Wednesday , June   26, 2019
Wednesday , June   26, 2019

വിരൽത്തുമ്പിലെ വിസ്മയങ്ങൾ

ചിത്രകലയിൽ രൂപപ്പെടുന്ന രചനാവിസ്മയങ്ങളെ വിശേഷിപ്പിക്കാൻ പലപ്പോഴും അതിശയോക്തിയോടെ ഉപയോഗിക്കാറുള്ള ആലങ്കാരിക പ്രയോഗമാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ എന്നത്. എന്നാൽ അത് അങ്ങനെയല്ല എന്ന് അക്ഷരാർഥത്തിൽ അന്വർഥമാക്കും വിധം അസാധാരണമായ അത്ഭുത സിദ്ധിയോടെ ചിത്രരചനയിൽ വേറിട്ട വഴി തേടുന്ന ഒരു കലാകാരനാണ് കാസർകോട് ചെറുവത്തൂരിലെ തിമിരി സ്വദേശിയായ രമണൻ. 

ബോൾപോയിന്റ് പേനയും പെൻസിലും ഉപയോഗിച്ച് രമണൻ തിമിരി എന്ന ഈ ചിത്രകാരൻ ഒരുക്കുന്ന ചിത്രങ്ങൾ കാണുന്ന ഓരോ കണ്ണുകളിലും അവ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി മാറുന്ന മാസ്മരികതയുണ്ട് എന്നത് അതിശയോക്തിയുടെ പിൻബലമില്ലാത്ത വസ്തുത മാത്രമാണ്.
മലയാള സിനിമയിലെ പ്രമുഖരായ സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് രമണൻ തിമിരി എന്ന ചിത്രകാരൻ ഇങ്ങനെ വരച്ച് ചരിത്രം സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമായും സെലിബ്രിറ്റികളെ വരയിലേക്ക് വരവേൽ ക്കുന്നത് എന്ന് ചോദിക്കുമ്പോൾ അതിന് വ്യക്തമായ ചില  കാരണങ്ങളുണ്ട് അദ്ദേഹത്തിന് ചൂണ്ടിക്കാട്ടാൻ. ഒന്ന്, അതുകൊണ്ട് ചിത്രകലയിലെ അനുവാചകരെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയും എന്നതാണ്. അതേസമയം അവരുടെ സെലിബ്രിറ്റികൾ) മുഖങ്ങൾ പൊതുജനത്തിന് ചിരപരിചിതമാണ് എന്നതിനാൽ വരയ്ക്കുന്നവർ ഏറെ ശ്രദ്ധയോടെ വേണം അത് കൈകാര്യം ചെയ്യാൻ. ഏറ്റവും സൂക്ഷ്മമായ തെറ്റുകൾ പോലും ആളുകൾ ശ്രദ്ധിക്കും എ ന്നതാണ് സത്യം. അതായത് ഈ ചിത്രങ്ങൾ വരയ്ക്കുമ്പോൾ കലാകാരന്റെ കർമശേഷി വലിയ തോതിലുള്ള വെല്ലുവിളികളെ നേരിടേണ്ടി വരും. ഫല ത്തിൽ അത് കലാകാരന് അണുവിട തെറ്റാതെ വരയിൽ ശ്രദ്ധിക്കാനുള്ള പ്രാപ്തി നൽകുകയും അതുവഴി അയാളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് രമണൻ തിമിരിയുടെ വിലയിരുത്തൽ. 
മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും ദുൽഖർ സൽമാനും തിലകനും കലാഭവൻ മണിയും ജഗതീ ശ്രീകുമാറും കുഞ്ചാക്കോ ബോബനും കമലഹാസനും ശ്രീനിവാസനും നവ്യാനായരും കാവ്യാമാധവനും സായ് പ ല്ലവിയും ഉൾപ്പടെ മലയാള സിനിമയിലെ നിരവധി ശ്രദ്ധേയരുടെ പോർട്രെയ്റ്റുകൾ പേനയും പെൻസിലും ഉപയോഗിച്ച് ഈ ചിത്രകാരൻ വരച്ച് വിസ്മയം തീർത്തിട്ടുണ്ട്. ചലച്ചിത്ര ഗാനാലാപന രംഗത്തെ രണ്ടു ലെജന്റുകളായ യേശുദാസിന്റെയും ചിത്രയുടേയും ചിത്രങ്ങളും അദ്ദേഹത്തിന്റെ മാന്ത്രിക വിരൽതുമ്പിൽ നിന്നും വാർന്നു വീണ് ജീവസുറ്റവയായി മാറിയിട്ടുണ്ട്. കൂടാതെ സച്ചിൻ ടെണ്ടുൽക്കർ, ലാൽ ജോസ്, അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ തുടങ്ങിയവരുടെ ചിത്രങ്ങളും രമണൻ വരച്ചിട്ടുണ്ട്. ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ഒരു നിമിഷം അവയ്ക്ക് ജീവൻ വയ്ക്കുന്നുവോ എന്നുവരെ നാം അറിയാതെ ചിന്തിച്ചു പോകും. എല്ലാ അർഥത്തിലും അവ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തന്നെയായിരുന്നു!
പേനയും പെൻസിലും ഉപയോഗിച്ച് മാത്രമല്ല വാട്ടർകളർ, ഓയിൽ പെയിന്റിങ്, ഇനാമൽ പെയിന്റിങ് എന്നിവയിലും പ്രഗദ്ഭനാണ് രമണൻ തിമിരി എന്ന ചിത്രകാരൻ. അതേസമയം തനിക്ക് ഏറെ ഇഷ്ടമുള്ളതും സംതൃപ്തി നൽകുന്നതുമായ വരയിലെ മാധ്യമം പെൻസിൽ ഡ്രോയിങാണ് എന്നദ്ദേഹം വ്യക്തമാക്കുന്നു. ബോൾ പോയിന്റ് പേനയും പെൻസിലും കൂടാതെ വാട്ടർക ളറും ഉപയോഗിച്ച് അദ്ദേഹം ധാരാളം പ്രകൃതി ദൃശ്യങ്ങളും വരിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അന്യമായിപ്പോയ പഴയ ഒരു കാലത്തിന്റെ സുന്ദരവും സമ്പന്നവുമായ പ്രകൃതിയെ കുറിച്ചുള്ള സുഖകരമായ ഓർമകളുടെ പുനർസൃഷ്ടിയാണ് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നത്. 
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വരയ്ക്കാനായി രമണൻ ആദ്യമായി പെൻസിൽ കൈയിലെടുക്കുന്നത്. ജ്യേഷ്ഠൻ, കരുണനായിരുന്നു വരയിൽ അദ്ദേഹത്തിന്റെ ആദ്യ പ്രചോദനം. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ചി ത്രരചനയിൽ സബ്ജില്ല-ജില്ല-സംസ്ഥാന യുവജനോത്സവങ്ങളിൽ പങ്കെടുത്ത് മത്സരിക്കുകയും ധാരാളം സമ്മാനങ്ങൾ അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും വാട്ടർകളർ ചിത്രരചനയിലും പെൻസിൽ ഡ്രോയിങിലും. തിമിരിയിലെ കുട്ടമ്മത്ത് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചിത്രരചനയുടെ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്ത് കൊണ്ട് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ തുടർച്ചയായി കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭാഗ്യവും ഈ ചിത്രകാരന് കിട്ടിയിട്ടുണ്ട്. 
ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് രമണൻ കോളേജിൽ പ്രീ-ഡിഗ്രി പ ഠനത്തിന് ചേർന്നത് കുടുംബത്തിന്റെ നിർബന്ധം കൊണ്ടായിരുന്നു. വരദാന മായി കിട്ടിയ വരയിലൂടെ തലവര മാറ്റാനാവുമോ എന്ന് ശ്രമിക്കാനായിരുന്നു രമണന് താൽപര്യം. അങ്ങനെ കോളേജ് പഠനം തുടരാതെ അന്ന് മലബാറിലെ പ്രസിദ്ധമായ ബ്രഷ്മാൻ സ്‌കൂൾ ഓഫ് ആർട്ട്‌സിന്റെ പയ്യന്നൂർ ശാഖയിൽ ചേർന്നു. അവിടെ പ്രധാനമായും പരിശീലിച്ചത് പെൻസിൽ ഡ്രോയിങും വാട്ടർകളർ പെയിന്റിങുമായിരുന്നു. ആ പരിശീലന കാലത്തെ പ്രധാന ഗുരുവായിരുന്ന അനീഷ് മാഷെ പോലുള്ളവർ തന്റെ ചിത്രരചനാ പാടവത്തിൽ വലിയ ശക്തിയും സ്വാധീനവും ആയിത്തീർന്നിട്ടുണ്ട് എന്ന് ഇന്നും രമണൻ നന്ദിപൂർവം ഓർക്കുന്നു. അവിടുത്തെ പഠനം കഴിഞ്ഞിറങ്ങിയ ശേഷം പയ്യന്നൂരിലും തളിപ്പറമ്പിലും പരിസരത്തും രണ്ടു വർഷത്തോളം ചിത്രരചനാ ക്ലാസുകളെടുത്തു. 
ഉപജീവനത്തിനായി പരസ്യബോർഡുകൾ, ഹോർഡിങുകൾ, ബാനറുകൾ എന്നിവ ധാരാളമായി ചെയ്തു. അക്കാലത്തുതന്നെ രമണൻ, പരസ്യ ബോർഡുകളിലും മറ്റും മലയാളത്തിലെ പ്രസിദ്ധ സിനിമാ നടീനടൻമാരുടെ മുഖങ്ങൾ വരച്ചു തുടങ്ങിയിരുന്നു. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ രൂപപ്പെടുത്തിയ ആ ചിത്രങ്ങൾ അന്നേ പലരും ശ്രദ്ധിച്ചതാണ്. പക്ഷെ, ആ വര യിലൂടെയൊന്നും കുടുംബം പുലർത്താനുള്ള മാന്യമായ ഒരു വരുമാനം കണ്ടെത്താൻ രമണന് കഴിഞ്ഞില്ല. 2007-ൽ അദ്ദേഹം കുവൈറ്റിലേക്ക് കടന്നു. അവിടെ ഇപ്പോഴും അദ്ദേഹം ഫ്രീലാൻസ് ചിത്രകാരനായി ജോലി ചെയ്യുന്നു. 
ഏഴു വർഷം മുമ്പാണ് രമണൻ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങൾ പേനയും പെൻസിലും ഉപയോഗിച്ച് വരച്ചു തുടങ്ങിയത്. ഫേസ് ബുക്കിൽ ആരോ ചിലർ വരച്ചിട്ട അത്തരം ചിത്രങ്ങളായിരുന്നു പ്രധാന പ്രേ രണ. വരയിലെ വ്യത്യസ്തതയ്ക്കുവേണ്ടി എന്നും പരീക്ഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന്റെ മനസ്സ് അതിൽ ആവേശം കൊണ്ടു. അങ്ങനെ വരച്ച ചിത്രങ്ങൾ ഫേസ് ബുക്കിലാണ് ആദ്യം അദ്ദേഹം ഇട്ടത്. ആയിരങ്ങളെ ഈ ചിത്രങ്ങൾ ആകർഷിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. പലരും വളരെ നല്ല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് ആ ചിത്രങ്ങളെ അനുഗ്രഹിച്ചപ്പോൾ രമണന്റെ ആവേശം ഇരട്ടിച്ചു. കുവൈറ്റിലെ ജോലിക്കിടയിൽ വീണു കിട്ടുന്ന വിശ്രമ വേളകളിലാണ് അത്തരം ചിത്രങ്ങൾ ധാരാളമായി വരച്ചത്. ആ ചിത്രങ്ങൾ അതാതിന്റെ ഉടമകൾക്ക് നേരിട്ട് കൈമാറണം എന്നതാണ് അദ്ദേ ഹത്തിന്റെ ഇപ്പൊഴത്തെ പ്രധാന ആഗ്രഹം. രമണന്റെ വീട്ടിലെ ചുവരുകളെ അലങ്കരിക്കുന്ന ആ ചിത്രങ്ങളുടെ എണ്ണം ഇന്ന് നൂറു കവിഞ്ഞു. 
