Sunday , June   16, 2019
Sunday , June   16, 2019

പട്ടുറുമാലിന്റെ പകിട്ട്

മികച്ച രചനകളും മധുരമായ ഈണങ്ങളുമാണ് മാപ്പിളപ്പാട്ട് ശാഖയ്ക്ക് ഇന്ന് അനിവാര്യമായിട്ടുള്ളത്. ഗാനരചനാരംഗത്ത് പി.ടി അബ്ദുറഹ്മാനും എസ്.എ ജമീലും കാനേഷ് പൂനൂരും മറ്റും നൽകിയ സംഭാവനകൾ അമൂല്യമാണ്. അവരെഴുതിയ പോലെ എക്കാലത്തും ഓർക്കാനും പാടാനും കൊതിക്കുന്ന വരികളും ശീലുകളുമാണ് ഇവിടെയുണ്ടാകേണ്ടത്. കാലത്തിന്റെ മറുപുറത്തേക്ക് യാത്രയായ മഹാരഥന്മാർ അവശേഷിപ്പിച്ച സർഗമുദ്രകളാണ് മാപ്പിളപ്പാട്ടിന്റെ ഉൾക്കരുത്തെന്നും ഫൈസൽ എളേറ്റിൽ വ്യക്തമാക്കുന്നു.

മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ചാനലിലെ പട്ടുറുമാലിന്റെ ജഡ്ജിംഗ് പാനലിലും പിന്നീട് മീഡിയാ വൺ ചാനലിന്റെ പതിനാലാം രാവ് എന്ന പാട്ട് പരിപാടിയുടെ പാനലിലും നിഷ്‌കൃഷ്ടമായ നീതിനിഷ്ഠയോടെ വിധിയെഴുത്ത് നടത്തുന്ന സംഗീതജ്ഞൻ ഫൈസൽ എളേറ്റിൽ വിശുദ്ധമാസം ചെലവിടാൻ ഇപ്പോൾ പുണ്യഭൂമിയിലാണ്. ഒരിടവേളയിൽ അദ്ദേഹത്തെ ആകസ്മികമായി കണ്ടുമുട്ടിയപ്പോൾ, സംഗീതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും മറ്റും അധ്യാപകൻ കൂടിയായ അദ്ദേഹം മലയാളം ന്യൂസുമായി മനസ്സ് തുറന്നു.
പലരും ധരിക്കുന്നത് പോലെ ഞാനൊരു ഗായകനല്ല. അതേ സമയം പാട്ടിന്റെ, പ്രത്യേകിച്ചും മാപ്പിളപ്പാട്ടിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിട്ടുള്ള സംഗീത തൽപരനാണ്. ഉമ്മയുടെ താവഴിയിൽ പാട്ടുകാരുണ്ടായിരുന്നു. അമ്മാവൻ ഇക്ബാൽ ഗായകനായിരുന്നു. ചെറുപ്പത്തിൽ പാട്ട് പാടിയിരുന്നു. മാപ്പിളപ്പാട്ടിനോട് താൽപര്യം ഏറെയായിരുന്നു. കൊടുവള്ളിക്കടുത്ത എളേറ്റിൽ ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും പിന്നീട് കോഴിക്കോടായി തട്ടകം. അവിടെ നിരവധി കലാകാരന്മാരും സംഗീതജ്ഞരുമുണ്ട്. പലരുമായും നല്ല സൗഹൃദം സ്ഥാപിക്കാനായി. കാദിരിക്കോയ മാഷ്, എം.എൻ കാരശ്ശേരി, എ.പി കുഞ്ഞാമു, കാനേഷ് പൂനൂർ തുടങ്ങിയവരടങ്ങിയ കോഴിക്കോടിന്റെ സാംസ്‌കാരിക പരിഛേദത്തിൽ അറിയാതെ ഞാനുമൊരു കണ്ണിയായി. അതെന്റെ സംഗീത-സഹൃദയ വാസനകൾക്ക് തിടം വെയ്ക്കാൻ അവസരം നൽകി.. ഫൈസൽ എളേറ്റിൽ പഴയകാലം ഓർത്തെടുത്തു.
സംഗീതസദിരുകൾ, ഗസൽ -മെഹ്ഫിൽ രാവുകൾ, പ്രതിഭാധനരുമായുള്ള അപൂർവ സംഗമങ്ങൾ, വായിക്കാനും സംഗീതം പഠിക്കാനുമുള്ള അവസരങ്ങൾ ഇതൊക്കെയാണ് കോഴിക്കോടൻ സായാഹ്നങ്ങൾ ഫൈസലിന് സമ്മാനിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ മാപ്പിളപ്പാട്ട് പഠനത്തിനും മഹാകവി മോയിൻകുട്ടി വൈദ്യർ ഗവേഷണത്തിനുമൊക്കെയുള്ള സംരംഭങ്ങളിൽ ഫൈസലും സജീവമായി. മാപ്പിളപ്പാട്ടിന് ഭാഷയുടേയും ഈണങ്ങളുടേയും ഇമ്പം പകർന്ന മഹാപ്രതിഭയായ മോയിൻകുട്ടി വൈദ്യരുടെ സംഗീത ജീവിതം തേടിയുള്ള യാത്ര ഏറെ കൗതുകകരമായിരുന്നു. ദ്രാവിഡശീലുകളാൽ മാപ്പിളപ്പാട്ടിന് മകരന്ദം ചൊരിഞ്ഞ മോയിൻകുട്ടി വൈദ്യരുടെ കാവ്യശേഖരം കണ്ടെടുത്ത് അവ കാത്ത് സൂക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ആ സംഗീതപ്രതിഭയുടെ ജീവിതം പഠിപ്പിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ താൽപര്യം പ്രശംസനീയമായിരുന്നു. ഇപ്പോൾ വൈദ്യർ സ്മാരക സമിതിയുടെ നിർവാഹക സമിതി അംഗമാണ് ഫൈസൽ എളേറ്റിൽ.
പ്രസിദ്ധ സംഗീതജ്ഞനായിരുന്ന എസ്.എ. ജമീലിന്റേയും ഗായകൻ വി.ടി. മുരളിയുടേയും പ്രേരണയാലാണ് കൈരളി ടി.വിയിൽ പട്ടുറുമാൽ ജഡ്ജായി പോകാൻ സാധിച്ചത്. അത് വലിയൊരനുഭവമായിരുന്നു. ശബ്ദസൗകുമാര്യം വരദാനമായി ലഭിച്ച എത്രയോ മിടുക്കന്മാരും മിടുക്കികളും കേരളത്തിനകത്തും പുറത്തുമുണ്ടെന്ന് മനസ്സിലായത് പട്ടുറുമാൽ വഴിയാണെന്ന് ഫൈസൽ പറഞ്ഞു. ആവശ്യമായ പരിശീലനം നൽകിയാൽ പ്രതിഭാശാലികളായ നിരവധി ഗായികാഗായകന്മാരെ നമുക്ക് വാർത്തെടുക്കാനാവുമെന്നും ഈ ഷോ തെളിയിച്ചു. 2009 മുതൽ 2014 വരെയായിരുന്നു കൈരളിയുടെ ഫ്‌ളോറിൽ പട്ടുറുമാൽ പ്രതിഭകളോടൊത്തുള്ള സംഗമം.പിന്നീട് മീഡിയാ വണിലെ പതിനാലാം രാവിന്റെ ജഡ്ജിംഗ് പാനലിൽ ഷാൻ, രഹ്‌ന എന്നിവരോടൊപ്പം സംഗീതലോകത്തിലെ ഇളം പ്രതിഭകളുടെ വിധിനിർണയിക്കാനുള്ള നിയോഗമുണ്ടായി. ഇതും അസുലഭമായ നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചത്. 
മാപ്പിളപ്പാട്ട് രംഗത്തെ ആദ്യകാല പ്രതിഭയായ പുലിക്കോട്ടിൽ ഹൈദറിന്റെ വെള്ളപ്പൊക്കമാല'യുടെ ആവിഷ്‌കാരത്തിന് അവസരം കിട്ടിയതും ഈ രംഗത്ത് പുതിയൊരു പരീക്ഷണമായിരുന്നു. മോയിൻകുട്ടി വൈദ്യരെപ്പോലെത്തന്നെ പുലിക്കോട്ടിൽ, മുണ്ടമ്പ്ര ഉണ്ണിമമ്മദ് തുടങ്ങിയവരുടെ കൃതികൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഇക്കാലത്താണ് ആരംഭിച്ചത്. പഴയകാല പാട്ടുകാരായ, ഈയിടെ അന്തരിച്ച എരഞ്ഞോളി മൂസയുൾപ്പെടെയുള്ളവരിൽനിന്ന് ഇത് സംബന്ധിച്ച് വിലപ്പെട്ട രേഖകൾ കിട്ടി. മൂസക്കയുടെ അന്ത്യനിമിഷങ്ങളിൽ ഒപ്പം നിൽക്കാനും ആവശ്യമായ സഹായം നൽകാനും സാധിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും ഫൈസൽ എളേറ്റിൽ പറഞ്ഞു. മാപ്പിളപ്പാട്ട് പഠനങ്ങളടങ്ങിയ ലേഖനങ്ങളുടെ സമാഹാരം പുസ്തകമായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഫൈസലിപ്പോൾ. ഹാർമോണിയം പഠിച്ചിട്ടുള്ള ഫൈസൽ എളേറ്റിലിന് ഹിന്ദുസ്ഥാനി സംഗീതത്തോടാണ് കൂടുതൽ പ്രിയം. മികച്ച രചനകളും മധുരമായ ഈണങ്ങളുമാണ് മാപ്പിളപ്പാട്ട് ശാഖയ്ക്ക് ഇന്ന് അനിവാര്യമായിട്ടുള്ളത്. ഗാനരചനാരംഗത്ത് പി.ടി അബ്ദുറഹ്മാനും എസ്.എ ജമീലും കാനേഷ് പൂനൂരും മറ്റും നൽകിയ സംഭാവനകൾ അമൂല്യമാണ്. 
അവരെഴുതിയ പോലെ എക്കാലത്തും ഓർക്കാനും പാടാനും കൊതിക്കുന്ന വരികളും ശീലുകളുമാണ് ഇവിടെയുണ്ടാകേണ്ടത്. കാലത്തിന്റെ മറുപുറത്തേക്ക് യാത്രയായ മഹാരഥന്മാർ അവശേഷിപ്പിച്ച സർഗമുദ്രകളാണ് മാപ്പിളപ്പാട്ടിന്റെ ഉൾക്കരുത്തെന്നും ഫൈസൽ എളേറ്റിൽ വ്യക്തമാക്കുന്നു.
ഫൗസിയയാണ് ഫൈസലിന്റെ ജീവിതപങ്കാളി. ദയാപുരം ആർട്‌സ് ആന്റ് സയൻസ് കോളേജ് വിദ്യാർഥിനി ഫിനു, ഫിസ എന്നിവർ മക്കൾ.            -എം