Wednesday , June   26, 2019
Wednesday , June   26, 2019

ഷാനിമോളുടെ പരാജയം പ്രവചിച്ച മുഹമ്മദലി 

പിന്നിട്ട വാരത്തിൽ ചാനലുകളിലെ പ്രധാന ആഘോഷം എക്‌സിറ്റ് പോൾ പ്രഖ്യാപനമായിരുന്നു. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഉടനെ ദേശീയ മാധ്യമങ്ങളും മലയാള ചാനലുകളും പ്രഖ്യാപനം തുടങ്ങി. മാതൃഭൂമി ന്യൂസിൽ ആധികാരികമായി പ്രഖ്യാപനം തുടങ്ങിയത് കാസർകോട് ലോക്‌സഭാ മണ്ഡലത്തിന്റെ കാര്യം പറഞ്ഞ്. രാജ് മോഹൻ ഉണ്ണിത്താനെന്ന കോൺഗ്രസ് സ്ഥാനാർഥി ഏഴ് ശതമാനത്തിന് മുകളിൽ. അത് കഴിഞ്ഞ് കണ്ണൂരിന്റെ കാര്യം പറഞ്ഞു: യു.ഡി.എഫിലെ കെ. സുധാകരൻ ജയിക്കും തീർച്ച. ഏറ്റവും ശക്തമായ പോരാട്ടത്തിന്റെ വേദിയായ വടകരയിൽ മുരളിയുടെ ജനപ്രീതി അഞ്ച് ശതമാനം കൂടുതൽ. അതുകൊണ്ട് ജയം ഉറപ്പ്. കോഴിക്കോട്ടെത്തിയപ്പോൾ മാതൃഭൂമി ചാനലിന് നേരിയ സംശയം. ഫോട്ടോ ഫിനിഷാണ്. തീർത്ത് പറയാനാവില്ല. പ്രദീപോ, രാഘവനോ ജയിക്കാനിടയുണ്ട്. പാലക്കാട്, തിരുവനന്തപുരം പ്രവചനങ്ങൾ മറ്റു ചാനലുകളിലെ പോലെ മാതൃഭൂമിയിലും പാളി. ഇതേ ദിവസം മനോരമ ന്യൂസ് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിച്ചിരുന്നു. ന്യൂസ് 18 ആണ് സർവ ക്രെഡിബിലിറ്റിയും നശിപ്പിച്ചത്. കേരളത്തിൽ ഇടത് മുന്നേറ്റം പ്രവചിച്ച ഏക ചാനലാണിത്. മാതൃഭൂമി ന്യൂസിൽ ഫല പ്രഖ്യാപനവും ചർച്ചയും നടക്കുമ്പോൾ ഇടത് പ്രതിനിധിയായി പങ്കെടുത്ത അഡ്വ. റഹീം എല്ലാറ്റിനും സമാധാനം പറഞ്ഞ് പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുമ്പോഴാണ് ന്യൂസ് 18 ന്റെ കഥയറിയുന്നത്. സത്യസന്ധമായ എക്‌സിറ്റ് പോളുകൾ പുറത്തു വിടുന്ന ചാനലുകൾ വേറെയുമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനത്തിന്റെ ചൂട് കുറച്ചത്. കൈരളിയുടെ ചാനലുകൾ അത്ര സീരിയസല്ലെന്ന വിമർശനം പലരും ഉന്നയിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത്തരക്കാർക്കെല്ലാം മറുപടിയാണ് ജോൺ ബ്രിട്ടാസ് പുറത്തു വിട്ട എക്‌സിറ്റ് പോൾ. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞ പോലെയായി ഈ പോൾ റിപ്പോർട്ട്. വടകരയിൽ പി.ജെ ജയിക്കുമെന്ന് പറഞ്ഞതിനെ വിട്ടു കളയാം. പാർട്ടി ചാനലിൽ പിന്നെ എതിരാളി ജയിക്കുമെന്ന് പറയാൻ പറ്റുമോ? ദേശീയ ചാനലുകളുൾപ്പെടെ എല്ലാവരും ഉറപ്പിച്ച തിരുവനന്തപുരത്തെ ശശി തരൂരിന്റെ തോൽവി തിരുത്തി പറഞ്ഞു കേട്ടത് കൈരളിയുടെ എക്‌സിറ്റ് പോളിൽ മാത്രമാണ്. അത് ശരിയാവുകയും ചെയ്തു. വെൽ ഡൺ, സഭാഷ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മികച്ചു നിന്നത് 24 ചാനലാണ്. സ്‌ക്രീനിൽ പ്രേക്ഷകർക്ക് എല്ലാ വിവരങ്ങളും ലഭ്യമാക്കിയെന്നതിനൊപ്പം സംപ്രേഷണത്തിലെ സാങ്കേതിക മികവും ശ്രദ്ധേയമായി. കൈരളിയിൽ ഓരോ മണ്ഡലത്തിലേയും ഫലം പ്രഖ്യാപിച്ചതിനൊപ്പം ഫ്‌ളൈറ്റ് പറന്നുയർന്നത് കൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമല്ല. 
*** *** ***
ദേശീയ ചാനലുകളിൽ ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും എൻഡിഎ മുന്നണി തന്നെ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൈവന്ന രീതിയിലുള്ള ഭൂരിപക്ഷം പറയാൻ കഴിഞ്ഞത് ടുഡേയ്‌സ് ചാണക്യയ്ക്കാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മിക്കവരും എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. മൃഗീയ ഭൂരിപക്ഷം പ്രവചിച്ചത് ടുഡേയ്‌സ് ചാണക്യ മാത്രമായിരുന്നു. 
2019 ലും കാര്യങ്ങൾ വ്യത്യസ്തമല്ല. എൻഡിഎ മുന്നണിക്ക് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിച്ചത് 350 സീറ്റുകൾ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ  350 സീറ്റുകൾ എൻഡിഎ മുന്നണി സ്വന്തമാക്കി. യുപിഎ മുന്നണിക്ക് 95 സീറ്റുകൾ ആയിരുന്നു ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത്. അതിൽ മാത്രം ചെറിയൊരു പിഴവ് പറ്റി. യുപിഎ വെറും 83 സീറ്റുകളിൽ ഒതുങ്ങി. എക്‌സിറ്റ് പോളുകളിൽ ഏറ്റവും വിമർശനം കേട്ടത് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനങ്ങളായിരുന്നു. അത്രയധികം പിഴവുകളുണ്ടായിരുന്നു  സർവേ ഫലങ്ങളിൽ. വൈകാതെ അതെല്ലാം തിരുത്തുകയും ചെയ്തു. 
*** *** ***
അടുത്തിടെ ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റിയതിനെക്കുറിച്ചാണ് ശശി തരൂരിന് പറയാനുള്ളത്. ഒന്നും രണ്ടുമല്ല 56 എക്‌സിറ്റ് പോളുകളാണ് ഓസ്‌ട്രേലിയയിൽ തെറ്റിപ്പോയത്. ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് തരൂർ പ്രതീക്ഷിച്ചത്.  നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസും ലിബറൽ പാർട്ടിയും തകർന്നടിയുമെന്നായിരുന്നു ഓസ്‌ട്രേലിയയിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ. ലേബർ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും  പ്രവചനമുണ്ടായി. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ സ്‌കോട്ട് മോറിസിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എല്ലാ എക്‌സിറ്റ് പോൾ പ്രവചനങ്ങളും തകിടം മറിയുകയും ചെയ്തു. 