എന്നാൽ ആ രചനകളിൽ സംശയാലുക്കളായ ചിലർ അവ ഫോട്ടോഷോപ്പിൽ പലതരം കൃത്രിമം കാട്ടി ചെയ്തവയാണ് എന്നുവരെ ആരോപിക്കുകയുണ്ടായി. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല. കാരണം പേനയും പെൻസിലും മാത്രം ഉപയോഗിച്ച് കൊണ്ട് ഒരാൾക്ക് എങ്ങനെ ഇത്രയും തൻമയത്വത്തോടെ ചിത്രങ്ങൾ വരക്കാൻ കഴിയും എന്ന സംശയം സ്വാഭാവികമായും ആർക്കും ഉണ്ടാകാം. പലപ്പോഴും അവ ഫോട്ടോകൾ ആണെന്ന് വരെ തോന്നിപ്പോകും. യാഥാർഥ്യവുമായി അവയ്ക്ക് അത്രയധികം സാമ്യവും സാദൃശ്യവുമുണ്ട് എന്നതാണ് കാരണം. 
അത്തരം ഒരു ആരോപണം കേട്ടപ്പോൾ രമണന് അതിൽ ഒട്ടും പരിഭവം തോന്നിയില്ല. സാങ്കേതിക വിദ്യയുടെ കുതിപ്പിനെ കരുവാക്കിക്കൊണ്ട് ചിലരെങ്കിലും അങ്ങനെയുള്ള പലതരം ഗിമ്മിക്കുകളും ചെയ്യുന്നുണ്ട് എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ താൻ ചെയ്യുന്നത് സത്യസന്ധമായ ചിത്രരചനയാണ് എന്ന് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയായി തീർന്നു. അതിനാൽ അത്തരക്കാരുടെ സംശയം ദൂരീകരിക്കാനും അവരെ ബോധ്യപ്പെടുത്താനും മാധ്യമങ്ങളുടെ മുന്നിൽ വെച്ച് തന്നെ ഈ ചിത്രങ്ങൾ വരച്ചു കാണിക്കേണ്ടിയും വന്നു, ഈ ചിത്രകാരന്. അങ്ങനെ ഒരു നല്ല കലാകാരന്റെ കരവിരുതിന് നമ്മേ അതിശയിപ്പിക്കാനും അമ്പരപ്പിക്കാനും കഴിയും എന്ന് രമണൻ തിമിരിയുടെ ചിത്രങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 
ഇപ്പോൾ അവധിക്ക് നാട്ടിലുള്ള രമണൻ, താൻ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ്. ഗൾഫിൽ നിന്ന് എന്നെങ്കിലും വിരമിച്ച് തിരിച്ചു വരുമ്പോൾ ഇവിടെ ഒരു ചിത്രകലാ ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങാനുള്ള പദ്ധതിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. പാട്ടിനും ഡാൻസിനും മറ്റെല്ലാ കലാരൂപങ്ങൾക്കും ടിവിയിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മറ്റും വലിയ പ്രോത്സാഹനം കിട്ടുമ്പോൾ ചിത്രരചനയ്ക്ക് അത്തരം ഒരു വേദി പുതുതലമുറയ്ക്ക് ലഭിക്കുന്നില്ല എന്നൊരു പരിഭവമുണ്ട് രമണന്. അത് പരിഹരിക്കാൻ കൂടിയാണ് താൻ ഒരു ചിത്രരചനാ പരിശീലന സ്ഥാപനം ആരംഭിക്കാൻ ആഗ്രഹിക്കുന്നത് എന്നദ്ദേഹം വിശദീകരിക്കുന്നു. വിരലിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു കിട്ടിയ ഈ ചിത്രകാരന് എല്ലാറ്റിനും താങ്ങും തണലും തുണയുമായി ഭാര്യ ധന്യാംബികയും മകൾ നിളയും കൂട്ടിനുണ്ട്.
 

Latest News