുകൾ നമുക്ക് ദൃശ്യമാകും. 
കോത്തഗിരിയോട് ചേർന്ന് മേട്ടുപ്പാളയം റൂട്ടിൽ ഏഴു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന  കാതറിൻ വാട്ടർ ഫാൾസ്, സമുദ്ര നിരപ്പിൽനിന്നും ഏകദേശം ആയിരത്തി ഏഴുനൂറ്റി എൺപത്തി അഞ്ച് അടി ഉയരത്തിൽ  ഇരുള  ഗോത്ര വിഭാഗക്കാരുടെ ആത്മീയ ക്ഷേത്രം കൂടി ആയി അറിയപ്പെടുന്ന രംഗസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്ന രംഗസ്വാമി  ഹിൽസ് കോത്തഗിരിയിൽനിന്നും ഇരുപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. 
 നിരവധി വൈവിധ്യങ്ങളായ വന്യജീവികളാൽ സമ്പന്നമായ നൂറ്റി പതിനാറു ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന നിത്യ ഹരിത വനമായ ഷോല റിസർവ് ഫോറസ്റ്റ്, കോടനാട് വ്യൂ പോയന്റ് തുടങ്ങി വേറെയും  സുന്ദരമായ കാഴ്ചകൾ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇവയിൽ തന്നെ കോടനാട് വ്യൂ പോയന്റ് യാത്രയിലുടനീളം ഏറ്റവും സുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കോടനാട് എസ്‌റ്റേറ്റ് ഈ വ്യൂ പോയന്റിനോട് ചേർന്നു കിടക്കുന്നു. കോത്തഗിരിയിൽനിന്നും ഏകദേശം പതിനാറു കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് കോടനാട് വ്യൂ പോയന്റിൽ എത്തിച്ചേരാൻ സാധിക്കും. 
ഊട്ടി പട്ടണത്തിന്റെ ജനബാഹുല്യതയിൽ നിന്നും ബൊട്ടാണിക്കൽ ഗാർഡൻ, ലേക്ക്, ടോയ്  ട്രെയിൻ തുടങ്ങിയ കൃത്രിമ കാഴ്ചകളിൽനിന്നും വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും കോത്തഗിരി - കോടനാട് യാത്ര വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.  മേട്ടുപ്പാളയം, കോയമ്പത്തൂർ, ഊട്ടി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തവും സുഖകരവുമായ യാത്രാ സൗകര്യങ്ങളും താമസ സൗകര്യങ്ങളും ഈ പ്രദേശത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.