*** *** ***
കോടികൾ മറിയുന്ന ബിഗ് ബിസിനസാണ് ലോകമെങ്ങും നടക്കുന്ന സർവേകൾ. സമൂഹ മാധ്യമങ്ങളിൽ വിഹരിക്കുന്ന  ചിലരൊക്കെ വിചാരിക്കുന്നത് പോലെ ആരെങ്കിലും എന്തെങ്കിലും തട്ടി വിടുന്നതല്ല. ഇന്ത്യയിലും അമേരിക്കയിലും ജർമനിയിലും മറ്റും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മുൻകൂട്ടി ധാരണ ലഭിക്കാൻ അഭിപ്രായ വോട്ടെടുപ്പുകൾ സഹായകമാവാറുണ്ട്. ജിദ്ദയിലെ വീട്ടമ്മമാരുടെ പോലും സേവനമുപയോഗപ്പെടുത്തി  ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്കായി മാർക്കറ്റ് സർവേ നടത്താറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു അവധിക്കാലത്ത് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്റെ  ടെലിഫോൺ അന്വേഷണം വന്നതോർക്കുന്നു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ കൃത്യം ഒരു വർഷമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ  ഓഫർ. എല്ലാ മാസവും തുടർച്ചയായി മലബാർ ജില്ലകളിൽ നിന്നുള്ള ഫീഡ് ബാക്ക് ചെന്നൈയിലെ ദക്ഷിണേന്ത്യാ ആസ്ഥാനത്തേക്ക് അയച്ചു കൊടുക്കാൻ പറ്റുമോ എന്നതായിരുന്നു ചോദ്യം. ആകർഷകമായ പ്രതിഫലം ലഭിക്കും. ഡാറ്റ ശേഖരണത്തിന്റെ രീതി, സാമ്പിൾ സെലക്ഷൻ എല്ലാം അദ്ദേഹം വിവരിച്ചു. ഒരു മാസം മാത്രം ഇന്ത്യയിൽ നിൽക്കുന്ന ഒരാൾക്ക് ചെയ്യാനാവാത്ത ജോലിയാണെന്നതിനാൽ ഓഫർ നിരസിച്ച് മറ്റൊരാളെ നിർദേശിക്കുകയായിരുന്നു. സർവേകൾ സംബന്ധിച്ച് വ്യക്തമായ ധാരണ കൈവന്നുവെന്നത് ഇതു കൊണ്ടുണ്ടായ നേട്ടം. 

