Thursday , June   20, 2019
Thursday , June   20, 2019

മക്ക ഉൾപ്പെടെ സൗദിയിൽ കനത്ത മഴ

മഴക്കു ശേഷം ബല്ലസ്മറിലെ പ്രകൃതിഭംഗി മുഹമ്മദ് അൽഖറനി ക്യാമറയിൽ പകർത്തിയപ്പോൾ 

*നജ്‌റാനിൽ വ്യാപക നാശനഷ്ടം

മക്ക- കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിച്ചത് പ്രകാരം തായിഫ്, മക്ക, അസീർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഭേദപ്പെട്ട രീതിയിൽ മഴ പെയ്തു. മക്കയിൽ  വൈകുന്നേരം നാല് മുതൽ അഞ്ച് മണി വരെയാണ് ഇടിമിന്നലോട് കൂടി നേരിയ തോതിൽ മഴ അനുഭവപ്പെട്ടത്. 
അന്തരീക്ഷം മേഘാവൃതമായി കാണപ്പെടുന്നതിനാൽ താഴ്‌വാരങ്ങളിൽ നിന്നും വെള്ളക്കെട്ടുകളുടെ സമീപത്തുനിന്നും അകന്നുനിൽക്കണമെന്ന് തായിഫ് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. തായിഫിന് സമീപം മൈസാൻ മേഖലയിലെ വാദി ഫലീഹയിൽ വെള്ളിയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുടുങ്ങിയ ഒരു കുടുംബത്തെ സ്വദേശി യുവാവ് രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ച ജി.എം.സി കാർ തന്റെ ട്രാക്റ്ററിൽ കെട്ടി വലിച്ചുകയറ്റിയാണ് മുഹമ്മദ് ബിൻ ആയിശ് അൽസുബൈത്തി ഇവരുടെ ജീവൻ രക്ഷിച്ചത്. തന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും ഇതുതന്നെ ചെയ്യുമായിരുന്നുവെന്നും ഇത് തന്റെ മതപരമായ ബാധ്യതയാണെന്നുമാണ് യുവാവിന്റെ പ്രതികരണം. 
വ്യാഴാഴ്ച മുതൽ മഴ കനത്തു പെയ്യുന്ന നജ്‌റാനിൽ ഉംലജ്, അൽഫഹദ് ജില്ലകളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ ഗതാഗത, ജലസേചന സേവനങ്ങൾ താറുമാറായി. ഏതാനും മാസങ്ങൾക്ക് മുമ്പ് തുറന്ന അൽനഖ്ആ- ബിഅ്ർ അസ്‌കർ റോഡും സഖിയ്യ്- ഇർഖാൻ റോഡും ചില ഭാഗങ്ങളിൽ ടാർ ഒലിച്ചു പോയതിനെ തുടർന്ന് അടച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പ്രദേശവാസികൾ പദ്ധതി നടത്തിപ്പിലെ പാളിച്ചയാണ് റോഡ് തകരാൻ ഇടയാക്കിയതെന്നും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. മഴ കാരണം പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തിയെന്ന് നജ്‌റാൻ സിവിൽ ഡിഫൻസ് അതോറിറ്റിയും വെളിപ്പെടുത്തി. 
അതിശക്തമായ മഴയെ തുടർന്ന് അസീർ പ്രവിശ്യയിലെ വാദി റഅ്‌ലയിൽ റോഡ് പാടെ തകർന്നു. മുഹായിൽ അസീറിനെയും ബഹ്ർ അബൂസകീന മർകസിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ കാരണം നിരവധി ജീവനുകൾ ഇവിടെ വാഹനാപകടങ്ങളിൽ പൊലിഞ്ഞതായി നാട്ടുകാർ പറഞ്ഞു. 
ബൽഖറൻ മേഖലയിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ കാരണം സബ്തുൽ അലായിലെ വാദി ശയ്ബാന അണക്കെട്ട് കരകവിഞ്ഞൊഴുകി. പ്രദേശത്ത് ചൂടിന് മഴ വലിയതോതിൽ ആശ്വാസം പകർന്നു. ഇന്നലെയും അഫ്രാ പട്ടണത്തിൽ ഭേദപ്പെട്ട രീതിയിൽ മഴ പെയ്തു. 
കനത്ത മഴയെ തുടർന്ന് അസീർ പ്രവിശ്യയിലെ ബല്ലസ്മറിൽ അരുവികളും താഴ്‌വാരങ്ങളും നിറഞ്ഞുകവിഞ്ഞത് പ്രകൃതി മനോഹരമായ ദൃശ്യവിരുന്നൊരുക്കി. പച്ചപിടിച്ച വൃക്ഷലതാദികളും പർവതങ്ങൾക്കും അരുവികൾക്കും ഇടയിൽ മഴവെള്ളം വെള്ളച്ചാട്ടങ്ങൾ സൃഷ്ടിച്ചതുമായ പ്രദേശത്തിന്റെ കാഴ്ച മുഹമ്മദ് മൻസൂർ അൽഖറനി ക്യാമറയിൽ പകർത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ അത് പങ്കുവെച്ചു. 

 

Latest News