*** *** ***
ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി മലയാളി യുവാവ് നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചാണ് നാദാപുരം സ്വദേശി മുഹമ്മദലി പി കെ ഏവരുടെയും കൈയടി നേടുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. ഏപ്രിൽ നാലാം തീയതി ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. പോസ്റ്റിന് താഴെ അന്ന് നിരവധി പേർ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവർ മുതൽ സ്വന്തം പ്രവചനങ്ങൾ ചുവടെ ചേർത്തവർ വരെയുണ്ട് പ്രതികരിച്ചവരിൽ. 

*** *** ***
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമോ ടിവി അപ്രത്യക്ഷമായി. മാർച്ച് 26 നാണ് നമോ ടിവി ലോഞ്ച് ചെയ്തത്. പ്രധാനമന്ത്രി മോഡിയുടെ റാലികൾ, അഭിമുഖങ്ങൾ, മോഡി സർക്കാരിന്റെ പദ്ധതികളെ പ്രൊമോട്ട് ചെയ്യുന്ന സിനിമകൾ തുടങ്ങിയവയെല്ലാമാണ് നമോ ടിവി പ്രദർശിപ്പിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സെറ്റ് ടോപ് ബോക്‌സിൽ നിന്ന് ചാനൽ അപ്രത്യക്ഷമായിരിക്കുകയാണ്. നമോ ടിവിയുടെ സംപ്രേഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതൊരു അഡ്വർടൈസ്‌മെന്റ് പ്ലാറ്റ്‌ഫോം ആണെന്നും, ആയതിനാൽ ഇടപെടാനാകില്ലെന്നും ബിജെപി ഡിടിഎച്ച് ഓപറേറ്റർമാർ വഴി എത്തിക്കുന്നതാണെന്നും ഇതിന് ലൈസൻസ് ആവശ്യമില്ല എന്നുമായിരുന്നു ഐ ആൻഡ് ബി മന്ത്രാലയത്തിന്റെ മറുപടി. നിശ്ശബ്ദ പ്രചാരണ സമയത്ത് മോഡിയുടെ നമോ ടിവി സംപ്രേഷണത്തിന് അനുമതി നൽകിയതും  വിവാദമായിരുന്നു. 
*** *** ***
എല്ലായിടത്തും സഖാക്കൾ തോറ്റപ്പോൾ ആലപ്പുഴയിലെ ആരിഫ് മാത്രമെങ്ങനെ ജയിച്ചുവെന്ന് തല പുകഞ്ഞ് ആലോചിച്ചിരിക്കുമ്പോൾ അതിനും ഉത്തരമായി. അരൂരിലെ ഈഴവർ വോട്ട് ചെയ്തത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് നവോഥാന നായകൻ വെള്ളാപ്പള്ളി നടേശൻ. അപ്പോഴതാ ഭീകരമായ സഹകരണ സിദ്ധാന്തവുമായി പൂഞ്ഞാർ എം.എൽ.എ വരുന്നു. കേരളത്തിൽ ഇത്തവണ എൻ.ഡി.എയ്ക്ക് ഒറ്റ സീറ്റും ലഭിക്കരുതെന്ന കാര്യത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റും ഒറ്റക്കെട്ടായിരുന്നു. രണ്ട് കൂട്ടരുടേയും ഉന്നത നേതാക്കൾ രഹസ്യ യോഗം ചേർന്നൊരു തീരുമാനമെടുത്തു. ധാരണ പ്രകാരം മാർക്‌സിസ്റ്റുകാർ വോട്ടെല്ലാം കോൺഗ്രസിന് ചെയ്തു. കോൺഗ്രസ് തനി സ്വഭാവം കാട്ടി. തിരിച്ച് വോട്ട് ചെയ്തതുമില്ല. 
സോ സിമ്പിൾ. പത്തനംതിട്ടയിലെ സുരേന്ദ്രന് പൂഞ്ഞാറിലാണ് ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത്. അതിനെ പറ്റിയുള്ള താത്വിക അവലോകനത്തിന് കാത്തിരിക്കാം.
 

Latest News